Monday, July 23, 2018

രണഭൂമി

മദം പൊട്ടിയോടും മതത്തിനു പിന്നാലെയോടുമ്പോള്‍ മനം പിടയ്ക്കുന്ന മരിച്ച കാഴ്ചകള്‍ മാത്രം ..! പണയം വെച്ച തലച്ചോറുമായി പണത്തിനു വേണ്ടി ഓടുവോരേ... പണിയായുധങ്ങള്‍ എത്രയോയില്ലേ പട്ടിണിയില്ലാതെ ജീവിച്ചീടുവാന്‍.. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പോലെ ഉറ്റവരില്ലാത്ത ബന്ധങ്ങളേറുന്നു . ഉടലുകള്‍ വീണുരുളുന്നു തെരുവില്‍ ഉണരാത്ത നിദ്രയിലലിയുന്നു ഉയിരും .! എന്തിനു വേണ്ടി നാം തമ്മില്‍തല്ലീടുന്നു .. എന്തിനു വേണ്ടിയീ കൊലവിളി നടത്തുന്നു . എവിടുന്നോ വന്നവര്‍ 
എവിടേക്കോ പോകേണ്ടവര്‍ ഏഴകളായീ ഭൂവില്‍ മരിച്ചുവീണീടുന്നു ..!

Monday, July 9, 2018

ഒറ്റവരിക്കവിത

ഞനൊരു ഒറ്റവരിക്കവിത .. നിൻ മനതാരിൽ ഒരായിരം വർണ്ണങ്ങൾ വിരിയിക്കും സ്നേഹപ്പൂക്കളെ നീഹാരമണിയിക്കും കുളിർക്കവിത...... ഞനെന്ന ഒറ്റവാക്കിൽ നിന്നും നാനാർത്ഥങ്ങൾ തേടി നിന്നിലേക്കു ഒഴുകിയെത്തുന്ന പ്രണയകവിത ..! അതെ, ജീവിതത്തിന്റെ നാനാർത്ഥങ്ങൾ തേടിയലയുമൊരു ഒറ്റവരിക്കവിത ..!

Tuesday, July 3, 2018

സന്ദേഹം

ശൂന്യമാം ഹൃത്തില്‍ നിന്നുയരുന്ന ഗീതമിന്നേതു രാഗത്തില്‍ ഞാന്‍ പാടിടേണം? നോവും മനസ്സില്‍ നിന്നിടയ്ക്കിടെ ഇടറിവീഴുന്നു ചിതറിയ വാക്കുകള്‍ ....
ആരൊക്കെയൊ ചുറ്റിനും
നിന്നാര്‍ത്തട്ടഹസിക്കുന്നു .. പിന്നേയുമാരൊക്കയോ പരിഹസിച്ചുചിരിക്കുന്നു .. സഹതാപരൂപേണ സാന്ത്വനമകി ജീവിത നാടകമരങ്ങേറ്റുന്നു ചിലര്‍ ..! മോഹിനികളായി ചമഞ്ഞു പൂതനയായി മാറുന്നരൂപികള്‍ .. വാക്ചാരുതയാല്‍ കളിവാക്കോതിയവര്‍ പിന്നെ വാക്കിനെ വാളാല്‍ മുറിക്കുന്നു .....!
ഒരു നാള്‍..... ഒരു നടുക്കമോടെ എല്ലാം ഒടുങ്ങി ശമിക്കുമായിരിക്കും.....!?

Thursday, June 28, 2018

ഊർന്നു പോയവള്‍

ബാല്യത്തിൻ നിറയും 
കുസൃതിയായവൾ....
ഈറൻ മണ്ണിൻ നനവുള്ള
കൗതുകമിഴികളുമായ്, താഴ്വാരത്ത്
കുഞ്ഞിളം പാദങ്ങളാലോടിക്കളിച്ചവൾ...
കാമത്തിൻ പൈശാചികർ ആ തളിർ മേനിയിൽ,
ദംഷ്ട്രകളാഴ്ത്തിയപ്പോൾ,അവളുടെ,
മിഴികളിൽ നിഴലിച്ച ദൈത്യതയുടെ
ആഴ മെത്രയായിരിക്കണം?!
ചവച്ചു തുപ്പിയ ബാല്യം ബലിയർപ്പിച്ചു കൊണ്ട്,
ഒരു മഞ്ഞുകണം പോലെ ,അവൾ
ഏതു താഴ്വാരത്തിലേക്കാവും ഊർന്നിറങ്ങിയത് ?

