Friday, May 29, 2015

മനസ്സില്‍ തോന്നിയ മൂന്നു വരികള്‍!!

ഇന്നലെ അച്ഛന്റെ വിയർപ്പിന്‍ 
കഞ്ഞി കുടിച്ച മക്കൾക്ക്‌..
ഇന്ന് ആ കണ്ണീരിനു പുച്ഛ രസം!!

അല്പം വെളിച്ചം 
കാത്തു കിടക്കുന്നു..
തെക്കേമുറിയിലൊരു ചാരുകസേര !!


വഴി മാറുന്നുവോ? 
വീട്ടിലെ നില വിളക്കുകള്‍ , 
വൃദ്ധസദനങ്ങളിലേക്ക് !!


ആകാശമുത്തശ്ശിയുടെ പരിഭവം മാറ്റാന്‍ , 
മത്താപ്പൂ കത്തിക്കുന്നു 
നക്ഷ്ത്ര കുഞ്ഞുങ്ങള്‍!!


അമ്മതന്‍ സ്നേഹത്തില്‍ ചാലിച്ച 
പയറു പൊടിയോളം വരുമോ? 
ഇന്നത്തെ വാസന സോപ്പ് !!


അമ്മതന്‍ സ്നേഹത്തില്‍ ചാലിച്ച 
പയറു പൊടിയോളം വരുമോ? 
ഇന്നത്തെ വാസന സോപ്പ് !!


പാവങ്ങളുടെ കുടിൽ പൊളിച്ചു 
കൊട്ടാരം പണിയും പോലെയാണ് ,
ചിലർ സ്വന്തം ജീവിതം കെട്ടിപ്പൊക്കുന്നത് .


അണുകുടുംബത്തിലെ 
ബൊൻസായ് കുഞ്ഞുങ്ങൾ .
അകന്നു പോകുന്ന കുടുംബ ബന്ധങ്ങൾ!!



അനുഭവച്ചൂട് 
കണ്ണിലൂടിറങ്ങിയപ്പോൾ 
ഉള്ളിയെ പഴിചാരുന്ന അമ്മ 


നിശ്ച്ചലമീ ഇലകൾ .
ഹോ.... എന്തൊരു ചൂട് .
വീണു പിടയുന്ന പക്ഷി


കൗതുകക്കണ്ണുമായ്
കാത്തിരിപ്പൂ ഞാൻ
പാറിയോ മഴത്തുമ്പി 


കനവിൽ വിരിയും 
കിനാപ്പൂക്കൾക്കെ ന്തേ 
ഇന്നും നിന്നഴക്.....


മണ്ണിനെ പുണരുന്നു മഴത്തുള്ളികള്‍ 
മനസ്സിലിന്നും ഞാനൊരു 

പാവാടക്കാരിയായി..

നല്ലകാലത്ത് മദ്യത്തെ പ്രണയിച്ച 
അയാളുടെ കരളിനെ രക്ഷിക്കാൻ 
ഒടുവിൽ 
അവളുടെ കരൾ വേണ്ടി വന്നു.


വെയിലേറ്റു വാടാതെ മഴയത്ത് കൊഴിയാതെ 
ഹൃദയോദ്യാ നത്തിലെൻ സൌഹൃദപ്പൂക്കൾ .
ഓര്മ്മകളുടെ തെളിനീരുമായെൻ മനം !!


നരച്ച ചിന്തകള്‍ക്കു മീതെ 
വിയര്‍ക്കുന്നുണ്ട് 
ഇന്നിന്റെ പ്രതീക്ഷകള്‍...


കടല്‍ത്തിര മടങ്ങിയിട്ടും
കാന്തനെ തിരയുന്നു പിടയുന്ന മിഴികള്‍.
പെയ്തൊഴിയാത്ത മേഘങ്ങള്‍!!


ഇടനെഞ്ചില്‍ നെരിപ്പോടെരിയുമ്പോഴും
എല്ലാം മറക്കും ഞാന്‍ പൂമുഖത്തെന്റെ
അമ്മയെ കാണുമ്പോള്‍...


ശാസ്ത്രത്തിനൊപ്പംഓടിത്തളര്‍ന്നു
വ്യാധിയിലെത്തി-
ക്കിതയ്ക്കുന്നു നമ്മൾ.


ഇടമില്ലെന്നറിഞ്ഞിട്ടും കരളിന്റെ 
ചില്ലയില്‍ ചേക്കേറുവാന്‍ ഒരുങ്ങുന്നു..
ചില അനുരാഗക്കിളികള്‍.


സങ്കടക്കടൽ വഴിമാറുന്നു !!
മക്കള്‍ തന്‍ പുഞ്ചിരിപ്പൂമുഖം
കാണുന്ന വേളയില്‍ ...


പകല്‍ മാന്യത 
ഊരിയെറിയുന്നു
രാവിന്റെ പിന്നാമ്പുറങ്ങളില്‍


എന്റെ മൗന തീരത്തിന്നും
നീന്തി തുടിക്കുന്നുണ്ട് വസന്തമാം 
നിന്നോര്‍മ്മകള്‍...


മഴനൂലിന്‍ തലോടലില്‍ 
പാട വരമ്പില്‍ ഓടിക്കളിച്ച ബാല്യമിന്നു
നാലു ചുമരുകള്‍ക്കുള്ളില്‍ ഉരുകി തീരുന്നു.







No comments:

Post a Comment

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...