എനിക്കുമുണ്ടായിരുന്നൊരുനാൾ,
കലപിലകൂടുന്ന കുഞ്ഞിക്കുരുവികളും
കളകളം പാടുന്ന കുഞ്ഞരുവികളും
താളം പിടിച്ചൊരു കുഞ്ഞു നാട്ടുവീട്.
എവിടെപ്പോയിന്നാ നാട്ടുവഴികൾ,
കരിയിലപ്പക്ഷികൾ തുള്ളിക്കളിക്കുന്ന
നന്മകൾ പൂക്കുന്ന തുളസിത്തറയും
മനം കുളിരണിയിച്ച സ്നേഹവീട്?.
കാണുന്നില്ലാ വീട്ടുവഴികളൊന്നും
കാടുപിടിച്ച മനസ്സുകൾ മാത്രമെങ്ങും.
കാട്ടുപൂക്കളുടെ മണവുമില്ലെവിടെയും
സ്വാർത്ഥതയുടെ നിഴലാട്ടങ്ങൾ മാത്രം!
പ്രവാസജീവിതം ബാക്കിയാക്കിയ സ്വപ്‌നങ്ങൾ
ചുറ്റിലും നിഴൽക്കൂത്താടുമ്പോൾ
പഴിചൊല്ലിപ്പിരിയാതിന്നും മാടിവിളിക്കുന്നു
യാത്രമുടങ്ങിയ സഞ്ചാരിക്കായാവീട്ടുവഴി!
No comments:
Post a Comment