Tuesday, October 26, 2021

ദയ

മണ്ണിൽ മനുഷ്യനായ്  പിറന്നോരു നമുക്ക്‌

കാരുണ്യമെപ്പൊഴും കൂടെ വേണം.

അലിവേറുമുള്ളിലേ നിറവുണ്ടാകൂ

അക്കാര്യം നമ്മളറിഞ്ഞീടേണം.


എളുതല്ലയൊട്ടുമേ കണ്ടുകിട്ടാനിന്നു

ദയയോലും മാനവമാനസങ്ങൾ.

പുറമേ നടിച്ചീടും മോടികളല്ലാതെ, 

ആത്മാർത്ഥതയെങ്ങും കാണാനില്ല.


നെഞ്ചുപൊട്ടും രോദനങ്ങൾ നാം കേൾക്കണം 

അനാഥർതൻ കദനത്തിന്നാഴങ്ങൾ തേടണം

ചേർത്തുപിടിക്കണം, താങ്ങായി നിൽക്കണം

ജീവജാലങ്ങളെ ദയയോടെ കാക്കണം.

Wednesday, October 20, 2021

മാരിയും വ്യാധിയും

മാരി താണ്ഡവമാടിത്തിമർക്കവേ

മാനുഷരെല്ലാരും കണ്ണീരിലായ്!

റോഡുകളൊക്കെയും തോടുകളായി,

ആധിയും വ്യാധിയും നാട്ടിലേറി!


കെട്ടിയുയർത്തിയ സ്വപ്നങ്ങളൊക്കെയും

മഴവെള്ളപ്പാച്ചിലിലൊലിച്ചുപോകേ,

ബാക്കിയായ് നെഞ്ചകം പൊട്ടുന്ന രോദനം,

ഉള്ളം നടുങ്ങുന്ന കാഴ്ചകളും!


സ്വാർത്ഥരാം മാനവർതൻ ദുഷ്പ്രവൃത്തിയാൽ 

പ്രകൃതിയെവിടെയും കോപിക്കയായ്.

ആത്മധൈര്യം തെല്ലും കൈവിടാതെ 

നമുക്കൂഴിയെ കാത്തിടാനൊത്തുചേരാം.


തെറ്റുകൾക്കൊക്കെയും കൂട്ടായ് നമുക്കിനി-

ച്ചെയ്തിടാം പ്രായശ്ചിത്തങ്ങളെല്ലാം.

മാരിയും വ്യാധിയും കോപിക്കാതെപ്പൊഴും

ഞങ്ങളെ കാക്കണേ, പ്രകൃതീശ്വരീ!



Wednesday, October 13, 2021

സരസ്വതീ ഗീതം

ലാവണ്യവതിയാം കാവ്യദേവതേ,

സാരസ്വതവീണയതു മീട്ടി 

ഈ പുണ്യജന്മത്തിൻ സായൂജ്യമായ് 

ജീവിതപ്പാതയിൽ കാരുണ്യമേകിടൂ. 

താമരപ്പൂവിൽ വസിക്കും ദേവതേ,

ജീവിതവീണയിൽ സംഗീതമാകൂ.

രാഗങ്ങളെല്ലാമേ മധുരമായ് പാടുവാൻ 

നീയെന്‍ നാവില്‍ കളിയാടിടൂ.

( ലാവണ്യവതിയാം )


നിൻ സ്വരമാധുരിയെനിക്കുനൽകൂ,

നിഴല്‍പോലെന്നില്‍ നിറഞ്ഞു നിൽക്കൂ.

പ്രേമസ്വരൂപിണീ അംബുജലോചനേ 

നിന്‍ മിഴികളിലെന്നെ കുടിയിരുത്തൂ.

അക്ഷരമലരുകള്‍ ഹാരമായ് കോര്‍ത്തിടാം നിന്‍ഗളനാളമലങ്കരിക്കാന്‍!                

(ലാവണ്യവതിയാകും)


ഒരു ജന്മമെങ്കിലും പൂവായ് പിറക്കണം,

നിന്‍ പദകമലത്തില്‍ വീണുറങ്ങാന്‍!

ഒരു കീർത്തനത്തിൻ സ്വരമായിത്തീരണം,

നിന്‍ വീണക്കമ്പിക്കു നാദമാകാന്‍!

