Saturday, May 2, 2015

മൂന്നു വരിയിലെ ചെറു ചിന്തകള്‍ !!

മായതൊരോർമ്മയായ് 
നീയെന്നിൽ
മഴനൂല്‍ക്കനവുപോലിന്നും...


പുനര്‍ജ്ജനി തേടുന്നു ..
അസ്തമിച്ച മോഹങ്ങള്‍.
അകലെയൊരു കുയില്‍ നാദം!!


മണ്ണുമാന്തികളുടെ തേരോട്ടത്തിൽ 
മണ്ണടിഞ്ഞുപോയ തൂമ്പയും കലപ്പയും.
ഇന്ന്പഴമയുടെ മനോചിത്രം മാത്രം!!


വിശന്നൊട്ടിയ വയറുമായി ആയിരങ്ങള്‍.
ആഘോഷത്തിമര്‍പ്പില്‍ ആകാശത്തു
പൊട്ടിവിരിയുന്നു ലക്ഷങ്ങള്‍


ഇണങ്ങിയപ്പോള്‍ അവളൊരു മാലാഖ.
പിണങ്ങിയപ്പോഴോ...മായാ ജാലക്കാരി
ഈ മനുഷ്യരുടെ ഒരു മനസ്സേ...?


വാകമരച്ചോട്ടിലെ തണല്‍പ്പായയില്‍
കഥ പറയുന്ന രണ്ടിണക്കിളികള്‍ !!
ഓര്‍മ്മയുടെ വഴിയടയാളമായെന്‍ കലാലയം.


മരവിച്ച മനസ്സിലിന്നും
പതിനേഴിന്‍ തിളക്കവുമായി
മരിക്കാത്ത ഓര്‍മ്മകള്‍..


എഴുതാന്‍ മറന്ന ചില ഏടുകള്‍
മറഞ്ഞു കിടപ്പുണ്ടിന്നും
ജീവിത പുസ്തകത്തില്‍ !!!


ജാലക വാതിലിലൂടെ 
ഒളിഞ്ഞു നോക്കുന്നുണ്ട് പുലരിപ്പെണ്ണ്‍.
വിട്ടു തരില്ലെന്ന് കമ്പിളിപുതപ്പ്.


ഓര്‍മ്മകളിന്നും പള്ളിമേടയിലുണ്ട് !!
നിന്നേയും കാത്തിരുന്ന
ഞായറാഴ്ചകളെയോര്‍ത്ത്...


സര്‍വ്വം സഹയായ ഭൂമിയും 
ഒരു നാള്‍ പൊട്ടിത്തെറിക്കും !!
മാനവ ക്രൂരതയില്‍ മനം മടുത്ത്....


ഇരുള്‍ നിറഞ്ഞ ഒറ്റയടി പാതകളില്‍
ഓര്‍മ്മതന്‍ മുള്ളാണികള്‍ !!
തുളച്ചു കയറുന്നത് മനസ്സിലേക്കാണ്..


പറന്നു നടക്കുന്നു 
ദേശാടനപ്പക്ഷികള്‍
ശാന്തമായ മരുപ്പച്ചയെവിടെ?


വിതുമ്പിയൊഴുകുന്നു
രണ്ടു കുഞ്ഞരുവികൾ
നോവുന്ന അമ്മമനം.


സത്യമോ,മിഥ്യയോ?:
പെൺമനസ്സിന്നാഘോഷം;
അക്ഷയ തൃതീയ.


ഇടനെഞ്ചു പൊട്ടും വേദനയിലും, 
കിലുങ്ങി ചിരിക്കുന്നു.
നിന്‍ ബാല്യത്തിന്‍ കൊഞ്ചലുകള്‍


ഉറ്റവർ തൻ സ്വപ്നങ്ങള്‍ക്ക്
നിറപ്പകിട്ടേകാൻ ചുമലിൽ
ചായക്കൂട്ടുകളും പേറി പ്രവാസി


മഴവില്ലിന്റെ കണ്ണുനീരിലും !!
തെളിയുന്നത് നിന്റെ -
രൂപം മാത്രം....


വരാത്ത ഉണ്ണിക്കായ്
വഴിക്കണ്ണുമായൊരമ്മ;
വാടിക്കരിഞ്ഞ കൊന്നപ്പൂക്കള്‍


നട്ടുച്ചക്കും ,
കുളിരേകും തുണയായി ..
നിന്‍ നിഴല്‍...!


മേഘം പ്രസവിച്ച
ആലിപ്പഴക്കുഞ്ഞുങ്ങളെ
ഭൂമി ഏറ്റുവാങ്ങി ഉമ്മ വച്ചു


പായല്‍പ്പിടിച്ച മനസ്സില്‍ 
പൂപ്പല്‍ പിടിച്ച ചിന്തകള്‍ .
വറ്റിവരണ്ട പുഴ


ചുട്ടു പൊള്ളമീ
മണൽക്കാട്ടിലുംകുളിർമ്മ-
യായുണ്ട് നിന്നോർമ്മകൾ.


സൗഹൃദം നടിച്ചിട്ട്
ചൂഷണം ചെയ്യുന്നോരെ
എന്തു നാം വിളിക്കേണ്ടൂ..?


ഒഴിഞ്ഞ ക്ലാസ് റൂമില്‍ ,
ഞാനും എന്റെ ഓര്‍മ്മകളും
മൌനം വാചാലം




2 comments:

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...