Thursday, March 5, 2020

മിഴിനീർ കാഴ്ചകൾ

കാലങ്ങൾ കൊഴിയുന്നു
കനവിലെ മോഹങ്ങൾ
കാർമുകിൽപ്പെണ്ണോ
കവർന്നെടുത്തെങ്ങോപോയ്‌.

കാഴ്ചകൾ മങ്ങുന്നു
കണ്ണിലെ തിമിരമോ
കാണേണ്ടവയൊന്നുമേ
കാണാതെ നടിപ്പതോ..

കണ്ടഹങ്കരിച്ചവയൊക്കെ
കല്മഷമായിന്നു
കാറ്റിൽ പറന്നുപോയ്‌
കേട്ടു മറന്നൊരു
പഴംപാട്ടിൽ പതിരുപോലെ.

ഇരിപ്പിടംപോലുമില്ലാതെ
നെട്ടോട്ടമോടുമ്പോൾ
വറ്റിവരണ്ട മിഴികളിൽ
ഉപ്പുരസത്തിൻ്റെ നീറ്റൽ മാത്രം.

ആകാശചിത്രം
വരയ്ക്കും കിളികളു-
മാമോദത്തിനായ്
പറക്കുന്നുയരങ്ങൾ താണ്ടി.

പൊള്ളുന്ന ഉള്ളത്തിൽ
പുളയുന്ന വാക്കുകൾ
കണ്ണിൽ പൊടിയുന്ന
നീരിലെ കരടാകും.. !

തോരാത്ത മിഴിനീർ
കാഴ്ചകൾ മാത്രമിന്നു
കരയാതിരിക്കാൻ
കണ്ണടച്ചിരുട്ടാക്കാം.. !

നിണമൊഴുകാതെ
സമാധാനം കാക്കുന്ന
നല്ലൊരു ദിനമെങ്കിലും
കണ്ടുണരാനാവുമോ..?

Sunday, February 23, 2020

തണൽ

പറയാതെയറിയണമുൾമുറിവുകൾ..
തളരാതിരിക്കുവാൻ താങ്ങാവണം
തളർന്നൊന്നു വീണാലൊ, നെറുകയിൽ നൽകണം
പുതുജീവനേകുവാൻസ്നേഹചുംബനം

ഒരു മൃദുസ്പർത്താലുണർത്തീടേണം
ഉള്ളിലെ നൊമ്പരങ്ങൾ മായ്ച്ചിടേണം.
ഹൃദയതന്ത്രികൾ മീട്ടുന്ന രാഗമായി
സ്നേഹവായ്പ്പിലലിഞ്ഞുറങ്ങണം.

കെട്ടവാക്കുകൾ കേൾക്കാതെ കാതുകൾ കൊട്ടിയടയ്‌ക്കേണമെന്നുമേ
കനലുകൾ വാരിയെറിയുന്നവരിൽനി-
ന്നൊരുകാതമകലെ നടക്കണം.

പ്രിയമേകുമോർമ്മകളിൽ മുഴുകണം
പ്രിയമുള്ളവരോടുചേർന്നു നില്ക്കണം
നാളെയെന്ന പ്രതീക്ഷയോടൊപ്പമായ്
നാമിന്നൊരുമയാൽ  വാണീടണം.

Monday, February 17, 2020

മധുര സ്മരണകൾ

എത്രനാൾ കാത്തുനിന്നെന്നറിയില്ല
നിന്നെയും നോക്കിയാ, ഈടവഴികൾ
പുൽക്കൊടിതുമ്പിലെ മഞ്ഞുകണം
നിൻ മിഴിയിലെഴുതുവാൻ തുടിച്ചുവല്ലോ.

തളിർത്തുനിൽക്കുന്നാ ചില്ലകളൊക്കെയും
മെല്ലെതലോടുന്നോർമ്മതൻ വിശറിയാൽ
ലജ്ജയാലിടംകണ്ണിട്ടു നോക്കിയാനാൾ
ഇന്നലെയെന്നപോൽ ചിരിച്ചുനിൽപ്പൂ..

ആരോരും കാണാതെയാദ്യമായ് നീ
നെറുകയിൽനൽകിയ സ്നേഹഭാഷ
മറ്റാരുംകേൾക്കാതെ മധുരമായി ചൊല്ലി
മിഴികളാൽ  മൊഴിയുന്ന മൗനഭാഷ.

നടവീഥികൾ നമ്മൾക്കായ് വിജനമായി
കളങ്കമില്ലാ സ്നേഹത്തിൻ സാക്ഷികളായി
ചെമ്പകപ്പൂമണമൊഴുക്കി സമീരൻ
ചുറ്റിനും പാറിപ്പറന്നു ശലഭങ്ങളും..

