Tuesday, September 24, 2024

തേങ്ങൽ

 പൊട്ടിച്ചിരികളുയരുന്ന യാമങ്ങളിൽ

അടക്കിപ്പിടിച്ച ചില തേങ്ങലുകൾ ..

ഞെട്ടിയുണർന്ന മോഹങ്ങൾ കിനാമഴപോലെ പെയ്തിറങ്ങുമ്പോൾ ..

കരിയില മയക്കത്തിൽ

അമർന്നു പോയ നിശ്ശബ്ദത !

വന്യമായ മുരൾച്ചയിൽ..

ഭയത്തിന്റെ പുതപ്പിനടിയിലൊളിച്ചിരിക്കുമ്പോൾ,

കനംതൂങ്ങിയ മിഴികളിലെ 

വേപഥു കാണാൻ ആരുണ്ടിവിടെ ...?

പരമാർത്ഥം

അന്യരുടെ ആഗ്രഹങ്ങളെയും 

മോഹങ്ങളെയും സ്വന്തമാക്കി 

അത്യാർത്തിയോടെ

ജീവിതാസ്വാദനത്തിലാണ്ട

മർത്യർക്കറിയില്ലല്ലോ,

അവരുടെ കണ്ണീർശാപമേറ്റാൽ 

ദുരന്തമേൽക്കാൻ തലമുറകൾ

ബാക്കിയെന്ന പരമാർത്ഥം!

രിപുക്കൾ

മിഴിനീരിൽ തളിരിട്ട നൊമ്പരപ്പൂവുകൾ-

ക്കിത്രമേലാരേ നിറം കൊടുത്തൂ?

കളിയും ചിരിയും പിണക്കവുമായ് കൂടെ

വന്നവർ വിതറിയ സ്വപ്നങ്ങളോ?


കൂട്ടത്തിൽ തോഴരായ് കൂടെ വന്നുള്ളവർ

തോറ്റം പറഞ്ഞു രിപുക്കളായോർ. 

തോൽപ്പിക്കാൻ മാത്രം തുണയായി വന്നവ-

രാകെ രുധിരം കുടിച്ചു വീർത്തു.


പൊളികൊണ്ടു വേലികെട്ടുന്നവർ, പിടയുന്ന നെഞ്ചിന്റെ നോവറിഞ്ഞീലതെന്നോ!

ജീവിതം ഭൂമിയിൽ ഹോമിച്ചു തീരുമ്പോൾ 

നിറമില്ലാ മോഹങ്ങൾ ബാക്കിയെന്നും.

Saturday, August 10, 2024

ഒറ്റപ്പെട്ടവരുടെ നിശ്വാസങ്ങൾ

 കാർമേഘക്കൂട്ടിൽ നിന്നും 

താഴേയ്ക്കുപതിക്കുന്ന 

മഴമുത്തുകൾക്കിടയിൽ നിന്നും 

ഒറ്റപ്പെട്ടുപോയൊരുവളുടെ 

നിശ്വാസത്തിൻ സ്വനങ്ങൾ..!



ഒരുപാട് പേർക്കിടയിൽ നിന്നിട്ടും

ഏകാന്തതയുടെ തുരുത്തിൽ 

ഒരൽപ്പം ആശ്വാസത്തിനായി 

കേഴുന്ന മനസ്സിന്റെ വിങ്ങലുകൾ.


ഉള്ളിൽ കുമിഞ്ഞുകൂടും ഗദ്ഗദങ്ങൾ 

ആരുമറിയാതിരിക്കാൻ പാടുപെടുമ്പോൾ 

പങ്കായമില്ലാത്ത തോണിപോലെ 

ആടിയുലയുന്ന മനസ്സിലെങ്ങും

സ്വയം പറയുന്ന പരിവേദനങ്ങൾ മാത്രം.!



ആർക്കൊക്കെയോ വേണ്ടി നീറി 

ആരുമില്ലാതെയാകുമ്പോഴുള്ള നോവ് 

ആത്മനൊമ്പരമായി തിരയടിക്കുമ്പോൾ 

ആരുമറിയാത്ത ഉള്ളൊഴുക്കിൽ 

ഒറ്റപ്പെടലിന്റെ നിശ്വാസങ്ങൾ മാത്രം..!!



Saturday, June 15, 2024

പ്രയാണം

 വേഗമാർന്നുള്ള കാലപ്രയാണത്തിൽ,

വേഗമില്ലാതുള്ള ഹൃദയതാളം മാത്രം..!

എത്ര നാളിനിയുമീയോട്ടം തുടരണം 

കാഴ്ചകളൊക്കെയും മങ്ങിത്തുടങ്ങിയോ?

ചെയ്തവയൊക്കെയും ജലരേഖയായ്, ഇനി 

ചെയ്യുവാനുള്ളതോ ദുർഘടപാതയിൽ

ഗതകാലമൊന്നു നാം മാറ്റുരച്ചെങ്കിലോ,

ഘടികാരമൊന്നതിൻ മൂളിച്ച മാത്രമായ്!

ഈ വഴിത്താരയിലൂടെ നാമിനിയെത്ര

കാലം പ്രയാണം തുടരണമെന്നറിയീലാ!

Friday, June 14, 2024

ആശങ്ക

 ആഴങ്ങളിലേയ്ക്കാണ്ടുപോകുന്ന ഹൃദയത്തെ,പിടിച്ചുയർത്താനൊരു ശ്രമം!

വിജയിക്കുമോ?'... അറിയില്ല, എങ്കിലും

ഓർമ്മകളിൽ പറ്റിപിടിച്ച പായലുകൾ തുടച്ചുവെക്കാം.

മനസ്സിലെ തുന്നൽപാടുകൾ മായ്ച്ചുകളയാം. 

