Friday, August 16, 2019

തരളിതം







തരളിതം
----------------
അംബുജ മിഴികളാലവളെന്നെ നോക്കി
അൻപൊടു ഞാനവളോടു ചേർന്നു
അനുരാഗഗീതം മൂളിയ ചൊടികളിൽ
അരുണിമ  പ്രണയപ്പൂവായിമാറി!

വ്രീളാവിവശമാം കവിളിണകളിൽ
കുങ്കുമം പകർന്നതാരാണ് പെണ്ണേ..
കൗതുകം വിരിയുമാ മിഴികളിൽ നോക്കി
കവിതയെഴുതി പാടട്ടെ നിൻ കാതിൽ..

ഹൃത്തിൽ നിറയുന്ന മൗനാക്ഷരങ്ങൾ
തങ്കലിപികളായ് നിന്നിലേക്കൊഴുക്കാം
മധുരമൊഴികൾ പൂമഴയാവുമ്പോൾ
നമുക്കൊരു പ്രണയ കവിതയായ് മാറാം.









Tuesday, June 25, 2019

ലയനം


ഏകാന്തതയുടെ കല്പടവിൽ
രാവിനെ പ്രണയിച്ചു ഞാനിരുന്നു.
മിഴികളിൽ പൂത്തൊരാ മുഴുതിങ്കൾചന്തത്തിൽ
മയങ്ങിയ കാമിനിയെപോലെ.

ഇരുളിൽ വിരിഞ്ഞൊരാ അരിമുല്ല മെത്തയിൽ
പാതിരാകാറ്റിന്റെ കുളിരുമ്മയിൽ
വിരഹണിയുടെ നൊമ്പരശീലുകൾ
ആകാശക്കീറിലലിഞ്ഞു ചേർന്നു.

നീലഗഗനത്തിലലിയുവാൻ വെമ്പുന്ന
കാർമേഘക്കുഞ്ഞുങ്ങളൊളിച്ചിരിക്കും
നക്ഷത്രമിഴികളെ കോരികുടിക്കുവാൻ
എന്തിത്ര തിടുക്കമെൻ മാൻകിടാവേ..

Friday, June 21, 2019

മൂക വിലാപം

മൂകവിലാപം.
-----------------------

ഇടനെഞ്ചിലെവിടെയോ
തൊട്ടൊരാ വാക്കുകൾ
മൊഴിയാതെ മാറിയകന്നു പോയീ...!

പ്രണയാർദ്ര രാഗം
കൊതിച്ചു കാതോർത്തപ്പോൾ
കേട്ടതവ്യക്തമാം താള ഭംഗം!

കാരുണ്യം തേടേണ്ട
കണ്ണിൽ തിളയ്ക്കുന്നു
കൊടിയ കാമത്തിൻ ഉഷ്ണരാശി...!

വിരിയുന്ന പൂവിന്റെ
ഉടലളവ് നോക്കുന്ന
കരിവണ്ടിൻ മൂളൽ നിറഞ്ഞിടുന്നു!

നിർമ്മലസ്നേഹത്തിൻ
നാളുകൾ മാഞ്ഞുപോയ്
ചുറ്റും കുടിലത മാത്രമായി!

ലക്ഷ്യത്തിലെത്താത്ത
തീർത്ഥയാത്ര പോൽ
വഴിവക്കിലൊടുങ്ങീടുന്നു നന്മകളത്രയും!

ക്ലാവുപിടിച്ചൊരു ഓട്ടുപാത്രംപോലെ
മങ്ങിക്കിടപ്പൂ, സ്നേഹത്തിൻ
നിറദീപമാവേണ്ട ജന്മങ്ങൾ!

Sunday, June 9, 2019

യാത്രകൾ


സ്വപ്നങ്ങളെ
ഉമ്മവച്ചുണർത്തിയപ്പോഴാണ്
രാത്രിമുല്ലപൂത്തത് !


കരലാളനത്തിന്റെ
സാന്ത്വനവനികളിൽ
പാറിയുയർന്ന കിനാവുകൾ !

