Wednesday, October 12, 2022

കണ്ണീരിനപ്പുറം

 സ്നേഹരാഹിത്യത്തിന്റെ പൊള്ളൽ

നെഞ്ചിൻകൂടു തകർത്തപ്പോഴാണ്

ഇടറിയ ചിന്തകൾക്ക്

കവിതയെന്നു പേരിട്ട്

അവൾ ഏട്ടിലേക്കു പിറന്നു വീണത്.


സാന്ത്വനവാക്കുകൾക്കിടയിലും

പരിഹാസത്തിന്റെ ഒളിയമ്പുകളേറ്റ്

ഹൃദയരക്തം ഇറ്റിറ്റുവീണപ്പോഴാണ്

സൗഹൃദത്തിലെ ചതിയറിഞ്ഞത്.


കരഞ്ഞു തീർക്കുന്ന കണ്ണുനീരിനപ്പുറം

വെളിപ്പെടുത്തേണ്ട സത്യങ്ങളെല്ലാം

ലിംഗവ്യത്യാസമില്ലാതെ വെളിച്ചം കാൺകേ

അപ്രിയസത്യങ്ങൾ

പറയരുതെന്ന പഴമൊഴി.


മനസ്സാക്ഷി ധൈര്യം പകർന്നപ്പോഴാണ്

തൂലികയിൽ വറ്റാത്ത മഷി നിറച്ച്

പെറ്റുവീഴുമോരോ വാക്കും

സ്നേഹവും നന്മയുമേകി പോഷിപ്പിച്ചത്.


നിശ്ചയദാർഢ്യത്തിന്റെ പരവതാനിയിൽ

വെള്ളിവെളിച്ചം വീശുന്ന വാക്കുകൾക്ക്

പൊന്നാടയണിയിച്ചു കൂടെക്കൂട്ടാനായ്

മുഖംമൂടിയണിയാത്ത സത്യം മാത്രം കൂട്ട്.


കടിഞ്ഞാണില്ലാതെ പായുന്ന ചിന്തകൾക്ക്

ആത്മാവിന്റെ ഭാഷയിൽ ധൈര്യം പകർന്ന്

ഇരുട്ടറയിൽ നിന്നും വെളിച്ചത്തിലേക്ക്

വിടരാൻ കൊതിക്കുന്നു ചില കലികകൾ!

Sunday, October 9, 2022

അഭയം

ആരിവരരുമക്കിടാങ്ങൾക്കു നിർമ്മിച്ചൊ-

രഭയത്തെയൊന്നായി വെട്ടിമാറ്റുന്നവർ?

ആരിവരേറെ പണിപ്പെട്ടു നെയ്തൊരി-

ക്കൂടിന്റെ താങ്ങായ ശാഖികളൊടുക്കുവോർ?


കണ്ടീല തെല്ലുമവരെന്നതോ, പ്രാണനു-

പേക്ഷിച്ചു താഴെ കിടക്കുമെൻ മക്കളെ!

ഓർത്തീല തെല്ലുമെന്നോ, മനം നീറിക്ക-

രയുന്നൊരമ്മതൻ തപ്തമാം മാനസം!


വെട്ടിവീഴ്ത്തീടും തരുക്കളിലൊക്കെയു-

മെത്രജീവൻ പൊലിയുന്നിതു നിത്യവും!

ഒരുമരം വെട്ടുകിൽ പത്തുതൈ നടണമെ-

ന്നോതുവോർ, വാക്കിന്റെ നേരറിയാത്തവർ!





Sunday, October 2, 2022

ഗാന്ധിജി


ദുരിതങ്ങളെത്രയോ താണ്ടിയെന്നും 

ഭാരതമണ്ണിനെ കാത്തിടാനായ് 

എങ്ങും വെളിച്ചമായ്ത്തീർന്ന ഗാന്ധി

നാട്ടിന്റെ ശക്തിയായ് പ്രോജ്ജ്വലിപ്പൂ.

