Saturday, April 5, 2014

കുറും കവിതകള്‍

അകലുന്ന ഹൃദയങ്ങള്‍ 
മൂകസാക്ഷി 
പ്രണയം

കൂട്ടിലടച്ച കിളിയുടെ 
പിടച്ചില്‍ 
ക്രൂരത നിറഞ്ഞ 
കണ്ണിനു കുളിര്‍മ്മ

ചില ബന്ധങ്ങള്‍ക്ക് 
വാഴനാരിന്റെ 
ഈടും ബലവും

ചേമ്പിലയില്‍ വീണ 
മഴത്തുള്ളികള്‍ 
ഇന്നത്തെ സൗഹൃദം

പച്ചവേഷമിട്ടു വന്നവര്‍
കത്തി വേഷമാടുമ്പോള്‍
വേഷങ്ങളെന്തെന്നറിയാതെ
ആട്ടക്കഥ കാണുന്നു നാം...

കൂടെ നടന്നു ചതിക്കുന്ന
മിത്രത്തെക്കാള്‍ നല്ലത് ,
അകന്നു നിന്നു

പരിഹസിക്കുന്ന  ശത്രു തന്നെ..

കുറും കവിതകള്‍

കനവില്‍ വിരിയുന്ന
വാടാമലര്‍
പ്രണയം

കണ്ണുനീര്‍ 
മറച്ച് 
മഴത്തുള്ളികള്‍ 

മുല്ലമൊട്ടില്‍
വിരിയുന്ന മോഹം 
പൂത്താലി

ഹൃദയവാടിയില്‍ 
നാണപ്പൂക്കള്‍
കുസൃതി പുഞ്ചിരി

കണ്ണീരില്‍ കുതിര്‍ന്ന 
വെള്ളപ്പൂക്കള്‍ 
മരണത്തിന്റെ ഗന്ധം

പാറ്റി പെറുക്കിയ
പതിരുകള്‍
കൊത്തി പെറുക്കുന്നു

കരയുന്ന കുഞ്ഞ്
ചിരിക്കുന്നു 
കിലുക്കാംപെട്ടി


ഉപേക്ഷിക്കപ്പെട്ട 
കിളിക്കൂട്‌
ഉണക്കച്ചില്ല

മിന്നാമിന്നി വെട്ടവുമായ്‌ 
ഞൊണ്ടി വരുന്നു 
ചാട്ടവാറിന്റെ വേദനയില്‍

മാനം നോക്കി 
കഥ ചൊല്ലുന്നു
ഒക്കത്തൊരു കുഞ്ഞ്

ഓളം വെട്ടുന്ന ലഹരി 
ആക്ഷേപഹാസ്യ മായ്
അകത്തളം

കുഞ്ഞുവാവയെ നോക്കി 
പനിക്കൂര്‍ക്കയില 
കള്ളച്ചിരിയോടെ


വസന്തത്തെ ഉണക്കാന്‍ 
വരവായ്
വെയില്‍ നാളം


തെക്കേപറമ്പില്‍ ഒരു
തെങ്ങിന്‍ തൈ
കണ്ണീര്‍ പൂക്കള്‍

എച്ചിലിലയ്ക്കു മുന്നില്‍
ദയനീയ മുഖം
വിശപ്പിന്റെ വിളി

Friday, April 4, 2014

കുറും കവിതകള്‍

 

കുളിരുമായ് ഒരു
തെന്നല്‍ 
മഴയുടെ മണം

ആകാശത്തു പറക്കുന്ന
യന്ത്രപ്പക്ഷി 
കൌതകത്തോടെ ബാല്യം

അന്ന് കയ്പ്പ്
ഇന്ന് മധുരം
ചൂരല്‍ കഷായം 


അച്ഛന്റെ വാത്സല്യം 
അമ്മയുടെ താരാട്ട് 
കുഞ്ഞികണ്ണുകളില്‍
പുഞ്ചിരിപ്പൂക്കള്‍..

