Tuesday, June 17, 2025

മാധവം

 മാധവം

********

എന്തൊരു ചേലീപ്രകൃതിയെ കാണുവാ-

നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ!

തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം 

മധുരമാം കിളിനാദം പലവിധങ്ങൾ!

തൊട്ടുതലോടുന്ന കാറ്റിന്റെ മൂളലി-

ലേറ്റുപാടിപ്പോകും നമ്മളെല്ലാം.

ചന്തമാം കാഴ്ചകൾ കാണുമ്പോഴുള്ളിലും 

ചിന്തകളെത്ര ചേക്കേറുമെന്നോ!

തഞ്ചത്തിൽ വന്നുരുമ്മിപ്പോകും തുമ്പിപ്പെ-

ണ്ണിന്റെ കുറുമ്പിനാൽ പൂ വിരിയും.

വാസന്തകന്യക നർത്തനമാടുമീ-

ഗ്രാമത്തിലെങ്ങും മനോഹരിയായ്

ചാറ്റൽമഴപോലെ തുള്ളിക്കളിക്കുമീ-

ചിന്തകളെത്ര മനോജ്ഞമെന്നോ!

മധുരമാമോർമ്മകൾ കൂട്ടിവെച്ചീടുമ്പോൾ

മനസ്സിലെ ചില്ലകൾ പൂത്തിടുമ്പോൾ

മാനസം മാധവം പുൽകുന്നപോലെ,യ-

ക്കാർവർണ്ണനുള്ളിൽ തെളിഞ്ഞപോലെ.



No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...