Wednesday, October 12, 2022

കണ്ണീരിനപ്പുറം

 സ്നേഹരാഹിത്യത്തിന്റെ പൊള്ളൽ

നെഞ്ചിൻകൂടു തകർത്തപ്പോഴാണ്

ഇടറിയ ചിന്തകൾക്ക്

കവിതയെന്നു പേരിട്ട്

അവൾ ഏട്ടിലേക്കു പിറന്നു വീണത്.


സാന്ത്വനവാക്കുകൾക്കിടയിലും

പരിഹാസത്തിന്റെ ഒളിയമ്പുകളേറ്റ്

ഹൃദയരക്തം ഇറ്റിറ്റുവീണപ്പോഴാണ്

സൗഹൃദത്തിലെ ചതിയറിഞ്ഞത്.


കരഞ്ഞു തീർക്കുന്ന കണ്ണുനീരിനപ്പുറം

വെളിപ്പെടുത്തേണ്ട സത്യങ്ങളെല്ലാം

ലിംഗവ്യത്യാസമില്ലാതെ വെളിച്ചം കാൺകേ

അപ്രിയസത്യങ്ങൾ

പറയരുതെന്ന പഴമൊഴി.


മനസ്സാക്ഷി ധൈര്യം പകർന്നപ്പോഴാണ്

തൂലികയിൽ വറ്റാത്ത മഷി നിറച്ച്

പെറ്റുവീഴുമോരോ വാക്കും

സ്നേഹവും നന്മയുമേകി പോഷിപ്പിച്ചത്.


നിശ്ചയദാർഢ്യത്തിന്റെ പരവതാനിയിൽ

വെള്ളിവെളിച്ചം വീശുന്ന വാക്കുകൾക്ക്

പൊന്നാടയണിയിച്ചു കൂടെക്കൂട്ടാനായ്

മുഖംമൂടിയണിയാത്ത സത്യം മാത്രം കൂട്ട്.


കടിഞ്ഞാണില്ലാതെ പായുന്ന ചിന്തകൾക്ക്

ആത്മാവിന്റെ ഭാഷയിൽ ധൈര്യം പകർന്ന്

ഇരുട്ടറയിൽ നിന്നും വെളിച്ചത്തിലേക്ക്

വിടരാൻ കൊതിക്കുന്നു ചില കലികകൾ!

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...