Tuesday, March 10, 2015

ഉണ്മ



ഏകാന്തതയുടെ
തോണിയില്‍
മൌനപ്പായ വിരിച്ച്
നിസ്സംഗതയുടെ 
പുതപ്പിനുള്ളില്‍
ചുരുണ്ടുകൂടിയപ്പോള്‍
ഓര്‍മ്മകളുടെ 
വരമ്പുകളില്‍ കൂടി
കുതറിയോടുന്നു 
തൃഷ്ണകള്‍...

സ്നേഹത്തിന്റെ 
മൃദുശയ്യയിലെ
താരുണ്യ സ്വപ്നത്തില്‍
വിടരാന്‍ കൊതിക്കുന്ന
മോഹത്തിന്റെ പൂമരം.
മരപ്പച്ചകളും 
കാട്ടുചോലകളും
കുളിരുനല്കുമ്പോള്‍
ഗൃഹാതുരതയുമായി
നിശബ്ദമായി 
പാടുന്നു മനം.

നഷ്ടബോധത്തിന്റെ
നീരാളിപ്പിടുത്തത്താല്‍
പിടയുന്നഹൃദയത്തില്‍
ആരും കാണാ-
തൊളിച്ചിരിക്കുന്ന
കുടുംബവേരുകള്‍...

അമ്മതാരട്ടിന്റെ 
തൊട്ടില്‍ മുതല്‍
യൌവനത്തിന്റെ 
ചോരത്തിളപ്പ് വരെ
വാടാതെ നില്ക്കുന്ന 
സ്മരണപൂക്കള്‍...

ഉപബോധമനസ്സിനെ 
തൊട്ടുണര്‍ത്തി
യാഥാര്ത്യത്തിനു നേരെ
ചായം പുരണ്ട കൂര്‍ത്ത
നഖമുനകളുമായ്,
അഭിനയത്തിന്റെ 
പുതിയതലത്തിലേക്ക്
അസ്വസ്ഥതയുടെ 
കയ്യും പിടിച്ചു
ജീവിക്കാനുള്ള 
നെട്ടോട്ടവുമായി
വിഷലിപ്തമായ 
നഗരമുണര്‍ന്നു

ജ്വരമൂര്ഛയേറിയ 
തലച്ചോറുമായി....

Sunday, March 8, 2015

തെരുവിന്റെ മക്കള്‍


കത്തിജ്വലിക്കുന്ന സൂര്യനു താഴെ ,
പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം .
തുട്ടുകൾക്കായി നീട്ടുംകരങ്ങൾ
തട്ടിമാറ്റിയകറ്റുന്നു നമ്മൾ..

ശ്രേഷ്ട ഭോജന ശാലയ്ക്കു പിന്നിൽ
കൂനയാകുന്നൊരെച്ചിലിൻ മുന്നിൽ
നക്കിത്തുടച്ചയിലകള്‍ക്ക് കീഴെ
പരതുന്നു രണ്ടിറ്റു വറ്റിനായി .

ഒരുനേരമന്നമിരക്കുന്ന കുഞ്ഞിൻറ
കദനക്കടലൊലി കേൾക്കുക നാം
മൃഷ്ടാന്നമുണ്ടു വരുമ്പോഴിരക്കുകിൽ
നിഷ്ഠൂരമാട്ടിയകറ്റരുതേ..

പാറുന്ന പലവര്‍ണ്ണ ശലഭങ്ങളെ
ഏറെക്കൊതിയോടെ നോക്കി നിൽപ്പൂ,
മഴവില്ലുടുപ്പുകള്‍ കിനാവു കണ്ട്
അലയുന്നു തെരുവിലിളം മിഴികൾ

കദന കന്മഷംതിങ്ങും മനസ്സിൽ
കനിവു കത്തിച്ചു ദീപം തെളിക്കാം
കരുണ വറ്റാത്തൊരുറവായി നമ്മൾ
തെളിമയുള്ള മനസ്സോടെ കാണാം

അറിവിനായവർക്കക്ഷരം നൽകാം
പൊരിവയറിനായ് ഭക്ഷണം നല്‍കാം
സ്നേഹമിറ്റിച്ചു നോക്കുകിലെന്നും

പൂത്തു പൂവിടും തെരുവിൻറ മക്കള്‍ .

Friday, March 6, 2015

കുറുംകവിതകള്‍

പ്രണയം ചതിച്ചപ്പോൾ
മരണത്തോടു പ്രണയം
മരണമുഖത്ത് ജീവിതത്തോടും.


ചെറു കാറ്റിലും പിടയുന്ന
മൺ ചിരാതു പോലെയോ,
നിൻ കദനമെഴും മനം.....


