Wednesday, May 15, 2019

സ്മൃതിയോളങ്ങൾ

സ്മൃതിയോളങ്ങൾ. --
-----
ഇലഞ്ഞിപ്പൂമണമൊഴുകി വരുമ്പോൾ
ഹൃദയം പൂക്കുമൊരു പൂവാടിയായി..
തരളിത മോഹം പാറി നടന്നൊരു
പഴമതൻ വനികയിലെ പൂത്തുമ്പിയായി..

വിരുന്നെത്തും സന്ധ്യയെ വരവേൽക്കുവാൻ
ഉയരുന്നു  കീർത്തന നാമങ്ങളുച്ചത്തിൽ
അകത്തിണ്ണയിൽ ഉണ്ണികൾക്കൊപ്പമിരിക്കുന്ന
വിറയാർന്ന ശബ്ദവും ഓർമ്മയിലായി..

പക നട്ടു വളർത്തുന്നു നമ്മളിന്നീ ലോകത്തു
പൂക്കുന്നു കായ്ക്കുന്നു വാശി വൈരാഗ്യങ്ങൾ
തൊട്ടു തലോടി കാര്യങ്ങൾ, കഥകളായി
ചൊല്ലിക്കൊടുക്കുവാൻ ആരുമില്ലാതായി..

കുടുംബബന്ധങ്ങൾ അകന്നുപോയീടുന്നു
കാലത്തിനൊപ്പമെത്താൻ  ഓടിത്തളരുന്നു
മൊബൈൽ ബന്ധങ്ങൾ തഴച്ചുവളരുമ്പോൾ
അണുകുടുംബങ്ങൾ ശിഥിലമായി തീരുന്നു.

പാതിവഴിയിൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ
കൊഴിഞ്ഞ ഇലകൾക്കൊപ്പം അഴുകീടുമ്പോൾ
നഷ്ടങ്ങളെ മറക്കും സുഖഭോജികളപ്പോൾ
പാതിരാപ്പൂക്കളായി വിരിഞ്ഞു നിൽക്കുന്നു.

പഴമയിലുണ്ടായിരുന്നൊരു നന്മസുഗന്ധം
ബാല്യത്തെ തഴുകിയകന്നു പോയീടുമ്പോൾ
ഇന്നത്തെ കാലത്തിനൊപ്പം പായാനാവാതെ
മനസ്സിനെ ചങ്ങലയ്ക്കിട്ടു മൗനത്തിലാവുന്നു.
(ശ്രീരേഖ എസ് )

Thursday, May 9, 2019

'ഉടഞ്ഞ കണ്ണാടി'കൾ

'ഉടഞ്ഞ കണ്ണാടി'കൾ.
---------
എത്ര ശ്രദ്ധിച്ചാലും
ഇറ്റിറ്റു വീഴും ചില
പഴയ മുറിവിലൂടെ
നിണതുള്ളികൾ.

ഏത്ര ശ്രമിച്ചാലും
അടർന്നു വീഴും
ഉള്ളിലൊളിപ്പിച്ച
ചില തേങ്ങലുകൾ.

വേണ്ടെന്നു വെച്ചാലും
നമ്മെ തേടിയെത്തും
അതിമോഹത്തിന്റെ
വികൃത വിത്തുകൾ.

മരണത്തെ കാത്ത്
ആത്മഹത്യ  മുനമ്പ്
തേടിയലയുന്ന ചില
നഷ്ടസ്വപ്നങ്ങൾ.

ഭൂമിയെ പറുദീസയാക്കി
ആരോരുമറിയാതെ
പാപക്കനി ഭക്ഷിക്കാൻ
പ്രണയത്തെ അശുദ്ധമാക്കുന്ന
ജീവിത പങ്കാളികൾ.

എല്ലാം കണ്ടും കേട്ടും
ശൂന്യതയുടെ പ്രതലത്തിൽ
ആണിയടിച്ച കുറെ
മരവിച്ച മനസ്സുകളും.. !

Friday, May 3, 2019

കൊഴിഞ്ഞ ദളങ്ങൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേക്ക്‌
ആഴ്ന്നിറങ്ങിയ നൊമ്പരശീലുകൾ
കാത്തിരിക്കുന്ന സ്വപ്നത്തേരിൽ
ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായി വീഴുന്നു.