പൊള്ളും
വേനലിൽ ഉറഞ്ഞു പോയ
വാടിയ പകലുകൾ.

ദേശാടനപ്പക്ഷികൾക്ക്
ശ്മശാനമൊരുക്കുന്ന
കോൺക്രീറ്റു വനങ്ങൾ...!

ദിശയറിയാതെ ,
പറക്കുന്ന
മോഹബീജങ്ങൾ !

അരച്ചാൺ വയറിനായ് ,
നടുവൊടിഞ്ഞ്
തളരും ജന്മങ്ങൾ.

ദിശയറിയാത്ത
ഒരു ലഹരിയോ
ഉത്തരാധുനികത !

മങ്ങിയകാഴ്ച്ചയുടെ
സഞ്ചാരങ്ങൾക്കും
നിശാഗന്ധി പൂത്തമണം !

മേൽവിലാസമില്ലാത്ത
ചിന്തകൾക്കാരാണീ
നരച്ച നിറം കൊടുത്തത് ?
~

Wednesday, June 5, 2019

നിത്യ കാമുകൻ

നിത്യകാമുകൻ.
------
തളർന്നിരുന്നപ്പോൾ കൂട്ടുകൂടാൻ വന്നതാണ്.
കുറേ പറഞ്ഞു നോക്കി വേണ്ടാന്ന്..
കേൾക്കണ്ടേ..
അത്രയ്ക്കുമെന്നെ ഇഷ്ടമാണെന്ന്...

അന്നുമുതൽ...
തൂണിലും തുരുമ്പിലുമെന്നപോലെ
കൂടെതന്നെ.
സഹനത്തിന്റെ നെല്ലിപ്പലക കണ്ടിട്ടും
വിട്ടുപോകാൻ മനസ്സില്ലപോലും.. !

മഴയത്ത് ആരുമറിയാതെയും
വേനലിൽ കരുവാളിച്ച മുഖത്തിനെ
കഴികിയുണക്കാനും വന്ന്
എന്നിലലിഞ്ഞ് നിത്യ കാമുകനായി...

ജീവിതസായാഹ്ന യാത്രകളിലെ
ദുരിതങ്ങളിൽ
സ്നേഹശൂന്യതയുടെ നിർവ്വികാരതയിൽ..
തലകുനിക്കാതെ
പൊരുതി ജയിക്കാൻ മാത്രം
ദുഃഖങ്ങളെ..
നിങ്ങളെ ഞാനെന്റെ നെഞ്ചിലേറ്റുന്നു.

ഇപ്പോളെനിക്കുമവനെ പിരിയാൻ വയ്യ.
പ്രിയ തോഴനായി..
സന്തതസഹചാരിയായി
എത്ര ഓടിച്ചാലും ഒട്ടിനിൽക്കുന്ന പ്രണയമായി...
പ്രിയനേ..
ഇനിയും നമ്മൾക്കൊന്നിച്ചു യാത്രതുടരാം.. 

Wednesday, May 15, 2019

സ്മൃതിയോളങ്ങൾ

സ്മൃതിയോളങ്ങൾ. --
-----
ഇലഞ്ഞിപ്പൂമണമൊഴുകി വരുമ്പോൾ
ഹൃദയം പൂക്കുമൊരു പൂവാടിയായി..
തരളിത മോഹം പാറി നടന്നൊരു
പഴമതൻ വനികയിലെ പൂത്തുമ്പിയായി..

വിരുന്നെത്തും സന്ധ്യയെ വരവേൽക്കുവാൻ
ഉയരുന്നു  കീർത്തന നാമങ്ങളുച്ചത്തിൽ
അകത്തിണ്ണയിൽ ഉണ്ണികൾക്കൊപ്പമിരിക്കുന്ന
വിറയാർന്ന ശബ്ദവും ഓർമ്മയിലായി..

പക നട്ടു വളർത്തുന്നു നമ്മളിന്നീ ലോകത്തു
പൂക്കുന്നു കായ്ക്കുന്നു വാശി വൈരാഗ്യങ്ങൾ
തൊട്ടു തലോടി കാര്യങ്ങൾ, കഥകളായി
ചൊല്ലിക്കൊടുക്കുവാൻ ആരുമില്ലാതായി..

