Wednesday, May 24, 2017

ചെറുവരികളിലൂടെ.....

നേരുപൂത്താൽ,
വേരോളം മണക്കും

പൂത്തുനിന്നോരു വാകമരച്ചോട്ടില്‍ ,
ചാറ്റല്‍മഴയ്ക്കൊപ്പം നാം..
പ്രണയതമ്പുരുമീട്ടിയ നിമിഷങ്ങള്‍.. !!
കൊഴിഞ്ഞുപോവാതൊരു 
സ്വപ്നമെങ്കിലും, ചില്ലയിൽ
പൂവിട്ടുകാണാനാശിച്ചനാൾ..!
വറ്റാത്ത സ്നേഹത്തിന്‍
സൌഹൃദപ്പാടത്തില്‍, പുഞ്ചിരിപ്പൂക്കള്‍
വാരിവിതറിയ ദിനങ്ങള്‍..!
ഓര്‍മ്മകള്‍ പൂക്കുന്ന
കലാലയ ദിനങ്ങളെന്നും നമ്മളില്‍
നിറയ്ക്കാറുണ്ടൊരു പൂക്കാലം !!

കുശിനിയിൽ 
തളച്ചിട്ട ബോൺസായ്.
മാതൃസ്നേഹം..!!

കായലോളങ്ങളേ,
നിങ്ങളുടെ കടലോർമ്മകളിൽ
എത്ര വേലിയേറ്റങ്ങളുടെ
ആവേശനിറവുകൾ....!
എത്ര പൗർണ്ണമികളുടെ
നിലാപ്പുളകങ്ങൾ.........!

കാത്തിരിപ്പിന്നാഴങ്ങളിൽനിന്നും
ഒരു മുത്ത്....!
പോറലേല്‍പ്പിക്കാതെ നെഞ്ചിൻ-
കൂട്ടിലെടുത്തുവച്ചപ്പോൾ
വീശിയ കാറ്റിന്, സ്വർഗ്ഗത്തിൻെറ
സുഗന്ധം....!

മലകൾ താഴ്വരയോട്
അടക്കംപറഞ്ഞത് നിലാവിന്റെ
സൗന്ദര്യത്തെക്കുറിച്ചായിരുന്നു;
രാപ്പാടികൾ പാടിയ പാട്ടിൽ
രാവാണ് നിറഞ്ഞുനിന്നത്....!

പ്രകൃതിയോട് 
ഇണങ്ങാത്തവരോട്
പ്രകൃതിയും ഇണങ്ങുകയില്ല.
അതാണ് പ്രകൃതിയുടെ പ്രകൃതം!

പ്രവാസിയല്ല ,
എല്ലാം പ്രയാസിയാണ്
ശുഷ്കഭാവി!!

മഴപ്പെയ്ത്തേറ്റ്
മണ്ണടരുകളിൽ നിന്നും
മുളപൊട്ടി തലനീട്ടുന്ന
അനുഭൂതികൾക്ക് എന്തിത്ര
സുഗന്ധം?
ആസ്വാദനത്തിന്റെ
താഴ് വേരുകളിലേക്ക്
പുളകങ്ങൾ പൂത്തിറങ്ങവേ,
മുറുകെപ്പിടിക്കാൻ നീട്ടുക
നിൻകരങ്ങൾ.......

വെറുപ്പിന്റെ മലനിരകളിൽ
സ്നേഹം നട്ടു പിടിപ്പിക്കാം,
അസഹിഷ്ണുതയുടെ കൊടുങ്കാട്ടിൽ
മൈത്രിയുടെ കാഹളം മുഴക്കാം,
അസൂയയുടെ കൊട്ടാരം,
വിനയം കൊണ്ട് കീഴടക്കാം......!

നിൻസുഗന്ധവുമായി,
കാറ്റു വരുന്നതും കാത്ത്,
ഈ ഹരിതതീരത്ത് ഞാനിരിക്കാം.