നിർത്താതെ പെയ്തൊരാ പേമാരിയിൽ
നനഞ്ഞവളെന്നോടൊട്ടി നിൽക്കവേ
ആരോരും കേൾക്കാതെയടക്കിയ
ഗദ്ഗദമെന്നുടെ തൂലികയിൽ വരികളായി.

ചിലതു പൂക്കളായി വിരിഞ്ഞുനിന്നു
ചിലതുമൊട്ടിലേ കരിഞ്ഞുപോയി
മറ്റാരുമറിയാതെയുള്ളിന്റെയുള്ളിൽ
പാകാൻ പാകത്തിനൊളിച്ചവ വേറെ.

വിതുമ്പിലിനിയുമീ  ചുണ്ടുകൾ
തുളുമ്പില്ലിനിയുമീ  മിഴികളും
ഇനിയെത്രനാളുണ്ടെന്നറിയാതെ
ഒരുനാൾ മൗനയാത്രയിലായീടും.

ശാശ്വതമല്ലാത്തയീ  ലോകത്തെ  നാം
സ്വർഗ്ഗമെന്നു കരുതുന്നതല്ലോ തെറ്റ്
പ്രതീക്ഷയിൽ മാത്രം തീരുന്ന ജന്മങ്ങൾ
ഒടുങ്ങുന്നതുമീ ഭൂമിയിൽ തന്നെ.. !

Wednesday, April 17, 2019

കണ്ണനെ കാത്ത്

എരിഞ്ഞു തീരുന്നു കണ്ണാ, നിൻമുന്നിലായ്
ഒരു ചെറുതിരിവെട്ടമായിന്നു ഞാൻ
ഒഴുകി തീരാത്ത മിഴിനീർ തുടയ്ക്കുവാൻ വൈകുവതെന്തേയിനിയുമീ സന്ധ്യയിൽ

പറഞ്ഞു തീരാത്ത നൊമ്പരപ്പൂക്കളായ്
നിന്നെയും കാത്തു ഞാനിരിക്കവേ
പാണികൾ കൂപ്പിയുരുകുന്നു നിന്നിടം
പാദാരവിന്ദം കഴുകുമെന്നശ്രുവാൽ

തളർന്നുപോയി ഞാൻ ദുരിതങ്ങളേറവേ
തണലില്ലാതെ കുഴഞ്ഞു വീണീടുന്നു
കളിചിരി മതി, വരിക നീയെന്നിടം
താങ്ങായെനിക്കൊന്നു ചാരുവാൻ

ഗുരുവായൂരമ്പലനടയിലഗതിയായ്
കൂടെ നീയെന്നെ കൂട്ടിടും നേരവും.. നാമജപകീർത്തനമാലപോൽ
നിന്നിലലിയുവാൻ മോഹം മഹാമതേ..

Wednesday, April 10, 2019

മേടക്കിനാവുകൾ


ഉമ്മറക്കോലായിലൊറ്റയ്ക്കിരിക്കുമ്പോൾ 
പണ്ടത്തെപ്പാട്ടുമായ് തെന്നലെത്തി

മുറ്റത്തെ മാവിൻ്റെ തുഞ്ചത്തിരുന്നൊരാ
പൂങ്കുയിൽ മൂളിയ രാഗമെത്തി

എങ്ങോ മറഞ്ഞൊരാ നല്ല കാലത്തിനെ
ഓർമ്മയിൽപ്പാടും കിളിമകളും

വാടിതളർന്നോരാ കർണ്ണികാരങ്ങളെ
വിരിപ്പുണരുവാൻ നീലരാവും

താരകസൂനങ്ങൾ മിന്നിത്തിളങ്ങുന്നു,
താരകരാജനെഴുന്നള്ളുന്നു

മേടമൊരുങ്ങുന്നു കണ്ണനെ കാണുവാൻ
വാടാത്ത കൊന്നപ്പൂ പുഞ്ചിരിച്ചൂ

ഉണ്ണികളോടിക്കളിക്കും തൊടികളിൽ 
ഓർമ്മകൾ വാടാതെ പൂത്തുനിൽപ്പൂ

മുറ്റത്തെ മൂവാണ്ടൻ മാമരച്ചോട്ടിലായ് 
വാചാലമാകുമെൻ മൗനങ്ങളും.

