Sunday, June 15, 2025

അഞ്ജാതകാമുകൻ

 അഞ്ജാതകാമുകൻ 

**********************

പേമാരിയോട് കൊടുങ്കാറ്റിനുള്ള

പ്രണയം പോലെയാണ്

അവന്റെ പ്രണയം..

സമ്മതം വാങ്ങാന്‍

കാത്തിരിക്കാതെയായിരുന്നു 

അവനെന്നോടുള്ള പ്രണയം.


സിരകളിലൂടെ 

പ്രണയത്തിന്റെ രക്തം

മെല്ലെ കുത്തി നിറച്ചു.

പുലര്‍കാലസ്വപ്നങ്ങളില്‍

ഞാനറിയാതെ എന്നിലേക്ക്

വിരുന്നിനെത്തി.


മെല്ലെ മെല്ലെ,

ആ പ്രണയം സിരകളിലൂടെ 

ഒഴുകിയിറങ്ങുകയായിരുന്നു.


മൃദുചുംബനങ്ങള്‍,

ഗാഢാലിംഗനമായപ്പോള്‍

ഭയത്തിന്റെ മുള്‍ച്ചെടികള്‍

എനിക്ക് ചുറ്റും വേലി കെട്ടി .


അവന്റെ സമീപനം 

ഭീകരമായപ്പോള്‍ 

കണ്ണീരും പ്രാര്‍ഥനയുമായ്‌  

ദൈവത്തിന് കാണിക്ക..


രക്ഷപ്പെടണമെന്ന മോഹത്തില്‍

കീമോ പെണ്ണിന്റെ

അരികിലേക്കോടിയെങ്കിലും

സാന്ത്വനത്തലോടലില്‍

സമൃദ്ധമാം കാര്‍കൂന്തല്‍

വെറും ഓര്‍മ്മയായി.


തലയില്‍ തട്ടമിട്ടു

പുറത്തിറങ്ങിയപ്പോള്‍

ശോഷിച്ച ഉടലിനെ,

കൊത്തിവലിക്കുന്ന

സഹതാപക്കണ്ണുകള്‍.


നിറവും മണവുമില്ലാത്ത

പൂക്കളാല്‍ കൊരുത്തൊരു 

വരണമാല്യം കൊണ്ട് 

വരുന്നുണ്ട് കാമുകന്‍.

മടക്കയാത്രയ്ക്കിനി

നാളേറെയില്ലെന്നു

 മൊഴിയാനോ...?

തിടുക്കമില്ലിനിയും 

സമയമെറെയെന്നു 

ചൊല്ലാനോ..!?

No comments:

Post a Comment

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...