നീയാം ആകാശം 
ഞാനാം ഭൂമിയിലേക്ക്‌
തൂമഴയായി പൊഴിയുക ....!

കുരുത്തോലപ്പെണ്ണിന്‍റെ
പോക്കുവെയില്‍സ്വപ്നങ്ങള്‍ക്ക്
തിരമാലകളുടെ 
പശ്ചാത്തലസംഗീതം.

അരുണകിരണങ്ങള്‍ 
മിന്നിത്തെളിഞ്ഞപ്പോള്‍..
അലിഞ്ഞുചേര്‍ന്ന 
കിനാവിന്റെ തലോടലില്‍.. 
അടര്‍ന്നുപോകാന്‍ 
മടികാട്ടിയാലസ്യം...
ആര്‍ദ്രമായ മിഴികളെപ്പുണരുന്നു.

മാടി വിളിക്കുന്നിതാ
മരണത്തിൻ കൈകൾ
വേദനകളിനി വേണ്ടെന്നു ചൊല്ലി
ദേഹ൦ തളരുമീ നേരത്തുപോലും ;
ദൂരെനിന്നൊരട്ടഹാസം....!

ചുട്ടുപൊള്ളുന്നീ ഭൂമി,
എത്രനാൾ കാത്തിരിക്കണമൊരു
മഴപ്പെയ്ത്തിന്നാർദ്രത മുകരുവാൻ...

ഇരുളില്‍ ആകാശം 
പൂത്തുവിരിഞ്ഞപ്പോള്‍ 
പൊഴിയുന്നെന്‍ കദനങ്ങള്‍ 
നക്ഷത്രക്കുഞ്ഞുങ്ങളായി...!

പുറത്തേക്കൊഴുകാതെ
ഉള്ളിലൂടെ ഒഴുകുന്ന 
ആരു൦ കാണാത്ത
കണ്ണുനീർ ചാലുണ്ട്
കരളിൽ നിന്നൊഴുകി കണ്ണിൽ
എത്തുമ്പോഴേയ്ക്കും
വരണ്ടുണങ്ങി
ചുണ്ടിൽ പുഞ്ചിരിയായി
വേഷപ്പകർച്ചയോടെ 
പ്രത്യക്ഷപ്പെടുന്നവ....

ഒരിക്കലും വറ്റാത്ത
സ്നേഹനദിയിലൂടെ
കാരുണ്യത്തോണി തുഴഞ്ഞ്
കടലോളം ഒരു യാത്ര......!

വ്യര്‍ത്ഥമാകില്ലൊരുനാളും 
നാം ചെയ്ത സത്ക്കര്‍മ്മങ്ങള്‍ 
നഷ്ടമെന്നോര്‍ത്തു വിലപിക്കല്ലേ..
ശിഷ്ടകാലം തേടിയെത്തും വിധി 
കഷ്ടതകളാല്‍ നമ്മെ വലച്ചീടിലും
നിശ്ചലമായീ ദേഹം ദഹിച്ചാലും
ഉച്ചത്തില്‍ ഉയര്‍ന്നീടും
സത്കര്‍മ്മഫലങ്ങളെന്നും...

മൗനത്തെ പ്രണയിച്ച
വാക്കു പൂത്തപ്പോള്‍...
കറുത്തപ്രതലത്തിലെ
വെളുത്ത കുത്തുകള്‍ മാത്രം!

നീയെഴുതിയ വരികൾക്ക്
പകർത്താനായില്ലെൻമുഖം
നിന്‍ കരവിരുതിൽ
തെളിഞ്ഞില്ലയെന്‍ രൂപം
മധുരമായി നീ പാടും ഗീതികളിലിന്ന്
ഇടറുമൊരു രാഗം ഞാൻ.

എഴുതിത്തീരാത്ത വരികൾ-
ക്കിടയിൽ ഒളിഞ്ഞിരിപ്പൂ 
നീയാം സുരഭില കാവ്യം.

