Monday, May 11, 2020

നിലാസുന്ദരി

ശാലീനസുന്ദരിയെപ്പോൽ 
അവളെന്നരികിലെത്തി, 
ശാന്തമായിന്നു ഞാൻ 
മൃതിഭയമില്ലാതുറങ്ങി. 

മോഹമോ വ്യാമോഹമോ 
ഇല്ലാതെ, നിലാവിനെ നോക്കി 
നിശയുടെ വിരിമാറിൽ, 
മാനസവീണമീട്ടിയുറങ്ങി. 

കാലം കാണിച്ച സുഖദുഃഖങ്ങൾ 
ദേഹവും ദേഹിയുമേറ്റിടുമ്പോൾ 
കണ്ടാലും കൊണ്ടാലുമറിയാതെ 
കഷ്ടനഷ്ടങ്ങളേറ്റുവാങ്ങുന്നു. 

വിജനമാണിന്നീ പാതകളെങ്കിലും 
വിദൂരമല്ലൊട്ടും പിന്നിട്ടനാളുകൾ 
വേണ്ടെനിക്കിനിയായിരുൾ വഴികൾ 
സ്നേഹിച്ചീടട്ടെയീ ശാലീനഭാവത്തെ. 

മറ്റാർക്കും കേൾക്കാനാവാത്തൊരു 
രാഗധാരയൊഴുകിയെത്തീടുന്നു 
ശാപമോക്ഷം കിട്ടിയപോലെ ഞാൻ 
നിലാസുന്ദരിതൻ മടിയിലുറങ്ങീടുന്നു.

Monday, April 13, 2020

മങ്ങിയ കണികാഴ്ചകൾ


പതിവിലും നേരത്തേ കൊന്ന പൂത്തു
പതിവുപോലാരും വരാനുമില്ല
പടിവാതിലിലേക്കു നീളും മിഴികളിൽ
പീതവർണ്ണങ്ങൾ പ്രതീക്ഷയായി!

മഞ്ഞപുതച്ച  ഭൂമിതൻ മാറിൽ
ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണൻ
മാമ്പഴച്ചാറിന്റെ മധുരം നുണയുവാൻ
കലപിലകൂട്ടുന്ന കുഞ്ഞിക്കുരുവികൾ!

തിക്കില്ല, തിരക്കില്ല പാതകളിൽ
പൊടിപടലങ്ങളോ തീരെയില്ല..
ഒച്ചയനക്കങ്ങളില്ലാത്തതിനാലോ
വിഷുപ്പക്ഷി മൂളുന്നു വിഷാദരാഗം.

കണിയൊരുക്കലും കാഴ്ചകളും
കാണുവാൻ ആരുമില്ലല്ലോ കണ്ണാ..
ഉള്ളിന്റെയുള്ളിൽ നീ ആടീടുമ്പോൾ
അതിൽപ്പരം നിർവൃതിയുണ്ടോ കണ്ണാ..

മിഴിനീർകാഴ്ചകൾ എറീടുമ്പോൾ
ഈ ലോകം ദുരിതത്തിലായീടുമ്പോൾ
രോഗശാന്തിക്കുള്ള പ്രാർത്ഥനയാവട്ടെ
ഓരോ വീട്ടിലെയും വിഷുക്കണികൾ..

Saturday, April 11, 2020

ഉയിർപ്പ്

" ഉയിർപ്പ് "
========
ലോകരക്ഷകനായ് മണ്ണിൽ ,
പിറന്നവനേ ,യേശുനായകാ..
ഇരുളകറ്റി നന്മതൻ പ്രകാശം
തെളിച്ച സ്നേഹനായകാ !

സത്യത്തിൻ്റെ  കാവലാൾ നീ ,
മുൾക്കിരീടമണിഞ്ഞപ്പോൾ..
എൻ്റെ ഹൃത്തടം നൊന്തുപോയ്
നിൻ സ്നേഹരൂപമോർക്കവേ !

ദുഃഖഭാരത്താലുഴറും ഞങ്ങളിൽ ,
സാന്ത്വനം ചൊരിഞ്ഞിടാൻ..
നിൻ്റെ മിഴിവെളിച്ചമേകിയെന്നെ
കാത്തിടൂ ,കാരുണ്യനായകാ !