ചെറിയ ചിന്തകള്‍

പെയ്യാൻ വെമ്പുന്ന 
കാർമേഘങ്ങൾ
മിഴിപ്പീലിയിൽ ഊയലാടവേ ..
പിണങ്ങിപ്പോയൊരാ 
ഓർമ്മച്ചിന്തുകൾ 
കരളിൽ കനവുകൾ നെയ്യുന്നു..

..........................................
വരൂ .. 
പോകാം നമ്മൾക്കാ ഷാരോണിൻ തീരത്തേക്ക്
ഹൃദയാകാശത്തിലെ 

സ്നേഹപ്പറവകളെ പറത്തിവിടാo.. 
ആ സുന്ദരതീരത്ത്....!
.................................................
നീറിപ്പിടിക്കുമീ മനസ്സിന്റെ വേദന 
മിഴിനീരാലൊന്നു കഴുകിയപ്പോൾ
നേരിൻ വഴിയിൽ കേട്ടുവോ കാലത്തിൻ 
നേർത്തൊരു നോവിൻ പദനിസ്വനം.

.....................................................
തമ്മിൽ തമ്മിൽ വെട്ടി മരിക്കാൻ
ആയുധത്തിനു മൂർച്ചകൂട്ടുന്നവരേ,
ആരാണ് നിങ്ങളുടെ ദൈവം?

.............................................
വേനലിൻ കാഠിന്യത്തെ
വാടാതെ ചെറുക്കുന്ന 
വേദനകളിലൊന്നും
പതറാതുളളം കാക്കും
ഏതു കാറ്റിലുമുലയാതെ
നില കൊള്ളുമൊരു
പെൺപൂവാവണം.

................................................

നഷ്ടസ്വപ്‌നങ്ങൾ.


പ്രണയവരികൾ
ഉൾവലിഞ്ഞതിനാലാണോ
തൂലികയിലെ മഷി 
വറ്റിപ്പോയത്..!
നഷ്ടങ്ങളുടെ വേലിയേറ്റത്തിരയിൽ
അമർന്നുപോയ ചില തേങ്ങലുകൾ
ഇടയ്ക്കെപ്പോഴോ തൂലികത്തുമ്പിൽ
നിന്നും ഇടറിവീഴുന്നു .
പിച്ചവെച്ച സ്വപ്നങ്ങൾ പാതിവഴിയിൽ കൊഴിഞ്ഞുവീണപ്പോൾ
ഇടിവെട്ടിപ്പെയ്ത മഴയെ
ആലി൦ഗന൦ ചെയ്തു
നിർവൃതിയണയുന്ന മിഴിപ്പക്ഷികൾ .
മഴനൃത്തത്തിൽ പുളക൦ കൊള്ളുന്ന
ഭൂമിതൻ മാറിൽ അമരാൻ
വെമ്പൽകൊള്ളുന്ന മനസ്സിനെ
വരച്ചുകാട്ടാനാവാതെ വിഹ്വലയായി
വിതുമ്പിനിൽക്കുന്നു എൻ എഴുത്താണി ..!

ഏകാന്തത.

കഷ്ടനഷ്ടങ്ങളിൽ
എനിക്കു കൂട്ടായി നിൽക്കുന്ന
ഇഷ്ടതോഴിയാണിന്നേകാന്തത ..!
ഒറ്റയ്ക്കിരിക്കവേയൊരുപാടുസ്വപ്നങ്ങ-
ളേകുന്ന സുമുഖിയാമേകാന്തത.
മൗനത്തിൽ മിഴി പൂട്ടി
നിൽക്കുമെൻ മനസ്സിനു
ശാന്തതയേകുന്ന കൂട്ടുകാരി ...
ഓടിത്തളർന്നൊരെൻ
ജീവിതയാത്രയിൽ
പിരിയാത്ത സഖിയാണീയേകാന്തത.
മൃതിവരുംനേരത്തുമെന്നെ പിരിയാത്ത
ചിരകാല പ്രണയിനി ഏകാന്തത ...!

പുലരി.