സ്നേഹംകൊണ്ടൊരു 
കൊട്ടാരം പണിയണം,
അതിന്റെ മട്ടുപ്പാവിലിരുന്ന്
സ്വപ്നങ്ങള്‍ നെയ്യുമ്പോൾ
ആയിരം നക്ഷത്രങ്ങൾ
ഇറങ്ങിവന്ന് നമുക്ക് ചുറ്റും
നൃത്തച്ചുവടുകൾ വെയ്ക്കും...

കാട്ടറിവുകളെ ഗർഭം ധരിച്ച
നാട്ടറിവുകളാണ് മനുഷ്യന്റെ 
നിലനില്പിന്റെ ആധാരശില.

മറവികൾ കവരുന്നതിൻമുൻപേ,
ഓർമ്മകളെ ആവോളം മുകരുക;
പ്രണയത്തിന്റെ ശാഖികളിൽ 
കൂടുകൂട്ടിയസ്വപ്നങ്ങൾക്ക് 
നിലാവിനെ കാവൽ നിർത്തുക.

എന്തെന്നറിയാത്തൊരു 
പ്രണയമാണിന്നു ഇരുട്ടിനോട്..
കട്ടിക്കരിമ്പടം പോലെ
ആസകലം മൂടുന്ന ഇരുട്ടിനെ...!

ചുട്ടുപഴുത്ത താഴ്വാരം
മാമ്പൂമണം കാറ്റിൽ,
ഈ ഉൾച്ചൂടിൻ വിങ്ങലിലും
കൊതിപ്പൂ മനം:
'ആ പരിമളം നീ
ആയിരുന്നെങ്കിൽ......'

പ്രകൃതിയുടെ
ഓരോ ചലനവും
ഒരു പുളകത്തിന്റെ
ചാഞ്ചാട്ടമാണ്;
കണ്ണും കാതും 
തുറന്നു വെച്ചവർക്ക്.







Saturday, May 6, 2017

ഹൈക്കു ശ്രമം

മിഴിക്കോണില്‍ 
തെളിയുന്ന വര്‍ണ്ണപ്രപഞ്ചം.
പ്രണയസ്വപ്നങ്ങള്‍


കാരുണ്യം തേടി
വിരുന്നുപോയ കാറ്റ്.
കാടിന്‍ സുഗന്ധം


ഏകാന്തതയുടെ
നിറച്ചാർത്തുകൾ.
സ്വപ്നമഴ


വെണ്മയേറിയ 
പുഞ്ചിരിപ്പൂവുകൾ .
പ്രണയസുഗന്ധ൦


ചോദ്യങ്ങളേറെ ,
നിദ്രാവിഹീനരാത്രി
സഞ്ചാരികൾ


ചക്രവാളം നോക്കി , 
 കേഴുന്ന മിഴിപ്പക്ഷി . 

അസ്തമയസൂര്യന്‍

കൊക്കുരുമ്മി 
ഇണക്കിളികൾ .
രാഗത്തിനീണ൦


കണ്ണാടിപ്പുഴയിൽ 
മുഖം മിനുക്കുന്നു 
ചാന്ദ്രനിലാവ്.


നീയെഴുതിയ
ഒറ്റവരിക്കവിത ഞാന്‍.
പൂ വിരിയുന്നു


ആടിയുലഞ്ഞാലും
സുഖകരമീ യാത്ര. 
ജീവിതത്തോണി


നോവുപാടത്ത്
പൂത്തു നില്‍ക്കുന്നു 
നീര്‍മിഴികള്‍


നിലാമഴയില്‍
നടനമാടുന്ന മനം.
പ്രണയത്തിര


മോഹപ്പൂമരം
തളിർത്തു പൂത്തു;
പുതുമഴപ്പുണരൽ.


കണ്ണുനീര്‍.
ഹൃദയച്ചെപ്പിലെ
നീര്‍മണികള്‍


രാമഴക്കാഴ്ച 
ഇലയില്ലാ മരത്തില്‍
നൂലില്ലാ പട്ടം


ചെറുമിപ്പെണ്ണ്‍
പുലരിയുടെ നോവ്‌
കട്ടന്‍ചായ.

