ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ
ചെറുതുള വീഴ്ത്തിയകന്ന കാറ്റ്
പറയാൻ മറന്നുവോ വല്ലതും? കേവലം
ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം!
വെള്ളിവെളിച്ചത്തിലാ നിഴലാട്ടത്തിൽ
ആടിത്തിമിർക്കുന്നതേതു രൂപം?
എങ്ങുമശാന്തി പടർത്തും മുഖംമൂടി-
യേതൊരു കാപട്യമാർന്നതാവാം?
നിത്യവും പതറാതെ വാശികൾക്കിടയിൽ,
ദുരന്തങ്ങളാടുന്ന നെഞ്ചകത്തിൽ
ഒരു ചെറുതെന്നലിൻ മൂളലായ് തഴുകിയ
മധുരപ്രതീക്ഷകൾക്കിനിയുള്ള യാത്രകൾ!