ബാല്യം നുണഞ്ഞ, യിളനീരിൻ മാധുര്യം
കൗമാരം പൊട്ടിച്ചിരിച്ച കാലം

യൗവനം താണ്ടിയതിർ വരമ്പൊക്കെയു-
മാടിയുലയുന്ന വാർദ്ധക്യവും 

നീളും മിഴികളിൽ നീർമുത്തുതുള്ളികൾ
മെല്ലെക്കവിൾത്തടമോമനിപ്പൂ

നന്മകൾ മാത്രം നിറഞ്ഞൊരാ പാത്രത്തിൽ 
നോവുകളെന്നും വിഷുക്കണിയേ.

Thursday, March 28, 2019

ക്ഷണം


എന്നുള്ളം കാണാത്ത നിന്നിലേക്ക്
ഞാൻ ഒലിച്ചിറങ്ങിയപ്പോൾ
നിന്നുള്ളം നിറഞ്ഞുവോ?

ഇടനെഞ്ചിൽ തുള്ളും
പ്രണയമഴയിൽ നനയാൻ
ഇനിയും നീ കൂട്ടായി വരുമോ?

ഉരുണ്ടു കൂടിയ കാർമേഘം
പെയ്തിറങ്ങുമ്പോൾ
ഇണക്കത്തിന്റെ വസന്തം വിരിയിക്കുമോ?

നമ്മൾക്കായ് ഒരുക്കിയ പൂവാടിയിൽ
കുഞ്ഞിളം കാറ്റിൻ തലോടലിൽ
ചിത്രപതംഗമായി വരുമോ നീ?

കാലം കൊരുത്ത പൂത്താലിയിൽ
പ്രണയവർണ്ണങ്ങൾ വാരി വിതറി
ചുട്ടു പൊള്ളും ഭൂമിയെ സ്വർഗ്ഗമാക്കാം..

നാളെയെന്തെന്നറിയാത്ത ഈ ലോകത്തിൽ ജീവിതദുരിതങ്ങളകറ്റി
നമ്മൾക്കൊന്നിച്ചു നനയാം.. !



Saturday, March 16, 2019

വെളിച്ചം കെടുത്താതിരിക്കുക

എരിയുന്ന വേനലിൽ പൊള്ളില്ല
പൊള്ളുന്ന ചിന്തകൾ കൂടെയല്ലോ...
കരളിന്റെ തേങ്ങലിൽ തളരില്ല 
എരിയുന്ന കനലല്ലോ നെഞ്ചകത്തിൽ. !

ലാഭതന്ത്രങ്ങൾ  മെനയുന്നോരല്ലോ
തന്നിഷ്ടം നേടി രാഷ്ട്രീയം കളിക്കുന്നു!

കൊടികൾക്കു പിന്നാലെ  പായുന്നു കൂട്ടമായ്
വാനോളമുയരുന്നു കൂപ്പുകൈകൾ..!

തട്ടകം മാറി നാടകം കളിക്കുവാൻ
മൂർച്ച കൂട്ടിയ വാക്കുകളുമായ്
വഞ്ചിതരാക്കുന്നു ജനതയെ....!


കഷ്ടമിതെത്ര വിചിത്രമീ കാലം
നഷ്ടമോ.. നമ്മുടെ സുന്ദരജീവിതം..
 മൂല്യം നശിച്ചൊരു ദശാസന്ധിയിൽ
മോചന മന്ത്രവുമായ് വരുവതാരിനി?

ആരു ജയിച്ചാലുമാരുതോറ്റാലും
ജീവസന്ധാരണം എത്രമേൽ ദുഷ്ക്കരം!
നെല്ലും പതിരും തിരിച്ചറിഞ്ഞു നാം
നെറികേടിനെതിരെ കൂട്ടായി നിൽക്കണം.
പതറാതെ മുന്നേറി നാടിനെ കാക്കണം..

ഒരുമ തൻ ചിന്തയാൽ കൈകോർത്ത്
ശാന്തി,  സമാധാനം....വീണ്ടെടുക്കാൻ 
തോളോടുതോൾ ചേർന്ന് മുന്നേറിടാം...

Tuesday, March 5, 2019

'ചിതലുകൾ' പെരുകുമ്പോൾ..

എത്രയോ ഹൃസ്വമീ ജീവിത -
മെന്നറിയുന്ന മർത്ത്യാ, എന്തിനീ ചോരപ്പുഴകൾ?
ചിത്തങ്ങളിൽ നിറയും പക!
ചിത്രശിലകളും തേങ്ങിയോ?