കാക്കക്കുളി 
ചാറ്റല്‍മഴയില്‍.
ചോരുന്ന പുര 

ഇലയനക്കം.
തൊട്ടാവാടിയില്‍
ചെറു ശലഭം


കനലെരിയും ചിന്തയിലേക്കൊരു, സ്വപ്നരാഗം.

മുളംകാട്ടില്‍
അമൃതവര്‍ഷിണി..
ധ്യാനനിമഗ്നം

ടാകത്തില്‍,
മുഖം മിനുക്കുന്നു ..
ചാന്ദ്രനീലിമ

മഴത്തുള്ളിക്കും , മണ്ണാഴമറിയണം മഴമുഴക്കി !

ചെന്തുടിപ്പുമായി ആകാശക്കവിളുകൾ പുലരി പൂത്തു. കിനാത്തീരത്ത് നറുമഴപ്പെയ്ത്ത് നിൻ സാന്നിദ്ധ്യം. കനലെരിയും മനസ്സിന്നാഴങ്ങൾ ഏകാന്തരാവ്.

പ്രവാസിയല്ല ,
എല്ലാം പ്രയാസിയാണ്
ശുഷ്കഭാവി !!


ഉള്ളിലുണ്ടെറെ , വാക്കില്ലാമൊഴികൾ.. ലവ്ബേർഡ് !!


ഹൃദയതീരം വാക്കില്ലാമൊഴിതൻ പ്രണയപക്ഷി




ഭ്രാന്തന്‍ ചിന്തകള്‍

യുദ്ധം ചെയ്യും തോറും തോല്‍പ്പിക്കുന്ന ചിന്തകള്‍. വെട്ടിപ്പിടിക്കും തോറും മറവിയാഴങ്ങളില്‍ നിന്നും ഉടലെടുക്കുന്ന പിറവികള്‍ . പല്ലിളിച്ചു കാട്ടി പിന്നാലെയെത്തുന്ന പഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍ വെമ്പുന്ന മരണകെണികള്‍. പൊതുജനത്തിന്റെ കല്ലേറില്‍ ഒറ്റപ്പെട്ടുപോയ മനസ്സിനു സാന്ത്വനമേകാന്‍ മാടിവിളിക്കുന്ന ആത്മഹത്യാമുനമ്പുകള്‍.. ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍ തിരിച്ചുകൊത്തുമെന്നോര്‍ക്കാതെ മലര്‍ന്നു കിടന്നു തുപ്പുന്ന കീടങ്ങള്‍ .. ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്ന സ്വപ്നങ്ങള്‍ക്കിന്നും കാവലായി ഇന്നിന്റെ വേവലാതികള്‍ മാത്രം.. ഓര്‍മ്മകളെ ഇരുട്ടുമുറിയിലടച്ച് ചങ്ങലയ്ക്കിട്ടിട്ടും പൂത്തുനില്‍ക്കുന്നു മണ്ണാഴങ്ങളിലേക്ക് ചില വേരുകള്‍.

Sunday, April 30, 2017

കാവ്യാര്‍ച്ചന

ഒഴുകുന്ന പുഴയില്‍ പതിയാത്ത പാദങ്ങള്‍ ഒഴുക്കില്‍പ്പെട്ട് പോയ അടയാളങ്ങള്‍... അലയുന്ന മനസ്സില്‍ അണയാത്ത മോഹമായി കിനാത്തോണിയിലെ ഏകാന്തയാത്രകള്‍.. മുല്ലപ്പൂഗന്ധമേകും അനിലന്റെ തലോടലില്‍ ഓളം തല്ലുന്ന മിഴിപ്പീലികള്‍.. പ്രതീക്ഷ വറ്റാത്ത മിഴിച്ചിരാതു തെളിയിക്കാന്‍ തൂലികത്തുമ്പിലെ സ്നേഹാക്ഷരങ്ങള്‍.. അറിയാതെയെഴുതുന്ന വരികളിലെവിടെയോ.. മൂകമായെത്തുന്നു നിഴല്‍രൂപമായാരോ.. പൂത്തുലയുന്ന ഭാവനാകുസുമങ്ങളാല്‍.. കാവ്യാര്‍ച്ചന നടത്താന്‍ വെമ്പുന്നു മാനസം

