ആരോരുമില്ലാതെയാലംബഹീനരായ്
ആകാശക്കീഴിലൊരു കൂരയില്ലാത്തവർ
സനാഥർക്കിടയിലുമെങ്ങുമനാഥരായ്
തേങ്ങും മനസ്സുമായ് ജീവിച്ചിടുന്നവർ.
ഞങ്ങൾക്കുമവകാശമുണ്ടെന്നറിയുക
ഞങ്ങളും ഭൂമിയുടെ മക്കളല്ലോ..
ചുട്ടുപൊള്ളീടുന്ന ചിന്തകളാൽ മനം
പൊട്ടിപ്പിളർന്നാലും തേങ്ങുവാനാവുമോ?
സ്വപ്നശൂന്യം നിത്യമുള്ളമുരുകീടവേ
പ്രത്യാശ ഞങ്ങളുടെ കുഞ്ഞുമക്കൾ.
വിദ്യ നുകരേണ്ടൊരീപ്രായത്തിലന്യന്റെ
വീട്ടിലെച്ചിൽ തേടിയലയുവോരെപ്പൊഴും!
നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങീടുവാൻ
ഭീതിയില്ലാതൊന്നു തല ചായ്‌ക്കുവാൻ
വേണമൊരുകൂരയിന്നീമണ്ണിലെ ഞങ്ങൾക്കും
വിദ്യയാൽ മക്കളും സമ്പന്നരാവണം!
No comments:
Post a Comment