കാലങ്ങൾ കൊഴിഞ്ഞു, വഴികൾ പിരിഞ്ഞു
ഋതുക്കളോ പലവട്ടം മാറിവന്നു...
എങ്കിലും നമ്മളിലെ ഓർമ്മച്ചെപ്പിൽ
ഒരു മയിൽ‌പ്പീലിത്തുണ്ടായാ നല്ലകാലം..

സൗഹൃദക്കാറ്റിന്റെ സ്നേഹത്താലോടലിൽ
വീണ്ടും നാമൊന്നിച്ചു കൂടീടുമ്പോൾ
ജീവിതസായാഹ്നം രസകരമാക്കുവാൻ
ഓർത്തു ചിരിക്കാമിനിയാ സുവർണ്ണകാലം.

Monday, February 10, 2020

മൗനാനുരാഗം

എഴുതുവാനറിയില്ലയെങ്കിലും
വരികളിൽ മൗനമായി
വിരിയുന്നുവേതോ രൂപം.
പാടുവാനറിയില്ലയെങ്കിലും
ഹൃദയത്തിൽ വാചാലമായ്
ഇതുവരെ കേൾക്കത്തൊരു
സ്നേഹരാഗം.

നീലവിഹായസ്സിന്റെ
നറുനിലാവൊളിയിൽ
പൂമണമൊഴുകുംപോൽ
അറിയാതെയൊഴുകുന്നു
ഹൃദയവിപഞ്ചികയിൽ
പറയാതെപോയൊരാ പ്രണയം.

ഹിമമഴനനഞ്ഞൊരാ
നിശയുടെ വിരിമാറിൽ
കിനാവുകണ്ടു  മയങ്ങും നേരം
പരിഭവമോതി സുഗന്ധമായ്
പുലരികാണാത്തൊരു
നിശാഗന്ധി.

നിലാചേല ചുറ്റിയയവളുടെ
മോഹനരൂപത്തിൽ മയങ്ങി
പ്രണയം തുളുമ്പും യാമത്തിൽ
മുഴുതിങ്കൾ കൊതിയൂറിനിന്നു.

Saturday, February 1, 2020

കിരാതജന്മങ്ങളോട്

ജീവിച്ചിരിക്കുമ്പോൾ
ഒരുതരി സ്നേഹമേകാത്തവരേ..
 ഞാൻ മരിച്ചുകിടക്കുമ്പോൾ
കണ്ണുനീരൊലിപ്പിക്കാൻ വരരുതേ..

നീറിനിന്നു തേങ്ങിവിളിച്ചപ്പോൾ
എന്നെ അകറ്റിയോടിച്ചവരേ..
വഴി തിരഞ്ഞു വരരുതേ-
കണ്ണീരാർച്ചന നടത്തീടുവാൻ.

കൂടെയുണ്ടെന്ന് തോന്നിപ്പിച്ച്
തമ്മിലടിപ്പിച്ച്  ഭിന്നിപ്പിച്ചവരേ...
ചത്തുകഴിഞ്ഞുള്ള തേന്മൊഴികൾ
നിങ്ങളിൽ തന്നെ കുഴിച്ചുമൂടുക.

പേരിനുമാത്രമായി
ബന്ധുത്വം ചൊല്ലുന്നവരേ..
യാത്രാമൊഴിയിൽ പോലും
നിങ്ങളെനിക്കന്യർ മാത്രം.

സ്വാർത്ഥതയുടെ
കൊടുമുടിയിൽനിന്നുകൊണ്ട്
ബന്ധങ്ങളെ ബന്ധനമാക്കുന്നവരേ...
പാരിലെല്ലാവർക്കും നിശ്ചിതസമയം.

ഇമചിമ്മി തുറക്കുംവരെപ്പോലും
ആയുസ്സിനു ബലമില്ലാത്തവർ നമ്മൾ
ഇടുങ്ങിയ ചിന്താഗതിയാൽ
ജീവിതം തല്ലിയുടയ്ക്കുന്നുവല്ലോ..

തെളിനീരുപോലെയുള്ള മാനസങ്ങളിൽ
ചെളിവാരിയെറിഞ്ഞു രസിക്കുന്നവരേ...
കൊഴിഞ്ഞ് വീഴണ്ടവരാണ് നിങ്ങളുമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക

Sunday, January 5, 2020

പുലർകാല സ്വപ്നം

നാട്ടുവഴിയിലെ നാട്ടുമാവിൻചോട്ടിൽ
ഇത്തിരിനേരമിരുന്നിടേണം..
മാമ്പൂമണമുള്ള മന്ദസമീരന്റെ
കുളിർ തലോടലേറ്റിരിക്കേണം.