Friday, April 21, 2017

കാലത്തിന്റെ നെടുവീര്‍പ്പ്

കടമെടുത്ത വാക്കുകളില്‍ 
നെടുവീര്‍പ്പിട്ടു കിടക്കുന്നുണ്ട്
ബാധ്യതയാകുന്ന ചില 
സന്തോഷങ്ങള്‍...
എത്ര വേണ്ടെന്നു വെച്ചാലും
തൊട്ടു തലോടി മനസ്സാഴങ്ങളില്‍
പറ്റിപിടിച്ചു കിടക്കും..
എറിഞ്ഞു പോയ കല്ലുപോലെ
നഷ്ടപ്പെടുമെന്നറിയാമെങ്കിലും
കൈവിടാതങ്ങനെ
ഒക്കത്തു ചേര്‍ത്തുപിടിക്കും..
നിലാപെയ്ത്തില്‍ സ്വപ്നം
കാണാന്‍ പഠിപ്പിക്കും
കിനാവില്‍ കുളിര്‍മഴ
പെയ്യിച്ച് കണ്ണുനീരാക്കും...
എന്നിട്ട്... ബാധ്യതകള്‍ മാത്രം
ബാക്കിയാക്കി മറ്റൊരാളുടെ
കൂടെ ഒളിച്ചോടിപ്പോകും..
ആരോടും പറയാനാവാതെ
നെഞ്ചിന്‍കൂടിനുള്ളില്‍ കിടന്നു
ശ്വാസംമുട്ടി മരിക്കാന്‍
വിധിക്കപ്പെട്ട ആമോദങ്ങള്‍
കൂട്ടുകാരന്‍ ചമഞ്ഞു വന്ന
ഒറ്റുകാരനെപ്പോലെ പടിയിറങ്ങും

Wednesday, April 19, 2017

ചെറുകവിതകള്‍

സത്യത്തിലൂടെ ധര്‍മ്മം പരിപാലിക്കേണം
കര്‍മ്മത്തിലൂടെ ധൈര്യം കൈവരിക്കേണം
ഉദയാര്‍ക്കനെപ്പോല്‍ പുഞ്ചിരി തൂകിടേണം
ആത്മവിശ്വാസത്താല്‍ ഉജ്ജ്വലമാവേണം.
അര്‍ഹിക്കുന്നവര്‍ക്ക് സാന്ത്വനമേവണം
ആത്മാര്‍ഥതയോടെ ജീവിതം നയിക്കേണം.
നമ്മളെപ്പോലെ പ്രകൃതിയെയും സ്നേഹിച്ച്
ഒത്തൊരുമയോടെ ഈ ഭൂവില്‍ വാണീടാം..


തോൽവിയിലും ഒളിമിന്നുന്നു
പ്രതീക്ഷയുടെ സൂര്യൻ;
മോഹപ്പക്ഷികളുടെ ചിറകടി


പൂക്കളായി ജന്മംകൊണ്ട്
വാടിക്കൊഴിഞ്ഞുവീണ
ഓർമ്മകളെനോക്കി
നെടുവീർപ്പിടവേ,
മരം ഓർത്തു:
കാലത്തിന്റെ
കണക്കുപുസ്തകത്തിന്റെ
ഒരു നരച്ചകോണിലെങ്കിലും ഞാൻ
അടയാളപ്പെട്ട് കിടക്കുമോ?
ഒരു ഇലത്തണലിന്റെ
പുണ്യമായെങ്കിലും.........