ഓര്‍മ്മകളില്‍ 
തളിരിടുന്നു 
ബാല്യകാലം

കമ്പി പൊട്ടിയ 
തംബുരു 
വിഷാദ രാഗം

മഴ നൂലുകള്‍ നോക്കി 
പിടയുന്നു 
പരല്‍മീനുകള്‍

പഞ്ചവര്‍ണ്ണക്കിളിയുടെ 
തൂവലുരിഞ്ഞു 
നാവു കൊണ്ടൊരു കാട്ടാളന്‍

അമിത സ്നേഹം
ആപത്ത്
സ്വാര്‍ത്ഥത


Thursday, April 3, 2014

സ്വപ്ന റാണി

കാച്ചെണ്ണ തേച്ച നിന്‍ കാര്‍കൂന്തലില്‍ 
ചുംബിച്ചുറങ്ങുന്ന തുളസി ക്കതിര്‍ .
ഗഗന നീലിമയില്‍ നോക്കി നില്‍ക്കെ 
പിടയുന്നു നിന്നുടെ കരിമിഴികള്‍ ..
കതിരോന്റെ കിരണങ്ങളെല്ക്കുമ്പോലെ
തിളങ്ങുന്നു നിന്റെ കവിളിണകള്‍.
അധരത്തില്‍ അലിയുന്ന 
കുസൃതി പുഞ്ചിരിയില്‍ ,
വിരിയുന്നു  നാണത്തിന്‍പൂക്കള്‍. 
കൊഴിയുന്ന ഇതളുകള്‍ 
പെറുക്കിയെടുത്തെന്റെ,
ഹൃദയത്തില്‍ കൊരുത്തൊരു 
പ്രണയഹാരം ...
കണ്ണുകള്‍കൊണ്ട് കവിതയെഴുതിയ 
നിന്‍ ഉടലഴകില്‍ ചാര്തീടുമ്പോള്‍ ,
ഉദിച്ചുയരുന്ന സൂര്യനെ പോലെ 
ജ്വലിച്ചു നില്‍ക്കുന്നെന്‍ സ്വപ്നറാണി.


Wednesday, April 2, 2014

പല മുഖങ്ങള്‍

അപ്രതീക്ഷിതമായി 
കണ്ടു ഞാനിന്നവനെ,
നിര്‍വികാരതയെന്തന്നറിഞ്ഞു...
കരയാനും ചിരിക്കാനും 
വയ്യാത്തൊരവസ്ഥയില്‍.
വഴിയോരയാത്രികര്‍ 
മാത്രമായ്...
വാക്കിന്റെ മൂര്‍ച്ചയില്‍ 
വെട്ടിനുറുക്കി,എന്‍ 
വേദന കണ്ടു രസിച്ചു 
ചിരിക്കുമ്പോള്‍ ...
കണ്ടു ഞാനവനിലെ 
കുറുക്കന്റെ ബുദ്ധിയും,
ആരോരുമറിയാത്ത 
അഴിയാത്ത മുഖവും ..
പ്രതികാരമുള്ളിലും 
വദനത്തില്‍ പുഞ്ചിരിയും 
പരിചിത ഭാവത്തില്‍ 
പലരിലും പടരുമ്പോള്‍ ,
വീഴാതിരിക്കട്ടെ.. അവനുടെ വലയില്‍ 
കഥയറിയാതെ ,മറ്റൊരു മാന്‍പേട.

Sunday, March 16, 2014

ബന്ധങ്ങളുടെ മാഹാത്മ്യം

കൂടെപിറക്കാത്ത 
സോദരിമാരെ,
കൂടെപ്പിറപ്പിനെപ്പോല്‍ 
കാണുന്നു ചിലര്‍...
കൂടെപ്പിറപ്പിനെപ്പോലെ
കൊണ്ടുനടന്നിട്ട്
കൂടെക്കിടക്കാന്‍
വിളിക്കുന്നു ചിലര്‍ ..
ബന്ധങ്ങള്‍ ബന്ധനങ്ങളായി
മാറീടുമ്പോള്‍..
സ്വന്ത ബന്ധങ്ങള്‍
പ്രഹസനമായി മാറുന്നു..
നൂറിലൊരാള്‍ തെറ്റു-
ചെയ്തീടുമ്പോള്‍..
മറ്റെല്ലാവരെയും ,ഒരേ
കണ്ണില്‍ കാണുന്നൂ ചിലര്‍ ..
പരസ്പര ധാരണ ,
ഇല്ലാതെ പോകുമ്പോള്‍ ,
തെറ്റും ശരിയും
തിരിച്ചറിയുവാന്‍ വൈകുന്നു .
നഷ്ട ദു:ഖങ്ങള്‍ നാശം -
വിതയ്ക്കുമ്പോള്‍
നിരാശയെ കൂട്ടുപിടിച്ചു,
ജീവിതം നശിപ്പിക്കുന്നു.
കുടുംബ ബന്ധത്തിന്റെ
മാഹാത്മ്യം ,നമ്മുടെ
കുഞ്ഞുങ്ങളില്‍
വളര്‍ത്തിയെടുക്കുമ്പോള്‍,
സ്ത്രീയെ ബഹുമാനിക്കാനും
സ്നേഹിക്കാനും സ്വയം
പഠിക്കുന്നു നമ്മുടെ കുട്ടികള്‍ .

