Wednesday, March 30, 2022

കൂട്ട്

 കൂട്ട്

*****

ഇടറിവീണ മിഴിത്തുള്ളികൾ

കവിളത്തുമ്മവെച്ചപ്പോഴാണ്

വാത്സല്യചുംബനത്തിന്നോർമ്മയിൽ 

ചുണ്ടുകൾ വിറകൊണ്ടത്.

വിരഹത്തിന്റെ നൊമ്പരച്ചാലിലൂടെ

പറയാതെപറഞ്ഞ വാക്കുകൾ

ഉരുകിയിറങ്ങിയപ്പോൾ

പകച്ചുനിൽക്കുന്ന കാഴ്ചകൾ മാത്രം ബാക്കി..!!

ഇനിയൊരു യാത്ര? അറിയില്ല.....

എങ്കിലും

വറ്റാത്ത പ്രതീക്ഷയുണ്ട് കൂട്ടിനെന്നും!

Monday, March 28, 2022

അഭയാർത്ഥികൾ

ആരോരുമില്ലാതെയാലംബഹീനരായ്

ആകാശക്കീഴിലൊരു കൂരയില്ലാത്തവർ 

സനാഥർക്കിടയിലുമെങ്ങുമനാഥരായ് 

തേങ്ങും മനസ്സുമായ് ജീവിച്ചിടുന്നവർ.


ഞങ്ങൾക്കുമവകാശമുണ്ടെന്നറിയുക

ഞങ്ങളും ഭൂമിയുടെ മക്കളല്ലോ..

ചുട്ടുപൊള്ളീടുന്ന ചിന്തകളാൽ മനം

പൊട്ടിപ്പിളർന്നാലും തേങ്ങുവാനാവുമോ?


സ്വപ്നശൂന്യം നിത്യമുള്ളമുരുകീടവേ

പ്രത്യാശ ഞങ്ങളുടെ കുഞ്ഞുമക്കൾ.

വിദ്യ നുകരേണ്ടൊരീപ്രായത്തിലന്യന്റെ

വീട്ടിലെച്ചിൽ തേടിയലയുവോരെപ്പൊഴും!


നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങീടുവാൻ

ഭീതിയില്ലാതൊന്നു തല ചായ്‌ക്കുവാൻ

വേണമൊരുകൂരയിന്നീമണ്ണിലെ ഞങ്ങൾക്കും

വിദ്യയാൽ മക്കളും സമ്പന്നരാവണം!

Monday, March 21, 2022

ജീവിതവീഥി

മെല്ലവേ പോവതുണ്ടിടവഴികളിലൂടെ

ആടുമേയ്ക്കുന്ന പെൺജീവിതക്കോലങ്ങൾ.

ചിന്തതൻ ഭാരവും നെഞ്ചിലേറ്റി, താളം

തെറ്റാതെ വയറുകൾ പോറ്റിടാനായ്!


ഭയമേതുമില്ലാതെ മുന്നോട്ടു നീങ്ങുവാൻ

ജീവിതമാറാപ്പിൽ ദുരിതങ്ങളേറെയു-

ണ്ടെങ്കിലും തളരാതെ ലക്ഷ്യത്തിലെത്തുവാൻ

വിതറുന്നു മോഹപ്പൂ വീഥിയിലൊക്കെയും!


കാലമിന്നെത്രയോ മാറിയെന്നാകിലും

ഇടവഴികൾ ടാറിട്ടവഴികളായെങ്കിലും

വിണ്ണോളമുയരുന്നു പെൺമോഹമൊക്കെയും

മാറിമറയുന്നിതാ ജീവചര്യാക്രമം!










 

 







Tuesday, March 15, 2022

ഗജവീരൻ

ഗജവീരനാണു ഞാനറിയില്ലയോ, ദേവ-

നടയിലാണുത്സവം കൊടിയേറവേ.

കാതടപ്പിക്കുന്ന ചെണ്ടമേളം, വെടി-

യൊച്ചകൾ, തല്ലുകൾ, ദാരിദ്ര്യവും!.


എങ്കിലും ഹരമത്രെ കാണുന്നവർക്കെല്ലാം,

തലകുലുക്കിത്തന്നെ നില്ക്കവേണം.

പൂരം തുടങ്ങിയാൽ മേളക്കൊഴുപ്പിനായ്

വേണമീവാരണമെന്നു സത്യം!


മസ്തകത്തിൽ ഞാൻ തിടമ്പേറ്റിനിൽക്കവേ

യോഗ്യനെന്നെന്നെ വാഴ്ത്തീടുമാരും!

വേദന സഹിക്കാതെയൊന്നിടഞ്ഞാലോ...

ഭീകരനെന്നും അവർ പുലമ്പും!!

Tuesday, March 1, 2022

എന്റെ ഗാന്ധിജി

 ദുരിതങ്ങളെത്രയോ ഏറ്റുവാങ്ങി 

ഭാരതമണ്ണിനെ സംരക്ഷിക്കാൻ 

ദുരിതർക്കു വെളിച്ചമേകിയോനെ 

മറവിയിലാഴ്ത്തുന്നുവോ മതഭ്രാന്തർ.. !


പിറന്നമണ്ണിന്റെ നലത്തിനായ് സ്വയം

സമർപ്പണം ചെയ്തു നയിച്ചഗാന്ധിജി

ഗമിച്ചതാം പാതയിലെന്റെ പാദവും 

ചരിക്കുവാൻ സംഗതി വന്നു ചേരുമോ?


കേട്ടറിഞ്ഞിട്ടുള്ളോരറിവിന്നുമപ്പുറത്തായ് ,

പഠിച്ചറിഞ്ഞിട്ടുള്ള വിശ്വാസങ്ങൾക്കുമപ്പുറം..

സ്നേഹവും ക്ഷമയും സഹനവുമായോരു പുണ്യം..

നിറഭേദമില്ലാത്ത, നാനാത്വമാണെൻ്റെ ഗാന്ധിജി

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...