ഈ ജന്മഭൂമിതൻ നന്മയ്ക്കായി

ജീവിതസർവ്വം ത്യജിച്ച ഗാന്ധി

നീങ്ങിയ പാതയിലെന്റെ പാദ-

യുഗ്മം ചരിയക്കാനിടവരുമോ?

കേട്ടറിഞ്ഞുള്ളതിന്നപ്പുറത്തായ്,

വിശ്വാസധാരയ്ക്കുമപ്പുറത്തായ്

സ്നേഹം ക്ഷമയും സഹനവുമായ്

ജീവിതം ധന്യമായ്ത്തീർത്ത പുണ്യം!

സത്യമഹിംസകൾ ലാളിത്യവും

നിത്യചൈതന്യമായ് കാട്ടി, സ്വന്തം

ജീവിതം സന്ദേശമെന്ന ചൊല്ലി

നിത്യനായ്ത്തീർന്ന ചൈതന്യരൂപം!

ആ ധന്യപാതയിലൂടെയെന്നു-

മേറാൻ കഴിഞ്ഞെങ്കിലെന്റെ പുണ്യം!

പ്രണയം

മാനസചെമ്പകച്ചോട്ടിലനുദിനം

കവിതകളവിരതം പൊഴിയുന്ന നേരം

സ്വരരാഗമായെന്നിലൊഴുകിയെത്തുന്നു

പ്രിയമാനസാ, നിന്റെ പ്രണയഗീതം!


ഭാവനകളായിരം വന്നു പുൽകീടവേ

കുഞ്ഞിളംതെന്നലിൻ താളമോടെ

ഉള്ളം കുളിർപ്പിക്കും പൂമഴയായെന്നിൽ

നടനമാടുന്നിതാ കാവ്യസുന്ദരി.!


പ്രണയഗാനത്തിനിന്നീണമായി 

ശില്പസൗന്ദര്യമായ് ചിലമ്പുചാർത്തി

നർത്തകിയായെന്നിലാടിടുമ്പോൾ

പ്രണയമേ, നീയൊരു കാവ്യാംഗന!

ചേർത്തുപിടിക്കാം

ഉത്സുകരായ്ക്കഴിഞ്ഞിടുന്നേരവും

മതിവരാതെന്റെ മക്കൾ കണ്ടിടേണം

ഒട്ടിയ വയർ പൊത്തിപ്പിടിച്ചുകൊ-

ണ്ടൊട്ടു കൊറ്റിനായ്ക്കേഴും കിടാങ്ങളെ!


ദൈന്യത നിഴലിച്ചിടുമാമുഖ-

ത്തുള്ളതാഴക്കടലിന്റെ നീലിമ!

കുണ്ടിലാണ്ട മിഴികളിൽ ഘോരമായ്

പെയ്തൊഴുകുന്ന കണ്ണീർപ്പളുങ്കുകൾ!


എത്ര പാഴാക്കിമാറ്റുന്നു ഭോജ്യം നാം,

എത്ര ധൂർത്തടിക്കുന്നു ധനം സദാ.

തെല്ലൊരാശ്വാസമേകിടാ,മോർക്കുകി-

ലില്ലവർക്കാരുമാശ്രയമോർക്കണം.


അന്നദാനം മഹാദാനമെന്നൊരു

ചൊല്ലിനർത്ഥം ഗ്രഹിക്ക നാമേവരും.

വസ്ത്രമേകണം നാണം മറച്ചിടാ-

നന്തിയിൽ തല ചായ്ക്കാനിടങ്ങളും!


ഭാവി ഭദ്രമാക്കീടുവാനേകണം വിദ്യ,

നാളത്തെ വാഗ്ദാനമാണവർ!

സ്നേഹവും സാന്ത്വനവും കൊടുത്തിടാം,

കൈകളന്യോന്യം ചേർത്തുപിടിച്ചിടാം.

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...