Wednesday, October 13, 2021

സരസ്വതീ ഗീതം

ലാവണ്യവതിയാം കാവ്യദേവതേ,

സാരസ്വതവീണയതു മീട്ടി 

ഈ പുണ്യജന്മത്തിൻ സായൂജ്യമായ് 

ജീവിതപ്പാതയിൽ കാരുണ്യമേകിടൂ. 

താമരപ്പൂവിൽ വസിക്കും ദേവതേ,

ജീവിതവീണയിൽ സംഗീതമാകൂ.

രാഗങ്ങളെല്ലാമേ മധുരമായ് പാടുവാൻ 

നീയെന്‍ നാവില്‍ കളിയാടിടൂ.

( ലാവണ്യവതിയാം )


നിൻ സ്വരമാധുരിയെനിക്കുനൽകൂ,

നിഴല്‍പോലെന്നില്‍ നിറഞ്ഞു നിൽക്കൂ.

പ്രേമസ്വരൂപിണീ അംബുജലോചനേ 

നിന്‍ മിഴികളിലെന്നെ കുടിയിരുത്തൂ.

അക്ഷരമലരുകള്‍ ഹാരമായ് കോര്‍ത്തിടാം നിന്‍ഗളനാളമലങ്കരിക്കാന്‍!                

(ലാവണ്യവതിയാകും)


ഒരു ജന്മമെങ്കിലും പൂവായ് പിറക്കണം,

നിന്‍ പദകമലത്തില്‍ വീണുറങ്ങാന്‍!

ഒരു കീർത്തനത്തിൻ സ്വരമായിത്തീരണം,

നിന്‍ വീണക്കമ്പിക്കു നാദമാകാന്‍!

ഒരു മാത്രയെങ്കിലും നിന്നിലലിയേണം,

കാലാതിവര്‍ത്തിയാം കാവ്യമാകാന്‍!

കാരുണ്യക്കടലാകും കാവ്യദേവതേ 

മാറോടുചേര്‍ത്തെന്നെ കാത്തീടണേ.                     (ലാവണ്യവതിയാകും )

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...