ആത്മാവിനുള്ളിൽ താരകമായ് ,
മിന്നിത്തിളങ്ങും ദിവ്യപ്രകാശമേ..
നിൻ്റെ നിത്യരക്ഷപ്രാപിച്ചീടുവാൻ
കനിയേണമേ, എന്നേശുവേ !

ഉയിർപ്പിൻ്റെ മഹിമയോർത്തു ,
നിന്നിലലിഞ്ഞു ചേരുവാൻ
ഞങ്ങളൊരുമയോടെ നിന്റെ
മുന്നിലിന്നു പ്രാർത്ഥിച്ചീടുന്നു !!


Wednesday, March 18, 2020

അതിജീവനം

മരണഭീതിയിൽ 
ഉഴറുന്നു നാമിന്ന് 
ഉലകം മുഴുവനും 
നീറുന്നു മനസ്സുകൾ.

ഭയമൊന്നിനും 
പരിഹാരമല്ലെന്നറിയുക
പതറാതെ, കരുതലോടെ
ജാഗരൂകരായിടാം.

ദുരന്തങ്ങളെത്രയോ
കണ്ടവർ നമ്മൾ 
അതിനെയെല്ലാം
അതിജീവിച്ചവർ നമ്മൾ. 

വൃത്തിയായ് ജീവിച്ചു 
ചിട്ടയായി  പോയീടാം 
വൈറസ് വ്യാപനം
 തടയുവാൻ.. പാലിക്കാം 
അത്യാവശ്യമകലങ്ങൾ
കൂട്ടം കൂടലുകളൊരുവേള
വേണ്ടെന്നാക്കാം.

ദുരിതമീ 
മഹാമാരിയെങ്കിലും 
മനസ്സ് തളരാതെ 
ഒന്നായി നിന്നിടാം.

നിസ്സഹായരാണ് 
നാമിന്നെങ്കിലും 
നിശ്ചയമായും 
കര കയറീടും നാളെ. 

നമ്മുടെ കൊച്ചുകേരളം 
'മാതൃകാ സ്ഥാനമായ് '
എന്നുമറിഞ്ഞീട്ടും നിശ്ചയം !
~

Thursday, March 5, 2020

മിഴിനീർ കാഴ്ചകൾ

കാലങ്ങൾ കൊഴിയുന്നു
കനവിലെ മോഹങ്ങൾ
കാർമുകിൽപ്പെണ്ണോ
കവർന്നെടുത്തെങ്ങോപോയ്‌.

കാഴ്ചകൾ മങ്ങുന്നു
കണ്ണിലെ തിമിരമോ
കാണേണ്ടവയൊന്നുമേ
കാണാതെ നടിപ്പതോ..

കണ്ടഹങ്കരിച്ചവയൊക്കെ
കല്മഷമായിന്നു
കാറ്റിൽ പറന്നുപോയ്‌
കേട്ടു മറന്നൊരു
പഴംപാട്ടിൽ പതിരുപോലെ.

ഇരിപ്പിടംപോലുമില്ലാതെ
നെട്ടോട്ടമോടുമ്പോൾ
വറ്റിവരണ്ട മിഴികളിൽ
ഉപ്പുരസത്തിൻ്റെ നീറ്റൽ മാത്രം.

ആകാശചിത്രം
വരയ്ക്കും കിളികളു-
മാമോദത്തിനായ്
പറക്കുന്നുയരങ്ങൾ താണ്ടി.

പൊള്ളുന്ന ഉള്ളത്തിൽ
പുളയുന്ന വാക്കുകൾ
കണ്ണിൽ പൊടിയുന്ന
നീരിലെ കരടാകും.. !

തോരാത്ത മിഴിനീർ
കാഴ്ചകൾ മാത്രമിന്നു
കരയാതിരിക്കാൻ
കണ്ണടച്ചിരുട്ടാക്കാം.. !

നിണമൊഴുകാതെ
സമാധാനം കാക്കുന്ന
നല്ലൊരു ദിനമെങ്കിലും
കണ്ടുണരാനാവുമോ..?