കൊയ്തെടുത്ത
കിനാക്കറ്റകൾ,പേമാരിയിൽ
ഒലിച്ചുപോയ്.....വിജനമീ തീരം.


പാതിരാവിനെ
പകുത്തെടുത്തു നീ,
രാക്കുയിലിൻ
കൂട്ടിൽനിന്നാവാം
നേർത്തതും 
മധുരം തുളുമ്പുന്നതുമായ
ഈരടികൾ
ഒഴുകിവരുന്നത്;
പുലരിയിലേക്ക്
ഇനിയുമെത്രയോ
ദൂരം ബാക്കി.......!





Monday, April 17, 2017

മനസ്സാക്ഷി:

മറന്നു വെച്ചോരാ
വാക്കിനായിന്നു നാം തിരഞ്ഞു നടക്കുന്നു
വഴിയേയിങ്ങനെ... തളര്‍ന്ന പാദങ്ങള്‍ പിന്നോട്ട് വലിക്കവേ,
തളരാതിന്നും മുന്നേറുന്നു പ്രതീക്ഷകള്‍ കഴിഞ്ഞ കാലത്തിന്‍
ശേഷിപ്പിലൊന്നായി കാത്തുവെച്ചോരാ
അടയാളമല്ലെയോ മറവിതന്‍ കാരാഗ്രഹത്തിൽ പിടയുന്നു.. കെട്ടകാലത്തിനൊപ്പം
കൂട്ടായിട്ടെപ്പോഴോ.. ഹൃത്തില്‍ പറ്റിപ്പിടിച്ച
വാക്കിന്നർഥമറിയാതെ ഉഴലുകയാണിന്ന്.... കണ്ടു കിട്ടുവാനെളുതല്ലയിന്നീ
ലോകത്തു നന്മ നിറഞ്ഞ വാക്കും പ്രവര്‍ത്തിയും .

Thursday, April 13, 2017

വിഷുക്കാഴ്ച ..


പൊന്‍വെയില്‍ കുറിതൊട്ട് വന്നു നാട്ടുമാവില്‍ കായ്കള്‍ നിറഞ്ഞു കർണ്ണികാരം പൂത്തുലഞ്ഞു വിഷുപ്പക്ഷി പാട്ടുകൾപാടി വിളിച്ചു മേടം പിറന്നേ, വിഷു വന്നല്ലോ പൊന്‍കണി കാണാന്‍ വായോ. നല്ല നാളെയോരുക്കുവാന്‍ വേണ്ടി വിത്തു വിതയ്ക്കാന്‍ വായോ.. ചന്ധനഗന്ധമേകും ഇളം കാറ്റില്‍ മുത്തശ്ശിയോര്‍മ്മകള്‍ ചൊല്ലുന്നു കളഭ കുംകുമചാര്ത്തിനാലിന്നു കണ്ണനെ ഒരുക്കുവാനാരുണ്ട്.. വിഷു സദ്യയോരുക്കുവാന്‍ ആളുണ്ടോ.. കണ്ണനെയൊരുക്കിയും സദ്യയൊരുക്കിയും മുത്തശ്ശി
കാത്തിരിയ്ക്കുന്നുണ്ടേ.. കൈനീട്ടവുംവാങ്ങിസദ്യയുമുണ്ടിട്ട് പോയിടാം നമ്മൾക്കു ഓര്‍മ്മകളുമായി..