നിൻ കണ്ണീരിലൊഴുകിപ്പോയി
മനസ്സിലെ മാറാലക്കെട്ടുകൾ:
മഞ്ഞു തുള്ളിയിലെ വസന്തം


ആത്മാർഥത ചോർന്ന
മനസ്സെത്ര ഉപയോഗ ശൂന്യം
ചോരുന്നു,ഓട്ടച്ചിരട്ട പോൽ.


കാറും കോളുമായി കറുത്താകാശം.
മറഞ്ഞു പോകുന്നുവോ? 
നീതിയുടെ സൂര്യന്‍ .


മറവിയുടെ മരുക്കാട്ടിലും
പുഞ്ചിരി തൂകുന്നു:നറുമണ
മോടെ പ്രണയ പുഷ്പങ്ങൾ


നന്മയിലെ കരടെടുക്കാൻ
തിന്മയുടെ കോലുകൾ;
ചുറ്റിലുംനോക്കു കുത്തികൾ .


മിഴിപ്പോളകൾക്കുള്ളിൽ 
വീർപ്പു മുട്ടുന്നു;പെയ്തൊ-
ഴിയാത്ത കാർമേഘങ്ങൾ.


ഇഴഞ്ഞു നീങ്ങുന്ന ശവ വണ്ടി,
നെടു വീർപ്പിടുന്ന നിഴലുകള്‍;
മായുന്ന പോക്കു വെയിൽ


ഒരു പിടി അവിലിൻ സ്നേഹം 
കുടിൽ കൊട്ടരമാക്കി. !!!
നിന്നിലെ നാലു വരി കവിത 
എന്നെ തരളിതയാക്കി !!!


പച്ചപ്പട്ടണിഞ്ഞ മലനിരകൾ.
വെള്ളിക്കസവുമായ്,
വിരുന്നു വന്നു മൂടൽമഞ്ഞ്


മനസ്സിലൊരു മണിത്തൊട്ടിൽ
രാരീരം മൂളുന്നു ചുണ്ടുകൾ
കാറ്റു താളം പിടിക്കുന്നുവോ..


സദാചാരം 
സത്യത്തിനും മിഥ്യക്കുമിടയിലെ തുമ്പി
സമൂഹം ഒരു ചൂണ്ടു വിരൽ


മോഹപ്പക്ഷി ചിറകു കുടയുന്നു.
എങ്ങോട്ടെന്നില്ലാതെ പറക്കുന്ന
യുവത്വത്തിന്റെ തൂവലുകൾ...


ഓർമ്മയിലിന്നും 
മോണ കാട്ടിച്ചിരിക്കുന്നുണ്ട്:
മുത്തശ്ശിയുടെ വെറ്റിലച്ചെല്ലം


മഞ്ഞളിൽ ചാലിച്ച
തൊടുകുറിയുമായ്
ധനുമാസ പുലരികൾ


അവിൽ പൊതിയിലെ കല്ലിലും,
സൌഹൃദത്തിന്റെ മധുരം.! 
ഇന്ന് കുചേലദിനം


തിരുവാതിര നൊയമ്പ്നോൽക്കാൻ
മഞ്ഞിൻ ചേലയണിഞ്ഞ്
ധനുമാസപ്പെണ്ണെത്തി.


ഭൂത കാലത്തിൻറെ ഓർമ്മയിൽ
പുളയുന്ന വർത്തമാന കാലം;
നോക്കു കുത്തിയായി ഭാവി.


ആയിരം വിളക്കുകൾ തെളിഞ്ഞാലും,
നിന്നോളം തെളിയുമോ.
മറ്റൊരു വിളക്ക് എന്നുള്ളിൽ !!


മേഘപക്ഷി ചിറകുകുടഞ്ഞപ്പോൾ 
മഴ തൂവലുകളാൽ ..
പുളകിതയായി ഭൂമിദേവി !!!