Sunday, February 23, 2020

തണൽ

പറയാതെയറിയണമുൾമുറിവുകൾ..
തളരാതിരിക്കുവാൻ താങ്ങാവണം
തളർന്നൊന്നു വീണാലൊ, നെറുകയിൽ നൽകണം
പുതുജീവനേകുവാൻസ്നേഹചുംബനം

ഒരു മൃദുസ്പർത്താലുണർത്തീടേണം
ഉള്ളിലെ നൊമ്പരങ്ങൾ മായ്ച്ചിടേണം.
ഹൃദയതന്ത്രികൾ മീട്ടുന്ന രാഗമായി
സ്നേഹവായ്പ്പിലലിഞ്ഞുറങ്ങണം.

കെട്ടവാക്കുകൾ കേൾക്കാതെ കാതുകൾ കൊട്ടിയടയ്‌ക്കേണമെന്നുമേ
കനലുകൾ വാരിയെറിയുന്നവരിൽനി-
ന്നൊരുകാതമകലെ നടക്കണം.

പ്രിയമേകുമോർമ്മകളിൽ മുഴുകണം
പ്രിയമുള്ളവരോടുചേർന്നു നില്ക്കണം
നാളെയെന്ന പ്രതീക്ഷയോടൊപ്പമായ്
നാമിന്നൊരുമയാൽ  വാണീടണം.

Monday, February 17, 2020

മധുര സ്മരണകൾ

എത്രനാൾ കാത്തുനിന്നെന്നറിയില്ല
നിന്നെയും നോക്കിയാ, ഈടവഴികൾ
പുൽക്കൊടിതുമ്പിലെ മഞ്ഞുകണം
നിൻ മിഴിയിലെഴുതുവാൻ തുടിച്ചുവല്ലോ.

തളിർത്തുനിൽക്കുന്നാ ചില്ലകളൊക്കെയും
മെല്ലെതലോടുന്നോർമ്മതൻ വിശറിയാൽ
ലജ്ജയാലിടംകണ്ണിട്ടു നോക്കിയാനാൾ
ഇന്നലെയെന്നപോൽ ചിരിച്ചുനിൽപ്പൂ..

ആരോരും കാണാതെയാദ്യമായ് നീ
നെറുകയിൽനൽകിയ സ്നേഹഭാഷ
മറ്റാരുംകേൾക്കാതെ മധുരമായി ചൊല്ലി
മിഴികളാൽ  മൊഴിയുന്ന മൗനഭാഷ.

നടവീഥികൾ നമ്മൾക്കായ് വിജനമായി
കളങ്കമില്ലാ സ്നേഹത്തിൻ സാക്ഷികളായി
ചെമ്പകപ്പൂമണമൊഴുക്കി സമീരൻ
ചുറ്റിനും പാറിപ്പറന്നു ശലഭങ്ങളും..

കാലങ്ങൾ കൊഴിഞ്ഞു, വഴികൾ പിരിഞ്ഞു
ഋതുക്കളോ പലവട്ടം മാറിവന്നു...
എങ്കിലും നമ്മളിലെ ഓർമ്മച്ചെപ്പിൽ
ഒരു മയിൽ‌പ്പീലിത്തുണ്ടായാ നല്ലകാലം..

സൗഹൃദക്കാറ്റിന്റെ സ്നേഹത്താലോടലിൽ
വീണ്ടും നാമൊന്നിച്ചു കൂടീടുമ്പോൾ
ജീവിതസായാഹ്നം രസകരമാക്കുവാൻ
ഓർത്തു ചിരിക്കാമിനിയാ സുവർണ്ണകാലം.

Monday, February 10, 2020

മൗനാനുരാഗം

എഴുതുവാനറിയില്ലയെങ്കിലും
വരികളിൽ മൗനമായി
വിരിയുന്നുവേതോ രൂപം.
പാടുവാനറിയില്ലയെങ്കിലും
ഹൃദയത്തിൽ വാചാലമായ്
ഇതുവരെ കേൾക്കത്തൊരു
സ്നേഹരാഗം.

നീലവിഹായസ്സിന്റെ
നറുനിലാവൊളിയിൽ
പൂമണമൊഴുകുംപോൽ
അറിയാതെയൊഴുകുന്നു
ഹൃദയവിപഞ്ചികയിൽ
പറയാതെപോയൊരാ പ്രണയം.

ഹിമമഴനനഞ്ഞൊരാ
നിശയുടെ വിരിമാറിൽ
കിനാവുകണ്ടു  മയങ്ങും നേരം
പരിഭവമോതി സുഗന്ധമായ്
പുലരികാണാത്തൊരു
നിശാഗന്ധി.