Tuesday, April 11, 2017

മഴപ്പക്ഷികള്‍

അകലുവാൻ മാത്രമായി അടുക്കുന്നയിഷ്ടങ്ങൾ
പാതിവഴിയിൽ പിരിഞ്ഞിടുമ്പോൾ..
മിഴിചെപ്പിനുള്ളിൽ ഒളിച്ചിരിക്കുന്നിതാ
ആകാശം കാണാത്ത മഴപ്പക്ഷികൾ !
ഇടനെഞ്ചിനുള്ളിൽ വിരാജിക്കും ദുഃഖങ്ങൾ ,
മറ്റാരും കാണാതിരിക്കാനായി
ഇമചിമ്മിയടയുന്ന നേരത്തുപോലും
ഒളിച്ചിരിക്കുന്നിതാ മഴപ്പക്ഷികൾ !
അരുതാത്ത കാഴ്ച്ചകൾ കണ്ടുമടുക്കുമ്പോൾ
അരുതേയെന്നോതുവാൻ ത്രാണിയില്ലാതെ,
അമ്മമഴക്കാറിന്‍റെ ചിറകിലൊതുങ്ങി
ഒളിച്ചിരിക്കുന്നിതാ മഴപ്പക്ഷികൾ !
ധർമ്മവും നീതിയുമറിയാത്തവർക്കായ്
പെയ്തൊഴിയാനിനി നേരമൊട്ടില്ല
മിഴികൾക്കുള്ളിൽ ഒളിച്ചിരിക്കുന്നിതാ
സർവ്വംസഹയായ മഴപ്പക്ഷികൾ..!
ഞാനും നീയുമെന്ന വാക്കിനകലങ്ങൾ കൂട്ടി
നാമെന്ന വാക്കൊരു ശൂന്യതയാകവേ
നഷ്ടസ്വപ്നങ്ങൾക്ക് കൂട്ടിരിക്കാനില്ലെന്നോതി
ളിച്ചിരിക്കുന്നിതാ .. മഴപ്പക്ഷികൾ.!!

Monday, April 10, 2017

ചങ്ങലകള്‍

തെറ്റിദ്ധരിക്കപ്പെടുന്ന
ചില ബന്ധങ്ങളുണ്ട് വിട്ടകന്നാലും ചാഞ്ഞ
മാവിന്കൊമ്പിലെ കല്ലേറുപോലെ
ചതഞ്ഞു കിടക്കും. എറിയാനറിയുന്നവര്‍
താല്‍ക്കാലികമായെങ്കിലും വിജയിയെന്നു സ്വയം വിശ്വസിക്കും പുതുമഴയില്‍ കുരുത്ത
തകരകള്‍പോലെ മാത്രമാണ്
അതിനായുസ്സെന്നറിയാതെ...
പിടിച്ചു വാങ്ങുന്നതിനു
നിലനില്‍പ്പില്ലെന്നു മനസ്സിലാക്കാതെയുള്ള
നെട്ടോട്ടത്തില്‍ അര്‍ഹതയില്ലാത്തതിന്റെ പിറകെ ഓടിത്തളര്ന്നു കിതയ്ക്കുന്ന ചിലര്‍..
കടപ്പാടുകളുടെ
തൂക്കുകയറില്‍ ശ്വാസംമുട്ടി മരിക്കുന്ന
ചില ബന്ധങ്ങളുണ്ട്, കയ്ച്ചിട്ടിറക്കാനും
മധുരിച്ചിട്ട് തുപ്പാനും വയ്യാത്തവ....
ഇത്തിള്‍ക്കണ്ണിപോലെ
കൊണ്ടേ പോകൂവെന്ന തരത്തിലുള്ള ബന്ധങ്ങള്‍,
ബന്ധനസ്ഥനായ നിരപരാധിയെപ്പോല്‍
മുറിവേറ്റു വീഴുന്നു..
തിരഞ്ഞെടുക്കുന്നത്
നന്നായില്ലെങ്കില്‍ തിരസ്കരിക്കപ്പെടുന്ന
ജീവിതം പോലെ അലഞ്ഞുതിരിഞ്ഞു
ദാഹിച്ചുമരിക്കുന്നു ചിലര്‍ .. കാട്ടുപാതയേക്കാള്‍ ഭീകരമാണ് ,
ആത്മാര്‍ഥതയില്ലാത്ത
ബന്ധങ്ങള്‍ക്കിടയിലൂടെയുള്ള സഞ്ചാരം.

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...