Saturday, March 15, 2014

വിരഹ ദു:ഖം

നീരറ്റ പൊയ്കയിലെ 
താമരപ്പൂവ് പോല്‍ 
നിന്‍ മുഖം എന്നുള്ളില്‍ 
വിരിയുന്നു പ്രേയസി...
   അറിയാത്തതെന്തേ ?
   നീ മാത്രമിന്നും ..
   കറയറ്റ  എന്നുടെ 
   പ്രണയാര്‍ദ്ര ഭാവം!!
ഉടയില്ലൊരു നാളും
നീയെന്ന വിഗ്രഹം,
മറയില്ലൊരു നാളും
എന്‍ മിഴികളില്‍ നിന്നും...
    ദേവീ....നിന്‍ ചിരി
    ഒന്നു ഞാന്‍ കണ്ടാല്‍,
    അതില്‍പ്പരം സുകൃതം 
    മറ്റൊന്നുണ്ടോ ??
വരില്ലേ..എന്നരികില്‍ 
ഒരു മാത്രയെങ്കിലും ..
ഒഴിയില്ലേ .. ഒരു നാളും
എന്‍ വിരഹ ദു:ഖം. 
നിന്റെ പ്രണയം 
എന്നിലെത്തിക്കാന്‍
നീ ഒരുപാടു വര്ഷം 
കാത്തിരുന്നു.... 
എന്നാല്‍ ,
എന്റെ ഹൃദയം 
കീറിമുറിക്കാന്‍ ,
നിനക്ക് ഒരു നിമിഷമേ 
വേണ്ടിവന്നുള്ളൂ...

Thursday, March 13, 2014

സ്വപ്നങ്ങളുടെ ദുര്‍മരണം

ആകാശത്ത് കാര്‍മേഘം
ഉരുണ്ടു കൂടുന്നു,
മനസ്സില്‍, ഓര്‍മ്മയിലെ കഴുകന്‍ ,
ചിറകടിച്ചു നില്‍ക്കുന്നു.
അന്ധകാരത്തില്‍, 
വിജനമായ വഴിയിലൂടെ 
നീങ്ങുമ്പോള്‍ ,
ഹൃദയ ശൂന്യതയുടെ 
ജീര്‍ണ്ണിച്ച ഗന്ധം.
എവിടെയോ ഇരുന്നു 
നോക്കുന്ന മൂങ്ങ കണ്ണുകള്‍,
പൊട്ടിയ തംബുരുവിലെ 
അപശ്രുതി പോലെ-
ഹൃത്തിനെ ഉലയ്ക്കുന്നു, 
പുറത്ത് ഇടിമിന്നലുകള്‍ 
താണ്ഡവമാടുമ്പോള്‍ ,
ഹൃദയാങ്കണത്തില്‍
ഘോരാനുഭവങ്ങളുടെ 
പേമാരി പെയ്യുന്നു...
മനസ്സിലെ  വൈരൂപ്യം മറയ്ക്കാന്‍ 
വാക്കിനെ വാളാക്കി
തുള്ളുന്ന കോമരങ്ങള്‍,
സ്വാര്‍ഥതയുടെ നീരാളി-
പ്പിടുത്തത്തില്‍ വീണു 
നിണമൊഴുക്കുന്നു..
ചവര്‍പ്പും കയ്പ്പും നിറഞ്ഞ 
ഭ്രാന്തന്‍ ചിന്തകളില്‍,
വിഷാദത്തിന്റെ നിശ്ശബദ്തയിലൂടെ 
തൂങ്ങിയാടുന്ന ,
"സ്വപ്നങ്ങളുടെ ദുര്‍മരണം".



Thursday, March 6, 2014

അമ്മ

താരാട്ടുപാട്ടിന്റെ ഈണമമ്മ..
താമരപ്പൂവിലെ ദേവിയമ്മ.
കുടുംബത്തിലെ ഐശ്വര്യമായി വിളങ്ങും,
സ്നേഹത്തിന്‍ പൊന്‍ വിളക്കാണെന്നും അമ്മ.
പൈതങ്ങളില്‍ നന്മ്മ ചൊരിയുമമ്മ,
മാതൃ വാത്സല്യത്തിന്‍ നിറകുടം അമ്മ.
ഉണ്ണിതന്‍ കാലിലൊരു മുള്ളു കൊണ്ടാല്‍ 
മറ്റെല്ലാം മറന്നോടിയെത്തും അമ്മ.
അതുകണ്ടു കൈകൊട്ടി ചിരിക്കുന്ന ഉണ്ണിയെ ,
മാറോടു ചേര്‍ത്ത് ഉമ്മ വയ്ക്കും അമ്മ.
മരണം വന്നു മുന്നില്‍ നില്‍ക്കുമ്പോഴും ,
അമ്മ തന്‍ ചുണ്ടുകള്‍ മന്ത്രിക്കുവതിങ്ങനെ ..
"എന്റെ കുഞ്ഞുങ്ങളെ കാക്കണേ ദൈവമേ "....
അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നു, 
ഈ  പ്രപഞ്ചത്തിലെ സ്നേഹവും സഹനവും .
അമ്മിഞ്ഞപ്പാലിന്‍ മാധൂര്യം നുണഞ്ഞ മക്കള്‍ക്ക് 
അമ്മയെ മറന്നു ജീവിക്കാനാകുമോ ?

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...