Monday, November 29, 2021

വീട്ടിലേക്കുള്ള വഴി

 വീട്ടിലേക്കുള്ള വഴി

********************

ഒരു നാൾ എനിയ്ക്കുമുണ്ടായിരുന്നു;

കലപിലകൂടും കുരുവികളും

കളകളം പാടുന്നൊരരുവിയും പാടവും

താളം പിടിച്ചൊരു കുഞ്ഞുനാട്!


ആ നാട്ടുവഴികളിന്നെങ്ങുപോയി?

കരിയിലപ്പക്ഷികൾ തുള്ളിക്കളിക്കുന്ന

നന്മകൾ പൂക്കുന്ന കാവും തുളസിയും

കുളിരണിയിച്ചൊരാസ്നേഹവീട്?....


കാണുന്നില്ലാ വീട്ടുവഴികളൊന്നും

കാടുപിടിച്ച മനസ്സുമാത്രം!

കാട്ടുപൂവിന്റെ മണവുമില്ല

സ്വാർത്ഥങ്ങൾതൻ നിഴലാട്ടമെങ്ങും!


ഗതകാലജീവിതം വെച്ചുനീട്ടും

സ്വപ്‌നങ്ങൾ ചുറ്റിലുമാടിടുമ്പോൾ

പഴിചൊല്ലിപ്പിരിയാതെ മാടിവിളിക്കുന്നു

നിശ്ശബ്ദമെന്നെയീനാട്ടുപാത!


വീട്ടിലേക്കുള്ള വഴി

എനിക്കുമുണ്ടായിരുന്നൊരുനാൾ,

കലപിലകൂടുന്ന കുഞ്ഞിക്കുരുവികളും

കളകളം പാടുന്ന കുഞ്ഞരുവികളും

താളം പിടിച്ചൊരു കുഞ്ഞു നാട്ടുവീട്.


എവിടെപ്പോയിന്നാ നാട്ടുവഴികൾ,

കരിയിലപ്പക്ഷികൾ തുള്ളിക്കളിക്കുന്ന

നന്മകൾ പൂക്കുന്ന തുളസിത്തറയും 

മനം കുളിരണിയിച്ച സ്നേഹവീട്?.


കാണുന്നില്ലാ വീട്ടുവഴികളൊന്നും

കാടുപിടിച്ച മനസ്സുകൾ മാത്രമെങ്ങും.

കാട്ടുപൂക്കളുടെ മണവുമില്ലെവിടെയും

സ്വാർത്ഥതയുടെ നിഴലാട്ടങ്ങൾ മാത്രം!


പ്രവാസജീവിതം ബാക്കിയാക്കിയ സ്വപ്‌നങ്ങൾ

ചുറ്റിലും നിഴൽക്കൂത്താടുമ്പോൾ

പഴിചൊല്ലിപ്പിരിയാതിന്നും മാടിവിളിക്കുന്നു

യാത്രമുടങ്ങിയ സഞ്ചാരിക്കായാവീട്ടുവഴി!

Thursday, November 25, 2021

സ്ത്രീധനം

സ്ത്രീതന്നെ ധനമെന്നറിഞ്ഞീടേണം

ശ്രീയായി നിത്യം വിളങ്ങിടേണം

കുടുംബത്തിൻ വിളക്കായ്  ജ്വാലിച്ചീടണം 

പെരുമയോടെയെന്നും നിറഞ്ഞീടണം.


സ്ത്രീധനമെന്നൊരു വ്യാധിയെ നിത്യവും,

ശക്തമായ്തന്നെ തുരത്തിടേണം.

പെണ്ണവൾ, ശക്തിയായ് വളരുമിക്കാലത്തും

സ്ത്രീധനം ശാപമായ് നിൽക്കയെന്നോ?


മക്കൾക്കു വിദ്യയായൂർജ്ജമേകൂ,

സ്വന്തമായ് നിൽക്കാൻ പഠിച്ചിടട്ടെ.

സ്ത്രീധനമെന്ന വിപത്തൊഴിഞ്ഞീടുവാ-

നൊരുമയിൽ കൈകോർത്തു മുന്നേറിടാം!

Monday, November 15, 2021

ഇരുളും വെളിച്ചവും

ഇരുളിൻ മറുപാതി വെളിച്ചെമെന്നറിഞ്ഞു

അഴലിൽ ഉഴലാതെ ജീവിക്കുക നാം

ജീവിതവീഥിയിൽ ഇരുൾപരത്തും ദുഃഖത്തെ,

വകഞ്ഞു മാറ്റുന്നു സൗഹൃദവെളിച്ചങ്ങൾ.


ഇരുട്ടിൻ കമ്പളം വാരി പുതയ്ക്കുമ്പോൾ

ചെറു സുഷിരങ്ങളിലൂടെയെത്തുന്ന തരിവെട്ടം

താരകങ്ങളായി ഗഗനത്തിൽ മിന്നുമ്പോൾ

പ്രതീക്ഷയായി പുൽകുന്നു പുലർകാലകിരണം.


ഏകാന്തതയുടെ ഇരുൾപ്പടവിലിരുന്നു കൊണ്ടു

മോഹഭംഗങ്ങളെ താലോലിക്കുമ്പോൾ

മിന്നാമിനുങ്ങിൻ പ്രകാശംപ്പോലെയെത്തുന്നു

പുതുവെളിച്ചെവുമായി നവപ്രത്യാശകൾ.






Monday, November 1, 2021

എന്റെ കേരളം

മലയാളിയായി പിറന്നോരെല്ലാം 

മലയാളനാടിൻ മഹത്വമറിയണം.

മാമലനാടിന്റെ സംസ്കൃതി കാത്തിടാൻ

മാലോകരേ നമ്മൾക്കൊത്തു ചേരാം.


കുളിരലപോലെ തഴുകിയുണർത്തുന്ന

കവിതകൾ വിരിയും നാടല്ലോ കേരളം.

കലയും സംസ്കാരവുമൊത്തുചേരുമീ

കേരളത്തിൽ ജനിച്ച നാമെത്ര ധന്യർ!


കേരത്തിൻകേദാരമായൊരു നാട്ടിലി-

ക്കേരവും വിസ്മൃതിയിലാവുന്നുവോ?

കരളിന്നുകുളിരേകും സുന്ദരക്കാഴ്ചകൾ 

കരളുരുക്കുന്നുവോ കണ്ണുനീരിൽ?


മധുരമാമോർമ്മകൾ പൂവിട്ടൊരക്കാലം

മലയാളനാടിൻ സുവർണ്ണകാലം.

മാനവസ്നേഹമന്ത്രങ്ങൾ ജപിച്ചുകൊ-

ണ്ടെങ്ങും മഹാന്മാർ ജനിച്ച ദേശം!


ദൈവ ചൈതന്യം തുടിയ്ക്കുന്ന നാടിതിൽ

ദുഃഖവും ദുരിതവുമേറുന്നുവോ?

ദുഷ്ടതകളെല്ലാം തുടച്ചു മാറ്റാം, നിത്യ-

മൊരുമയാൽ നാടിനെ സ്വർഗ്ഗമാക്കാം!





ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...