കുമ്പസാരിച്ച
വാക്കുകൾക്കിടയിൽ നിന്നും
പടിയിറങ്ങിയ മൗനത്തിനു ചെറുനാണം!!
എന്തിനു വേണ്ടിയായിരുന്നു
ഇതുവരെയീ നാട്യം!
ആരോ തിരികൊളുത്തിയ ഇത്തിരിവെട്ടത്തിന്റെ
അഹങ്കാരമായിരുന്നോ..!!?
തിരിച്ചറിവിന്റെ പൊൻവെളിച്ചം
പകർന്നുതന്നതാരായാലും
മറവിയിലാണ്ടുപോയ
ഓർമ്മയുടെ വടുക്കളിൽ
ചിന്നിച്ചിതറിയ ബിംബത്തിന്റെ നോവുപാടുകൾ മാത്രം ബാക്കി..!
വേണ്ടതും വേണ്ടാത്തതും
വിളിച്ചു കൂവിയ നാവിനെ,
ബന്ധനത്തിലാക്കിയ മൗനമേ...
നീയാണ് ശരി, നീ മാത്രം!'
ഇനിയെന്നും മരണംവരെ,
മധുരിക്കുന്ന ഓർമ്മകൾക്കും
മയക്കിയ കലപിലകൾക്കുമപ്പുറം
മനഃശാന്തിയേകുന്ന മൗനമേ..
നമുക്കിനി കൂട്ടുകൂടാം..
മാലിന്യങ്ങളെ ഒഴുക്കിക്കളയുന്ന
ശാന്തമായ പുഴയുടെ തീരത്ത്
മന:ശാന്തിയോടെ കണ്ണടച്ചുറങ്ങാം..!
No comments:
Post a Comment