ഏറ്റുപാടുന്നൊരാ
കുയിലിന്റെ നാദത്തിൽ
ഓർമ്മകളെ പുൽകി മയങ്ങേണം.
കാതോർത്തിരുന്നൊരാ പാട്ടിന്റെയീണത്തിൽ 
പുഴയുടെ തീരത്തു നടക്കേണം.

മതിലുകളില്ലാത്ത ആകാശവീഥിനോക്കി
ബാല്യത്തിലെ കുസൃതികളോർക്കേണം
മനസ്സു തുറന്ന് പൊട്ടിച്ചിരിച്ചങ്ങനെ
എല്ലാം മറന്നു നടന്നിടേണം..

ആതിരപ്പൂക്കളുടെ ലാസ്യനടനം
കണ്ടാത്മാവിൽ കുളിരണിയേണം.
മഞ്ഞുകാലത്തിലെ ഹിമകണങ്ങളെ
മിഴികളിൽ ചുംബനമലരാക്കേണം..

പുലർകാലസ്വപ്നം കണ്ടുണർന്നപ്പോൾ
ചുറ്റിലും കലപിലശബ്ദം മാത്രം.
നാട്ടുവഴിയില്ല, മാമ്പൂമണമില്ല
എല്ലാമെന്നുള്ളിലെ ഗൃഹാതുരത മാത്രം.. !

Wednesday, December 11, 2019

ജീവിതം

വ്യഥകളാലുഴലുന്ന മനമിന്നു കേഴുന്നു
അഴലുകൾ മാറാത്തതെന്തേ..
ഈ ഭൂവിൽ ദുരിതങ്ങളൊഴിയാത്തതെന്തേ..

ജീവിതനാടകശാലയിൽ നാം വെറും
നടികരായാടിത്തിമിർക്കുകയോ..

അർത്ഥമില്ലാ വാക്കുകൾകൊണ്ടു നാം
ചിത്തത്തെ കബളിപ്പിക്കയല്ലോ..

നഷ്ടബോധത്താലുരുകുന്ന ഹൃത്തിൽ
പൊള്ളത്തരങ്ങൾ നിറയ്ക്കയല്ലോ.

കണ്ടതും കേട്ടതും പാതിവഴിയിൽ വിട്ടു
കാണാത്തതിനായ് പരക്കം പായുന്നു.

എത്ര കിട്ടിയാലും മതിയാവാതോടുന്നു
കയ്യിലുള്ളതിൽ പതിരുകൾ തേടുന്നു.

തൃപ്തിയില്ലാതെ നാം നെട്ടോട്ടമോടുമ്പോൾ
തന്നിലെ നന്മയും പ്രഹേളികയായി മാറുന്നു.

ഓടിത്തളർന്നു കിതച്ചു നിൽക്കുമ്പോഴോ
കാലചക്രം നമ്മേക്കാൾ ബഹുദൂരം പോയീടും.

ശേഷം കാഴ്ചകളിഴഞ്ഞു നീങ്ങീടുമ്പോൾ
ചെയ്ത പ്രവർത്തികൾ പിന്നോട്ടു നടത്തുന്നു.

നന്മകൾ കാണാത്ത കെട്ടകാലത്തിലെ
കോലങ്ങളായി നാം കുഴഞ്ഞു വീണീടുമ്പോൾ

അന്ത്യനിമിഷത്തിൽ ആരോരുമില്ലാതെ
അന്യരായീ ഭൂവിൽ ദുരന്തമായി മാറീടും..

Wednesday, November 27, 2019

നരച്ച ചിത്രങ്ങൾ


തളർന്നു വീണാലുമണയാതെ സൂക്ഷിച്ച
കനൽതിരിയുള്ളിൽ നന്നായ് ജ്വലിച്ചിടേണം

ഇരുണ്ട പകലിലുമിടറാതെ നടന്നീടാൻ
ഇടയ്ക്കൊക്കെയൊന്നാളിക്കത്തിടേണം.

പറഞ്ഞവയൊക്കെപ്പതിരായിപോയാലും
പറയാതെതിരുന്നതെന്നുമുള്ളം നിറഞ്ഞിടേണം

ക്രൂരതയേറുമീകാലത്തിൽ
ബാലശാപങ്ങളേറിടുന്നൂ
വിരിയാതെ കൊഴിയുന്നു നാളത്തെ മൊട്ടുകൾ

സ്വന്തങ്ങൾ,ബന്ധങ്ങളന്യമായീടവേ
വാക്കുകൾ പോർവിളി കൂട്ടിട്ടുന്നു

അമ്മയെന്നുള്ളൊരാഭാവം മാറീടവേ
സ്വാർത്ഥരായ് മക്കളും മാറീടുന്നു.