പുഞ്ചപ്പാടങ്ങളില്‍ 
കെട്ടിട സമുച്ചയങ്ങള്‍.
കുളിര്‍മ്മ തന്ന കണ്ണുകളില്‍ വേദനയോ


അച്ഛന്റെ നെഞ്ചിലെ 
വാത്സല്യ ചൂടിനായ് 
വാശി പിടിക്കുന്ന കുസൃതിക്കുടുക്ക



Wednesday, November 26, 2014

കുറും കവിതകള്‍

പൂവിനെ മുകരുന്ന 
ചിത്രശലഭത്തിന് 
ഹിമകണവും മധുരതരം


ഓര്‍മ്മകള്‍ക്ക് വിശറി മെനയുന്നു
പുസ്തകത്താളിലെ
മയില്‍പ്പീലിതുണ്ടുകള്‍


നുണവല കെട്ടി ഇരയെപ്പിടിക്കുന്ന 
ചിലന്തിയെ നോക്കി 
ചുമരിലിരുന്നു വാലിളക്കുന്ന ഗൌളി


ഹൃദയവീണയില്‍ 
ശ്രുതി മീട്ടുന്നു 
നിന്‍ പ്രണയ ഗീതികള്‍


സൌഹൃദ ചെടിയില്‍ 
കമ്പിളിപ്പുഴുക്കള്‍ .
കൊഴിഞ്ഞു വീഴുന്നു നൊമ്പരപ്പൂക്കള്‍


കോഴിച്ചോര കണ്ടു നിലവിളിച്ചവന്റെ
കൈയ്യില്‍ വടിവാള്‍.
നിറകണ്ണുമായി താതന്‍


വൃതശുദ്ധിയും
ശരണംവിളിയുമായി
മഞ്ഞില്‍ കുളിച്ച് വൃശ്ചികപ്പുലരി


രാവിന്റെ നിശ്ശബ്ദതയില്‍ 
നുറുങ്ങുവെട്ടവുമായി
സ്വര്‍ണ്ണപ്പൊട്ടുകള്‍


കരളിലടച്ചു വെച്ചിട്ടും
കണ്ണീരില്‍ കുതിരുന്നു
കദന ചിന്തകള്‍


മന്ദമാരുതന്‍റെ തലോടലില്‍ 
വെഞ്ചാമരം വീശുന്നു,
പൂത്തുനില്‍ക്കുന്ന കാട്ടുപുല്ലുകള്‍


തുലാമഴയില്‍ കുതിര്‍ന്ന്
കടലാസ് തോണി.
ഓര്‍മ്മയില്‍ മിഴികളും


പുഴയിലൂടെ ഒഴുകിവരുന്ന 
ഈറ്റച്ചങ്ങാടത്തില്‍
തുള്ളിക്കളിക്കുന്ന ബാല്യം


ദുഃഖമൊഴിയാന്‍ ദൈവത്തിനു 
നേര്‍ച്ചയും കാഴ്ചയും .
കണ്ണീരുമായി കാണപ്പെട്ട ദൈവങ്ങള്‍.


ചിഹ്നങ്ങള്‍ കൊണ്ട് 
നിറഞ്ഞ ജീവിതം.
ഇടയ്ക്കെവിടെയോ ശൂന്യത.


നെല്‍പ്പാടങ്ങളില്‍ ചാഞ്ചാടുന്ന
ഈറന്‍ക്കാറ്റ്.
ഓര്‍മ്മയിലിന്നും കുളിരല


നിന്‍ പ്രണയച്ചിറകിനുള്ളില്‍ 
കുറുകിയിരിക്കട്ടെ
എന്‍ നിശ്വാസങ്ങളില്‍ 
ഫണമുയര്‍ത്തുന്ന വേദനകള്‍


സ്നേഹത്തിന്റെ
പൂനിലാവോ,
പുഞ്ചിരിപ്പൂക്കള്‍..


ഏകാന്തതയുടെ തോണിയില്‍
പങ്കായം പിടിക്കുന്നു.
ഓര്‍മ്മകളുടെ കുന്നിമണി ചെപ്പ്


പായല്‍ പോലെ മനസ്സിനെ മൂടിയ
നിന്റെ നുണകള്‍ വെട്ടിമാറ്റിയപ്പോള്‍ 
ഹാ..എന്തൊരു തെളിനീര്.


സൌഹൃദ ചെടിയിലെ
പ്രണയപുഷ്പം.
വലിച്ചു കീറിയ തുണിപ്പാവ.


എരിയുന്ന വേനലിലും 
വാടാത്ത പൂവായി
വിടരുമോ എന്‍ മുഖം
നിന്‍ മനതാരിലെന്നും....


ഏറുപുല്ലിന്റെ 
മധുരനൊമ്പരം.
തിരിഞ്ഞു നോക്കുന്ന പെണ്‍കൊടി


കൊയ്ത്തുപ്പാട്ടിന്റെ ഈണം.
കുണുങ്ങിച്ചിരിക്കുന്ന 
നെല്‍മണികള്‍


കരളിനെ കൊത്തിവലിക്കുന്നു
ആ ചാട്ടുളി കണ്ണുകള്‍.
കലാലയ സ്മരണകള്‍


ഹൃദയ തറവാട്ടില്‍ വിരുന്നിനെത്തി
ജാലക വാതിലിലെ ദീപക്കാഴ്ച.
മധുരസ്മരണകള്‍


പരവതാനി വിരിച്ചു
വന്ന മോഹങ്ങള്‍ ,
കീറപ്പായയില്‍ മയങ്ങുന്നു.