ഒരു മാത്രയെങ്കിലും നിന്നിലലിയേണം,

കാലാതിവര്‍ത്തിയാം കാവ്യമാകാന്‍!

കാരുണ്യക്കടലാകും കാവ്യദേവതേ 

മാറോടുചേര്‍ത്തെന്നെ കാത്തീടണേ.                     (ലാവണ്യവതിയാകും )

Tuesday, October 12, 2021

ദേവീഗീതം

 ദേവീഗീതം

........................

വീണാവാണീ ദേവീ സരസ്വതീ

അമ്മേ മൂകാ൦ബികേ ഭഗവതീ,

മധുരഭാഷിണീ, കാവ്യസംഗീതികേ,

നിൻ രൂപമെന്നിൽ തെളിയേണമേ!

 

നാവിലെന്നും നല്ലവാക്കായ് വരേണമേ,

നയനങ്ങളിൽ നൽ കടാക്ഷമായീടണേ

മായാമോഹങ്ങളൊക്കെയും നീക്കണേ

നിൻ രൂപമെന്നിലെന്നും തെളിയേണമേ!


അഭയമേകണേ അംബുജലോചനേ 

ഹൃദയത്തിലുണരണേ നിൻ തിരുനാമം!

നേർവഴി കാട്ടണേ ജഗദ൦ബികേ നീ,

നന്മയായെന്നിലെന്നും തെളിയേണമേ!


അവിവേകിയായ് ഞാൻചെയ്തകുറ്റങ്ങള്‍ 

കണ്ണീരാല്‍   നിന്‍ പാദത്തിലര്‍പ്പിക്കാം,

അമ്മേ, മൂകാ൦ബികേയവ മാപ്പാക്കി

അടിയനിൽ കരുണാകടാക്ഷമേകണേ!


സൗപര്‍ണ്ണികയിൽ  മുങ്ങിനിവരുമ്പോള്‍

സര്‍വ്വപാപങ്ങളും പൊറുക്കണേയമ്മേ

സകലകലാവിലസിതേ വിദ്യാദേവതേ 

എന്നില്‍ നിറയണേ അമ്മതന്‍ ചൈതന്യം!

Thursday, October 7, 2021

തപം

ചാറ്റല്‍മഴയിലൂടെ  ഒഴുകിയെത്തിയ 

മണ്ണിന്‍ഗന്ധത്തില്‍ ഉന്മാദമായ മനസ്സ്, 

കാട്ടരുവിയുടെ ലാസ്യ നൃത്തത്തില്‍ 

മതിമറന്നു പ്രകൃതിയെ പുണരുന്നു .

കോടമഞ്ഞിനെ മുകരുന്ന 

താഴ്വാരകാറ്റിനിന്നെന്തേ 

പതിവിലും കവിഞ്ഞൊരു നാണം...!

കവിളിനെ തൊട്ടൊരുമി 

പ്രിയതരമാമൊരു പാട്ടിനെ 

ഓര്‍മ്മപ്പെടുത്തുന്ന കിളിക്കൊഞ്ചല്‍.

സാന്ത്വനത്തിന്റെ വെള്ളിക്കിരണങ്ങള്‍

ഇലപ്പടര്‍പ്പിലൂടെ ഊര്‍ന്നിറങ്ങി 

ഇടനെഞ്ചില്‍ പൂമഴ പെയ്യിക്കുന്നു.

കാടിന്റെ വന്യതയില്‍ നിന്നും മാറി 

പ്രണയപുഷ്പങ്ങള്‍ പൊഴിക്കുന്ന 

വൃക്ഷലതാതികളെ താലോലിക്കുന്ന 

ഇണക്കിളികളുടെ കുറുകലില്‍

നിന്നെയോര്‍ത്തു നറുതേന്‍

പൊഴിക്കുന്ന ചൊടികളാല്‍..

പ്രണയാര്‍ദ്രമാം  മിഴികള്‍പൂട്ടി

എന്നിലെ നിന്നെയുംപേറി ഇനി

അനന്തതയിലെക്കൊരു യാത്ര...!

