മലയാളിയായി പിറന്നോരെല്ലാം
മലയാളനാടിൻ മഹത്വമറിയണം.
മാമലനാടിന്റെ സംസ്കൃതി കാത്തിടാൻ
മാലോകരേ നമ്മൾക്കൊത്തു ചേരാം.
കുളിരലപോലെ തഴുകിയുണർത്തുന്ന
കവിതകൾ വിരിയും നാടല്ലോ കേരളം.
കലയും സംസ്കാരവുമൊത്തുചേരുമീ
കേരളത്തിൽ ജനിച്ച നാമെത്ര ധന്യർ!
കേരത്തിൻകേദാരമായൊരു നാട്ടിലി-
ക്കേരവും വിസ്മൃതിയിലാവുന്നുവോ?
കരളിന്നുകുളിരേകും സുന്ദരക്കാഴ്ചകൾ
കരളുരുക്കുന്നുവോ കണ്ണുനീരിൽ?
മധുരമാമോർമ്മകൾ പൂവിട്ടൊരക്കാലം
മലയാളനാടിൻ സുവർണ്ണകാലം.
മാനവസ്നേഹമന്ത്രങ്ങൾ ജപിച്ചുകൊ-
ണ്ടെങ്ങും മഹാന്മാർ ജനിച്ച ദേശം!
ദൈവ ചൈതന്യം തുടിയ്ക്കുന്ന നാടിതിൽ
ദുഃഖവും ദുരിതവുമേറുന്നുവോ?
ദുഷ്ടതകളെല്ലാം തുടച്ചു മാറ്റാം, നിത്യ-
മൊരുമയാൽ നാടിനെ സ്വർഗ്ഗമാക്കാം!
No comments:
Post a Comment