Sunday, October 2, 2022

ചേർത്തുപിടിക്കാം

ഉത്സുകരായ്ക്കഴിഞ്ഞിടുന്നേരവും

മതിവരാതെന്റെ മക്കൾ കണ്ടിടേണം

ഒട്ടിയ വയർ പൊത്തിപ്പിടിച്ചുകൊ-

ണ്ടൊട്ടു കൊറ്റിനായ്ക്കേഴും കിടാങ്ങളെ!


ദൈന്യത നിഴലിച്ചിടുമാമുഖ-

ത്തുള്ളതാഴക്കടലിന്റെ നീലിമ!

കുണ്ടിലാണ്ട മിഴികളിൽ ഘോരമായ്

പെയ്തൊഴുകുന്ന കണ്ണീർപ്പളുങ്കുകൾ!


എത്ര പാഴാക്കിമാറ്റുന്നു ഭോജ്യം നാം,

എത്ര ധൂർത്തടിക്കുന്നു ധനം സദാ.

തെല്ലൊരാശ്വാസമേകിടാ,മോർക്കുകി-

ലില്ലവർക്കാരുമാശ്രയമോർക്കണം.


അന്നദാനം മഹാദാനമെന്നൊരു

ചൊല്ലിനർത്ഥം ഗ്രഹിക്ക നാമേവരും.

വസ്ത്രമേകണം നാണം മറച്ചിടാ-

നന്തിയിൽ തല ചായ്ക്കാനിടങ്ങളും!


ഭാവി ഭദ്രമാക്കീടുവാനേകണം വിദ്യ,

നാളത്തെ വാഗ്ദാനമാണവർ!

സ്നേഹവും സാന്ത്വനവും കൊടുത്തിടാം,

കൈകളന്യോന്യം ചേർത്തുപിടിച്ചിടാം.

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...