ശരണാലയം

ശരണാലയങ്ങളിൽ തെളിയുന്ന നിലവിള-

ക്കതിദീപ്തമായ് വിളങ്ങീടുന്നേരം

വീട്ടിലെ മെഴുകുതിരികൾ ദൂരേയ്ക്കെറിഞ്ഞവർ

നാളെ വിലപിയ്ക്കാമതിദീനമായ്!


അനുനിമിഷമുരുകിയൊലിയ്ക്കുമത്തിരിയുടെ

നാളത്തിൽ തെളിയും പ്രപഞ്ചസത്യം!

"ഇന്നു ഞാൻ നാളെ നീ, ഇന്നു ഞാൻ നാളെ നീ"-

യെന്ന യഥാർത്ഥ്യം സ്ഫുരിക്കും തത്വം!


എത്ര നാം ദൂരെ വലിച്ചെറിഞ്ഞീടിലും

വീണ്ടും മുളപൊട്ടുമാവാത്സല്യം!

പശ്ചാത്താപത്താൽ വിവശരായ് നാം പിന്നെ

ലക്ഷ്യമില്ലാതെയിരുളുതാണ്ടും.


ജീവിതത്തിന്നന്ത്യനാളുകൾ നമ്മളെ

കാത്തിരിപ്പൂ ശരണാലയത്തിൽ!

മണ്ണിൽ വിതച്ചതേ നാം കൊയ്യൂവെന്നുള്ള

ചൊല്ലു നാമാരും മറന്നുകൂടാ.

Monday, October 4, 2021

അമ്മത്തൊട്ടിൽ

അമ്മത്തൊട്ടിലേറുന്നോരീ കാലത്ത്

അമ്മിഞ്ഞപ്പാലിനായുഴലും കുരുന്നുകൾ.

മാതൃത്വത്തിന്റെ മഹത്വം മറക്കുന്നു,

മാറു ചുരത്തുന്നതറിയാത്ത മാതാക്കൾ.


ആരുമില്ലാതെ തൊട്ടിലിൽ കിടന്നവ-

നെത്രയോ പേരുടെയരുമയാണിപ്പൊഴും!

ആശ്രയമില്ലാത്ത ബാല്യങ്ങളെത്രയോ

തൊട്ടിലിന്നലിവിനാലെത്ര സനാഥരായ്!


അനാഥർക്കഭയമാണെന്നുമീത്തൊട്ടിലെന്നാകിലും, നാം മാതൃസ്നേഹമറിയണം.

അവഗണനയില്ലാതെ,യരുമയോടെന്നും

സാന്ത്വനമാവണം അമ്മത്തൊട്ടിലുകൾ!

ഗാന്ധിജി

മനസ്സുകളിൽ

അനുദിനം മാഞ്ഞുപോകുന്നു

രാഷ്ട്രപിതാവിന്റെ തത്വചിന്തകൾ!

മഹാത്മാവിനെയോർക്കാൻ

നമുക്കിന്നും ഗാന്ധിജയന്തി മാത്രമോ!

അഹിംസയിലൂടെ സന്മാർഗ്ഗം കാട്ടി

സ്വജീവിതമാണ് തന്റെ സന്ദേശമെന്നരുളി

ലളിതജീവിതത്തിലൂടെ

നമ്മെയെല്ലാം നയിക്കാൻ

ഇനിയൊരു ഗാന്ധിയുണ്ടാവുമോ?

സ്വാതന്ത്ര്യത്തിന്റെ അമൃതം

നമുക്കേകുന്നതിനുവേണ്ടി

സഹനജീവിതയാത്രയിലൂടെ

സ്നേഹനൂലുകൾ കോർത്തിണക്കിയ

യുഗപരുഷന് അനന്തകോടിപ്രണാമം!

ഹൃദയത്തിൽ

നിറയ്ക്കാം ഗാന്ധിചിന്തകൾ!

ആ പുണ്യാത്മാവിനെയെന്നുമവിരാമം

ഉള്ളത്തിൽ പൂജിക്കാം!

രാമനാമം ചൊല്ലി വടികുത്തിനടന്നുപോയ

ഫക്കീറിന്റെ കാൽപ്പാടുകൾ

വരുംതലമുറയ്ക്കുള്ളിലും നിറയ്ക്കാം!

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...