കുടുംബബന്ധങ്ങൾ അകന്നുപോയീടുന്നു
കാലത്തിനൊപ്പമെത്താൻ  ഓടിത്തളരുന്നു
മൊബൈൽ ബന്ധങ്ങൾ തഴച്ചുവളരുമ്പോൾ
അണുകുടുംബങ്ങൾ ശിഥിലമായി തീരുന്നു.

പാതിവഴിയിൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ
കൊഴിഞ്ഞ ഇലകൾക്കൊപ്പം അഴുകീടുമ്പോൾ
നഷ്ടങ്ങളെ മറക്കും സുഖഭോജികളപ്പോൾ
പാതിരാപ്പൂക്കളായി വിരിഞ്ഞു നിൽക്കുന്നു.

പഴമയിലുണ്ടായിരുന്നൊരു നന്മസുഗന്ധം
ബാല്യത്തെ തഴുകിയകന്നു പോയീടുമ്പോൾ
ഇന്നത്തെ കാലത്തിനൊപ്പം പായാനാവാതെ
മനസ്സിനെ ചങ്ങലയ്ക്കിട്ടു മൗനത്തിലാവുന്നു.
(ശ്രീരേഖ എസ് )

Thursday, May 9, 2019

'ഉടഞ്ഞ കണ്ണാടി'കൾ

'ഉടഞ്ഞ കണ്ണാടി'കൾ.
---------
എത്ര ശ്രദ്ധിച്ചാലും
ഇറ്റിറ്റു വീഴും ചില
പഴയ മുറിവിലൂടെ
നിണതുള്ളികൾ.

ഏത്ര ശ്രമിച്ചാലും
അടർന്നു വീഴും
ഉള്ളിലൊളിപ്പിച്ച
ചില തേങ്ങലുകൾ.

വേണ്ടെന്നു വെച്ചാലും
നമ്മെ തേടിയെത്തും
അതിമോഹത്തിന്റെ
വികൃത വിത്തുകൾ.

മരണത്തെ കാത്ത്
ആത്മഹത്യ  മുനമ്പ്
തേടിയലയുന്ന ചില
നഷ്ടസ്വപ്നങ്ങൾ.

ഭൂമിയെ പറുദീസയാക്കി
ആരോരുമറിയാതെ
പാപക്കനി ഭക്ഷിക്കാൻ
പ്രണയത്തെ അശുദ്ധമാക്കുന്ന
ജീവിത പങ്കാളികൾ.

എല്ലാം കണ്ടും കേട്ടും
ശൂന്യതയുടെ പ്രതലത്തിൽ
ആണിയടിച്ച കുറെ
മരവിച്ച മനസ്സുകളും.. !

Friday, May 3, 2019

കൊഴിഞ്ഞ ദളങ്ങൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേക്ക്‌
ആഴ്ന്നിറങ്ങിയ നൊമ്പരശീലുകൾ
കാത്തിരിക്കുന്ന സ്വപ്നത്തേരിൽ
ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായി വീഴുന്നു.

നിർത്താതെ പെയ്തൊരാ പേമാരിയിൽ
നനഞ്ഞവളെന്നോടൊട്ടി നിൽക്കവേ
ആരോരും കേൾക്കാതെയടക്കിയ
ഗദ്ഗദമെന്നുടെ തൂലികയിൽ വരികളായി.

ചിലതു പൂക്കളായി വിരിഞ്ഞുനിന്നു
ചിലതുമൊട്ടിലേ കരിഞ്ഞുപോയി
മറ്റാരുമറിയാതെയുള്ളിന്റെയുള്ളിൽ
പാകാൻ പാകത്തിനൊളിച്ചവ വേറെ.

വിതുമ്പിലിനിയുമീ  ചുണ്ടുകൾ
തുളുമ്പില്ലിനിയുമീ  മിഴികളും
ഇനിയെത്രനാളുണ്ടെന്നറിയാതെ
ഒരുനാൾ മൗനയാത്രയിലായീടും.