കണ്ണീരുപ്പില്ലാത്ത ഇത്തിരി തെളിനീർ കിട്ടിയെങ്കിൽ..!!

മഞ്ഞയിലകൾക്കിടയിലൂടെഒളിഞ്ഞു നോക്കുന്ന സൂര്യൻ 

പ്രഭാതത്തിന്റെയോ, അസ്തമയതിന്റെയോ..!?

അതെന്തായാലും, മഴവില്ലുതീർക്കുന്നസ്വപ്നത്തിൽ മിഴിയടക്കാം..!

Thursday, March 7, 2024

അരികിൽ വരൂ

  ഗാനം

*****---

പ്രണയമായെന്നിൽ നീയലിയുമ്പോൾ

കൃഷ്ണാ....

രാധയായ്, അറിയാതെ ഞാനാടുന്നുവോ?.

സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ

മീരയായ് ഞാൻ സ്വയം മാറുന്നുവോ?...

                              (കൃഷ്ണാ........)


തളരുന്ന നേരത്തു ദാഹമകറ്റാനായ്

യമുനതൻ തീരത്തു വന്നിരിക്കേ..,

കണ്ണാ, നീ പ്രേമകടാക്ഷങ്ങളെയ്യുമ്പോൾ 

പ്രണയിനിയായി ഞാൻ മാറുന്നുവോ?

                             (കൃഷ്ണാ.......)


മധുരമാം മുരളീഗാനത്തിൽ മുഴുകുമ്പോൾ

മാധവം പൂത്തുലയുന്നപോലെ!

തുടികൊട്ടിയാടുകയാണെന്നുമെൻ മനം

മുരളീധരാ നീയെന്നരികിൽ വരൂ...

                                   (കൃഷ്ണാ.......)







അടിമയല്ലവൾ

അടിമയല്ലവളൊരുനാളും വീടി-

 ന്നുടമായാണെന്നറിയുക!അന്യോന്യധാരണയാവണമധികാരം

അഹന്തയാലാർക്കു- മടിച്ചമർത്താനാവില്ലെന്നോർക്കണം.

അവകാശത്തോടെന്നും കൂടെനിർത്തിക്കൊ- 

ണ്ടഭിമാനത്തോടെ ചേർത്തുപിടിക്കണം.

തുല്യതയെന്നതൊരിക്കലും

വാക്കില,ല്ലതു കർമ്മത്തിലാവണം.

പരിണയം പരാജയമെങ്കിലിന്നേകയായ്

ധീരയായ് ജീവിച്ചുകാട്ടണം.

മകൾക്കായൊരു മുറി വീട്ടിലെപ്പോഴും

മാതാപിതാക്കൾ കരുതണമെപ്പൊഴും.

വേണ്ടാ സഹതാപം, പെണ്ണവൾ-

ക്കൊരു നല്ല ജീവിതം വിരിയട്ടെ നിർഭയം!!!

Thursday, February 22, 2024

അങ്ങനെയൊരു കാലം

ഒരുമയുണ്ടായിരുന്നോരു കാലമുണ്ടായിരുന്നു

ഒന്നിച്ചു ചിരിച്ചോരു നാളുകളുണ്ടായിരുന്നു..

ഒട്ടിയവയറിനൊരിറ്റു നൽകുവാനായി

ഒത്തൊരുമയുള്ള മനസ്സുമുണ്ടാരുന്നു.


ഒരിലപ്പൊതിച്ചോറ് കൊണ്ടെത്രയോ പേരവർ

ഒരുമയോടിരുന്നുണ്ട കാലമുണ്ടാരുന്നു

ഓർക്കുവാൻ ദുഖങ്ങളേറെയുണ്ടെങ്കിലും

ഓർമ്മിച്ചിടാനിന്നതൊരു സുഖമല്ലയോ..!


ഒത്തിരിപ്പേരിലൊറ്റപ്പെടാതിരിക്കുവാൻ 

ഒറ്റാതെ കൂട്ടിയ കൂട്ടുകാരുണ്ടാർന്നു 

ഒക്കത്തെടുത്തു നടക്കുന്നു ഞാനിപ്പോഴും

ഒരിക്കലുമൊടുങ്ങരുതീനല്ലൊർമ്മകൾ!!


ഓളങ്ങൾ തല്ലുന്നയുള്ളിലെ ചിന്തകളിൽ

ഓരിയിട്ടോടുന്ന പുതുകാല മോഹങ്ങൾ

ഓടിക്കിതച്ചു ശ്വാസം പിടയുമ്പോൾ

ഓർമ്മകൾ അക്കരപ്പച്ചയായ് മാറുന്നു.









Thursday, February 15, 2024

ശാന്തി തേടിയൊരു യാത്ര

ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ

ചെറുതുള വീഴ്ത്തിയകന്ന കാറ്റ്

പറയാൻ മറന്നുവോ വല്ലതും? ചൂളമി-

ട്ടോർമ്മപ്പെടുത്താൻ തുനിഞ്ഞുവോ വല്ലതും?


വെള്ളിവെളിച്ചത്തിലാനിഴലാട്ടത്തി-

ലാടിത്തിമിർക്കുന്നതേതു രൂപം?

എങ്ങുമശാന്തി പടർത്തും മുഖംമൂടി-

യേതൊരു കാപട്യമാർന്നതാവാം?


നിത്യവും പതറാതെ വാശികൾക്കിടയിൽ,

ദുരന്തങ്ങളാടുന്ന നെഞ്ചകത്തിൽ

ഒരു തെന്നലിന്നിളം മൂളലായ് തഴുകിയ

മധുരപ്രതീക്ഷകൾക്കിനിയുള്ള യാത്രകൾ!

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...