Saturday, January 11, 2025

കണ്ണനെ കണ്ടപ്പോൾ


ഏകാകിയായിന്നു  നിൻ മുന്നിൽ വന്നപ്പോൾ 

ഏഴകളായിരം തൊഴുതു നില്പൂ.

എത്ര നാളായൊരെൻ മോഹമല്ലേ, കണ്ണാ..

നിന്മുന്നിലിന്നു ഞാൻ തൊഴുത പുണ്യം!

              (ഏകയായിന്നു ഞാൻ......)


നിർമ്മാല്യദർശനം തൊഴുതു നിന്നപ്പോളെൻ

മാനസമെത്രമേൽ നിർമ്മലമായ്!

മാലേയം തൂകിയ നിന്നുടൽ കണ്ടപ്പോൾ 

മാമകനിർവൃതിയാരറിഞ്ഞു!

              (ഏകയായിന്നു ഞാൻ.......)


ഇനിയെന്നു കാണുമെന്നറിയില്ലെന്നാകിലും 

ഈ ജന്മമിന്നെത്ര സാഫല്യമായ്! 

ഗുരുവായൂരപ്പാ.. നിൻ പുഞ്ചിരിയിൽ എൻ്റെ

മുരളിയിലുണരട്ടെ കൃഷ്ണഗീതം!

              (ഏകയായിന്നു ഞാൻ.......)

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...