Sunday, November 9, 2014

ചിഹ്നങ്ങള്‍

ഒരു ബിന്ദുവില്‍ നിന്നുള്ളജനനം
ജീവിതരേഖയിലേക്ക് മാറുമ്പോള്‍
വെട്ടുംകുത്തും തിരുത്തലുകളും
കൊണ്ട്നിറയുന്ന പേപ്പര്‍പോലെ.

ശൈശവം
അത്ഭുതമാകുമ്പോള്‍
ആശ്ചര്യം കൊണ്ട് 
നിറഞ്ഞ കൌമാരം.
ഗുണിച്ചും ഹരിച്ചും 
നേടിയെടുത്ത പങ്കാളിയും 
ഇടയ്ക്കെപ്പോഴോ
ചോദ്യചിഹ്നമാകുന്നുവോ?

പാതിവഴിയില്‍ നഷ്ടമായ 
കൂടെപ്പിറപ്പിന്റെ കണ്ണി
വിളക്കിചേര്‍ക്കാന്‍ വന്ന
കൂടെ പിറക്കാത്ത 
സോദരന്റെ കണ്ണുകള്‍, 
ശരീരത്തിന്റെ അളവഴകുകളില്‍ 
കൂട്ടലും കുറയ്ക്കലും 
നടത്തിയപ്പോള്‍ ,
അര്‍ദ്ധവിരാമത്തിലാണ്ടുപോയ
സഹോദര സ്നേഹം..

എത്ര ശ്രമിച്ചിട്ടും പൂര്‍ണ്ണ- 
വിരാമത്തിലെത്താതെ
ജീവിതം ചോദ്യമാക്കി
പലരിലൊരാളായ്‌ മാറുമ്പോഴും
ഉത്തരം കിട്ടാത്ത 
സമവാക്യം പോലെ,
അലഞ്ഞുകൊണ്ടിരിക്കുന്നു 
അവളുടെ മനസ്സിപ്പോഴും..!

Wednesday, November 5, 2014

ഇതെന്ത് ആചാരം..?



അപവാദച്ചൂടില്‍ ചുട്ടെടുത്ത
ഹൃദയത്തെ
പരദൂഷണ ദാഹവുമായി
അലഞ്ഞവര്‍...
നാല്‍ക്കവലയിലെ അറവുശാലയില്‍
കെട്ടിത്തൂക്കി വില്‍ക്കുമ്പോള്‍
മണം പിടിച്ചു നടക്കുന്ന
ചെന്നായ് കൂട്ടവും
മുഖം മൂടിയണിഞ്ഞ
സദാചാരചിന്തകരും ...
എരിവും പുളിയും ചേര്‍ത്ത
മസാലക്കൂട്ട് ഉണ്ടാക്കി
അടുക്കളപ്പുറങ്ങളില്‍ വിളമ്പുന്നു
ദുഷിപ്പ് നാറുന്ന ചുണ്ടുകള്‍.
അത്താഴ മേശയില്‍
മൃഷ്ടാന്നഭോജനത്തിന്റെ ഏമ്പക്കം .. 

മാനം നഷ്ടപ്പെട്ട പെണ്ണിന്റെ
ജീവിതം വെച്ച് അറുമാദിക്കുന്ന
കാമക്കോമരങ്ങള്‍
ഓര്‍ക്കാതെ പോകുന്നു.
സ്വഗൃഹത്തിലെ
നാളെയുടെ വാഗ്ദാനങ്ങളെ...
കിട്ടാത്ത മുന്തിരി പുളിക്കുമെന്ന
പഴമൊഴിയെ ഓര്‍മപ്പെടുത്തി
ഓരിയുടുന്നു കുറുക്കജന്മങ്ങള്‍..

വഞ്ചനയും ചതിയും
പൌഡറും സെന്റുമായി
പൂശി നടക്കുന്നവര്‍,
ചീഞ്ഞളിഞ്ഞ മനസ്സിനെ
വര്‍ണ്ണ കുപ്പായങ്ങളില്‍
ഒളിപ്പിച്ചു വെക്കുന്നു.
മധുരമൊഴികളും
കൌശലമിഴികളുമായി
എവിടെയും കാണാം..
സദാചാരമെന്നവാക്കിനെ
ദുഷിപ്പിക്കുന്ന കപടമുഖങ്ങള്‍..

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...