ശാശ്വതമല്ലാത്തയീ  ലോകത്തെ  നാം
സ്വർഗ്ഗമെന്നു കരുതുന്നതല്ലോ തെറ്റ്
പ്രതീക്ഷയിൽ മാത്രം തീരുന്ന ജന്മങ്ങൾ
ഒടുങ്ങുന്നതുമീ ഭൂമിയിൽ തന്നെ.. !

Wednesday, April 17, 2019

കണ്ണനെ കാത്ത്

എരിഞ്ഞു തീരുന്നു കണ്ണാ, നിൻമുന്നിലായ്
ഒരു ചെറുതിരിവെട്ടമായിന്നു ഞാൻ
ഒഴുകി തീരാത്ത മിഴിനീർ തുടയ്ക്കുവാൻ വൈകുവതെന്തേയിനിയുമീ സന്ധ്യയിൽ

പറഞ്ഞു തീരാത്ത നൊമ്പരപ്പൂക്കളായ്
നിന്നെയും കാത്തു ഞാനിരിക്കവേ
പാണികൾ കൂപ്പിയുരുകുന്നു നിന്നിടം
പാദാരവിന്ദം കഴുകുമെന്നശ്രുവാൽ

തളർന്നുപോയി ഞാൻ ദുരിതങ്ങളേറവേ
തണലില്ലാതെ കുഴഞ്ഞു വീണീടുന്നു
കളിചിരി മതി, വരിക നീയെന്നിടം
താങ്ങായെനിക്കൊന്നു ചാരുവാൻ

ഗുരുവായൂരമ്പലനടയിലഗതിയായ്
കൂടെ നീയെന്നെ കൂട്ടിടും നേരവും.. നാമജപകീർത്തനമാലപോൽ
നിന്നിലലിയുവാൻ മോഹം മഹാമതേ..

Wednesday, April 10, 2019

മേടക്കിനാവുകൾ


ഉമ്മറക്കോലായിലൊറ്റയ്ക്കിരിക്കുമ്പോൾ 
പണ്ടത്തെപ്പാട്ടുമായ് തെന്നലെത്തി

മുറ്റത്തെ മാവിൻ്റെ തുഞ്ചത്തിരുന്നൊരാ
പൂങ്കുയിൽ മൂളിയ രാഗമെത്തി

എങ്ങോ മറഞ്ഞൊരാ നല്ല കാലത്തിനെ
ഓർമ്മയിൽപ്പാടും കിളിമകളും

വാടിതളർന്നോരാ കർണ്ണികാരങ്ങളെ
വിരിപ്പുണരുവാൻ നീലരാവും

താരകസൂനങ്ങൾ മിന്നിത്തിളങ്ങുന്നു,
താരകരാജനെഴുന്നള്ളുന്നു

മേടമൊരുങ്ങുന്നു കണ്ണനെ കാണുവാൻ
വാടാത്ത കൊന്നപ്പൂ പുഞ്ചിരിച്ചൂ

ഉണ്ണികളോടിക്കളിക്കും തൊടികളിൽ 
ഓർമ്മകൾ വാടാതെ പൂത്തുനിൽപ്പൂ

മുറ്റത്തെ മൂവാണ്ടൻ മാമരച്ചോട്ടിലായ് 
വാചാലമാകുമെൻ മൗനങ്ങളും.

ബാല്യം നുണഞ്ഞ, യിളനീരിൻ മാധുര്യം
കൗമാരം പൊട്ടിച്ചിരിച്ച കാലം

യൗവനം താണ്ടിയതിർ വരമ്പൊക്കെയു-
മാടിയുലയുന്ന വാർദ്ധക്യവും 

നീളും മിഴികളിൽ നീർമുത്തുതുള്ളികൾ
മെല്ലെക്കവിൾത്തടമോമനിപ്പൂ

നന്മകൾ മാത്രം നിറഞ്ഞൊരാ പാത്രത്തിൽ 
നോവുകളെന്നും വിഷുക്കണിയേ.

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...