മധുരമായ് പാടിയുണർത്തിയാ പൂങ്കുയിൽ
മാനസവാതിലിൽ മുട്ടിയപ്പോൾ
അരുണ കിരണങ്ങൾ മെല്ലെ തലോടിയെൻ 
മിഴികളിൽ പൊൻവെളിച്ചം പകർന്നു ..
മഴത്തുള്ളിത്തിളക്കത്തിൻ പുടവചുറ്റി
മണവാട്ടിയെപ്പോലവളൊരുങ്ങിവന്നു ..
സ്നേഹക്കൂടൊരുക്കിക്കൊണ്ടവളെന്റെ കിനാക്കൾക്ക്
നിറച്ചാർത്തിൻ പ്രഭചാലിച്ചടുത്തുനിന്നു

ഇഷ്ടസത്യങ്ങള്‍

ചിരിക്കുന്ന മുഖങ്ങളെല്ലാ൦
സൗഹ്യദമല്ലെന്നു കാട്ടിതന്ന
കാലമേ നിന്നൊടെനിക്കിന്നിഷ്ട൦ ..
കപടത നിറഞ്ഞ 
മധുരവാക്കിനേക്കാൾ
കയ്പേറിയ യാഥാർഥ്യത്തെയാണിന്നെനിക്കിഷ്ട൦..
അഭിനയിക്കാനറിയാത്ത ജീവിതമേ
നിന്നോടാടെനിക്കിന്നു൦ പ്രണയ൦ ..!
സത്യവു൦ ധർമ്മവും പൂമഴപെയ്യിക്കു൦
നാളുകൾക്കു കുടപിടിക്കാൻ
കാലമേ .. നീമാത്ര൦ സാക്ഷി ..!
ഭൂമിയെ മറന്നു ആകാശക്കൊട്ടാര൦
പണിയുന്നവരേ ..
താഴേക്കു വീണാൽ
നിങ്ങളെ താങ്ങുവാനാരുണ്ട്..
ആയുധ മൂർച്ചയിൽ പോരാടു൦ മനുജരേ ..
സ്യഷ്ടിയു൦ സ൦ഹാരവു൦ നിൻവഴിയല്ലെന്നോർക്കുക ..

യാത്രക്കിടയിൽ...

ചുറ്റിലു൦ ഒച്ചപ്പാടുകൾ...
എന്നിട്ടു൦ എന്റെ ചെവിയെന്തേ 

കൊട്ടിയടയ്ക്കപ്പെട്ടു ..!
എവിടെയു൦ നല്ല വർണ്ണപ്പൂക്കൾ...
എന്റെ കണ്ണിൽ മാത്രമെന്തേ
ഇരുൾ പടരുന്നു ..!
ആരൊക്കെയോ അലറുന്ന ശബ്ദങ്ങൾക്കിടയിലെ
അമരുന്ന നേർത്ത തേങ്ങലുകൾ....
എനിക്കു മാത്രമെന്തേ കേൾക്കാൻ പറ്റുന്നു ..!
അതെ..
ആരു൦ കേൾക്കാത്ത,
ഞാൻ മാത്ര൦ കേട്ട
ആ നിലവിളിക്കരികിലേക്കു
എനിക്കെത്തണ൦..
രാവിനു കൂട്ടായി ചീവീടിന്റെ കരച്ചിൽ മാത്ര൦..
എന്നെയു൦ കാത്തു
ആരോ ഉപേക്ഷിച്ചുപോയൊരു കടത്തുതോണി ..
വഴികാട്ടിയായി മിന്നാമിന്നി വെളിച്ചം.
എന്നോ എഴുതിയ കവിതയുടെ
ഈരടി മൂളി പുഴയോളങ്ങളെ
വകഞ്ഞു ഗതിയറിയാതെ തുഴയുമ്പോൾ ..
ആരുമില്ലാത്ത ആ ഒറ്റത്തുരുത്ത്
എന്നെമാത്ര൦ മാടിവിളിക്കുന്നു

ഞാനു൦ ആ ശാന്തതയുടെ തീരത്തേക്ക്...! ..!
എവിടെനിന്നോ വന്നൊരു സ്നേഹത്തെന്നലിൽ 
നിശാഗന്ധി പൂത്ത പരിമളത്തോടൊപ്പ൦ 

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...