വെട്ടിയും കുത്തിയും ചോരകുടിപ്പവർ
തമ്മിലടിപ്പിച്ചു  രസിച്ചു നിൽക്കുന്നവർ!

എത്ര കൊണ്ടാലും പഠിക്കാത്തവർ
സ്വയം തീർത്ത കുഴികളിൽ വീണൊടുങ്ങുന്നു!

വ്യക്തിവൈര്യാഗ്യത്താൽ പകതീർക്കലാൽ തച്ചുടയ്ക്കുന്ന കുടുംബങ്ങളൊക്കെയും
നഷ്ടങ്ങളുടെ കണ്ണീർ കടലിലൂടെന്നും
കര കാണാതെ അലഞ്ഞുതീരുന്നു ശിഷ്ടം.!

എത്ര പൈശാചികമീ മർത്ത്യ ജീവിതം
നിർലജ്ജമാം പേക്കൂത്തുകൾ നിത്യം!

സ്വയം തീർക്കുന്ന  വിനകൾക്ക്
ദൈവത്തെ പഴിചാരി കൈകഴുകാനിവർ-
ക്കെന്തു സാമർത്ഥ്യം!

Friday, March 1, 2019

തൊട്ടാവാടി

ഒന്നായി നമ്മളായി നിന്നൊരു കാലം
നെഞ്ചോരം നീ ചേർന്നു നിന്നു സഖീ...
ആരോയെവിടെയോ ചൊല്ലിയ വാക്കിൽ
കുരുങ്ങിക്കിടക്കുന്നു നിൻ ചേതന.. !

കളിയായി ചൊല്ലിയ വാക്കിന്റെയോരത്തു
കടിഞ്ഞാണിട്ട് നീ പോയീടുമ്പോൾ..
കദനം മറയ്ക്കുവാൻ പാടുപെടുന്നു..
കരയാതിരിക്കുവാൻ മിഴി പൂട്ടുന്നു..!

കണ്ണാടിപോലെ തിളങ്ങിയ സൗഹൃദം
കണ്ണീരാൽ കഴുകിയതാരാണ് ചൊല്ലൂ..
കണ്ടതും കേട്ടതും ചൊല്ലുവോർക്കിടയിൽ
സൗഹൃദം വെറുമൊരു മിഥ്യ മാത്രം.. !

നിറമുള്ള കാഴ്ചകൾ കാണാനെനിക്കിനി
അഴകാർന്ന നിന്നുടെ കൂട്ട് വേണം..
പരിഭവം മാറാത്ത   തൊട്ടാവാടി പെണ്ണേ
കിലുകിലെ ചിരിയുമായി കൂടെ വായോ. !





Monday, February 11, 2019

പ്രണയമർമ്മരങ്ങൾ


പ്രണയമേ ,നീ ഒരുവേളയെന്റെ കരളിൽ ,
കുളിരുള്ള പനീർപൂവായ് വിടരുമോ ?
ഒരിക്കലും ദളങ്ങൾ കൊഴിയാതെന്നിൽ
നീ പ്രണയസുഗന്ധം പരത്തിടേണം !

തളരുന്ന നേരത്തൊരു മധുചുംബനം നീ ,
നിറുകയിൽ തന്നെന്നെ ചേർത്തീടുക.
എൻ സീമന്തരേഖയിൽ നിറയും സിന്ദൂരം
നിന്നധരങ്ങളെ പ്രണയാർദ്രമാക്കട്ടെ !

തിരയായ് നീയെന്നെ പുണർന്നീടുമ്പോൾ ,
കുളിരായിനില്ക്കും കരയാകെ ഞാൻ.
അരുവിയായ് ,നീയെന്നിൽ ഒഴുകിപടരവേ..
അനുരാഗിയായ് ഞാനെന്നും തുടിച്ചിടും !

പ്രണയവർണ്ണങ്ങളെ കോർത്തുവിളക്കിയീ ,
പൂത്താലിയെൻ, മാറിലെന്നും തിളങ്ങട്ടെ..
കനവിൽ നീ പൊന്നൊളിവീശി തെളിയവേ..
ഞാനൊഴുകും അനുരാഗമായ് നിന്നിൽ ..

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...