കെട്ടകാലത്തിലെ കോലങ്ങൾ കെട്ടുവാൻ
കോപ്പുകൾകൂട്ടും നരജന്മങ്ങൾ
ദുഷ്ടതയേറുന്നയീ ലോകത്തു കാണുവാൻ
 കാഴ്ചകളിനിയുമങ്ങേറെയുണ്ടോ?... ആവോ!

Saturday, November 16, 2019

മക്കളേ അറിയുക നിങ്ങൾ

മക്കളേ.. നിങ്ങൾക്കായ്
ഉയിരേകിയമ്മനൽകിയ സ്നേഹത്തിൻ,
ഒരു വറ്റുപോലും നിങ്ങൾ കണ്ടതില്ലേ..

ഹൃദയംനുറങ്ങുന്ന വേദനയിലും
നിങ്ങൾ  നീന്തിതുടിച്ചതീ
അമ്മതൻ നെഞ്ചിലെ പാലാഴിയിലല്ലേ..

തെറ്റുചെയ്യാത്തോരാരുണ്ടീയുലകിതിൽ തെറ്റിദ്ധരിപ്പവരേറെയല്ലേ ..
മറ്റുള്ളോർ ചൊല്ലുന്ന
വാക്കുകൾ കേൾക്കുമ്പോൾ
മാതാവിൻ തേങ്ങലുകളറിയണം നീ..

മക്കളേ..
എത്ര നിങ്ങളെന്നെ
തള്ളിപ്പറഞ്ഞാലുമീ
ചിത്തത്തിൽ നിങ്ങളോടെന്നും
വറ്റാത്ത സ്നേഹം മാത്രം.

വർണ്ണങ്ങൾ വിതറിയ
കാഴ്ചകളൊക്കെയും
നനഞ്ഞാൽ കീറും വെറും 
കടലാസ്സുപൂക്കൾ മാത്രം.

പിഞ്ചുകുഞ്ഞിനെപ്പോലും
കാമത്തിൻ ലഹരിയിൽ
ചവിട്ടിയരയ്ക്കുന്ന
ദുഷിച്ച കാലത്തിൽ നാം
മായികഭ്രമങ്ങൾക്കു
പിന്നാലെ കുതിക്കാതെ 
നേർക്കാഴ്ച കാണാനായി
അകക്കൺ തുറക്കുക.

Wednesday, November 6, 2019

നിഴലുകൾ നിസ്സഹായരാണ്

നിഴലുകൾ നിസ്സഹായരാണ്.
------
പ്രിയപ്പെട്ടവരുടെ അരുമകളായി
കിളിർത്തുനിൽക്കുന്ന റോസാചെടികൾ
ഉള്ളിൽ ഉറഞ്ഞ സങ്കടനീരിൽ
തഴച്ചുവളർന്നു പുഷ്പിണിയാകുന്നു.

കാഴ്ചക്കാർക്ക്
നയന മനോഹായരിയാണവൾ

ഒറ്റപ്പെട്ട മനസ്സിലെ
ഹൃദയരക്തം
ഇതളുകളിൽ സുന്ദരചിത്രം വരയ്ക്കുമ്പോൾ....

ഹാ.. നോക്കുന്നവർക്കെന്തു രസം.. !

ഇളകിമറയുന്ന സങ്കടക്കടലിലും
അറ്റുപോകാത്ത വേരുകളിൽ
വീണ്ടും പൊട്ടിമുളയ്ക്കുന്നു
ആരാലോ ഇറുത്തെറിയപ്പെടാൻ...


തണുത്തുറഞ്ഞ മനസ്സിലുറയും
വിഷാദഗീതത്തിൻ ചൂടിൽ
വാടിത്തളർന്ന ചെടികളിലെ
പഴുത്തിലകൾ കൊഴിഞ്ഞു വീഴുന്നു.

പൂത്തു നിന്ന  സുന്ദരകുസുമങ്ങൾ
ആസ്വാദനലഹരിയാൽ മത്തുപിടിച്ച
കശ്മലന്മാരുടെ കൈകളിലമർന്നു
ചവറ്റുകൂനയിൽ
അഴുകി വീഴുന്നു!
ആർക്കോ വളമായിത്തീരാൻ....!
~

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...