നിലാചേല ചുറ്റിയയവളുടെ
മോഹനരൂപത്തിൽ മയങ്ങി
പ്രണയം തുളുമ്പും യാമത്തിൽ
മുഴുതിങ്കൾ കൊതിയൂറിനിന്നു.

Saturday, February 1, 2020

കിരാതജന്മങ്ങളോട്

ജീവിച്ചിരിക്കുമ്പോൾ
ഒരുതരി സ്നേഹമേകാത്തവരേ..
 ഞാൻ മരിച്ചുകിടക്കുമ്പോൾ
കണ്ണുനീരൊലിപ്പിക്കാൻ വരരുതേ..

നീറിനിന്നു തേങ്ങിവിളിച്ചപ്പോൾ
എന്നെ അകറ്റിയോടിച്ചവരേ..
വഴി തിരഞ്ഞു വരരുതേ-
കണ്ണീരാർച്ചന നടത്തീടുവാൻ.

കൂടെയുണ്ടെന്ന് തോന്നിപ്പിച്ച്
തമ്മിലടിപ്പിച്ച്  ഭിന്നിപ്പിച്ചവരേ...
ചത്തുകഴിഞ്ഞുള്ള തേന്മൊഴികൾ
നിങ്ങളിൽ തന്നെ കുഴിച്ചുമൂടുക.

പേരിനുമാത്രമായി
ബന്ധുത്വം ചൊല്ലുന്നവരേ..
യാത്രാമൊഴിയിൽ പോലും
നിങ്ങളെനിക്കന്യർ മാത്രം.

സ്വാർത്ഥതയുടെ
കൊടുമുടിയിൽനിന്നുകൊണ്ട്
ബന്ധങ്ങളെ ബന്ധനമാക്കുന്നവരേ...
പാരിലെല്ലാവർക്കും നിശ്ചിതസമയം.

ഇമചിമ്മി തുറക്കുംവരെപ്പോലും
ആയുസ്സിനു ബലമില്ലാത്തവർ നമ്മൾ
ഇടുങ്ങിയ ചിന്താഗതിയാൽ
ജീവിതം തല്ലിയുടയ്ക്കുന്നുവല്ലോ..

തെളിനീരുപോലെയുള്ള മാനസങ്ങളിൽ
ചെളിവാരിയെറിഞ്ഞു രസിക്കുന്നവരേ...
കൊഴിഞ്ഞ് വീഴണ്ടവരാണ് നിങ്ങളുമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക

Sunday, January 5, 2020

പുലർകാല സ്വപ്നം

നാട്ടുവഴിയിലെ നാട്ടുമാവിൻചോട്ടിൽ
ഇത്തിരിനേരമിരുന്നിടേണം..
മാമ്പൂമണമുള്ള മന്ദസമീരന്റെ
കുളിർ തലോടലേറ്റിരിക്കേണം.

ഏറ്റുപാടുന്നൊരാ
കുയിലിന്റെ നാദത്തിൽ
ഓർമ്മകളെ പുൽകി മയങ്ങേണം.
കാതോർത്തിരുന്നൊരാ പാട്ടിന്റെയീണത്തിൽ 
പുഴയുടെ തീരത്തു നടക്കേണം.

മതിലുകളില്ലാത്ത ആകാശവീഥിനോക്കി
ബാല്യത്തിലെ കുസൃതികളോർക്കേണം
മനസ്സു തുറന്ന് പൊട്ടിച്ചിരിച്ചങ്ങനെ
എല്ലാം മറന്നു നടന്നിടേണം..

ആതിരപ്പൂക്കളുടെ ലാസ്യനടനം
കണ്ടാത്മാവിൽ കുളിരണിയേണം.
മഞ്ഞുകാലത്തിലെ ഹിമകണങ്ങളെ
മിഴികളിൽ ചുംബനമലരാക്കേണം..

പുലർകാലസ്വപ്നം കണ്ടുണർന്നപ്പോൾ
ചുറ്റിലും കലപിലശബ്ദം മാത്രം.
നാട്ടുവഴിയില്ല, മാമ്പൂമണമില്ല
എല്ലാമെന്നുള്ളിലെ ഗൃഹാതുരത മാത്രം.. !

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...