Saturday, June 28, 2014

സുന്ദര സ്വപ്‌നങ്ങള്‍

നിദ്രാവിഹീനമായ രാത്രിയില്‍ 
ഏകാന്തതയെ കൂട്ടുപിടിച്ച്
സ്വപ്നമെന്ന പുതപ്പിനടിയില്‍
ചുരുണ്ട് കൂടിയപ്പോള്‍ 
ഭൂതകാലമെന്ന ആത്മാവ്,
കോമാളിയെ കാണുംപോലെ
എന്നെ നോക്കി ചിരിക്കുന്നു .
വിഷാദത്തിന്റെ മയക്കം 
കണ്പോളകളെ തഴുകിയപ്പോള്‍ 
പുലരിയെ സ്വപ്നം കാണുന്ന 
രാവിന്റെ അന്തക്ഷോഭം ...
കരിഞ്ഞുണങ്ങിയ ഇന്നലെകളെ ,
കണ്ണീര്‍ തീര്‍ത്ഥത്തില്‍ കുളിപ്പിച്ചപ്പോള്‍
ജീവിത യാത്രയില്‍ പ്രകാശം പരത്തി 
ഒളികണ്ണെറിയുന്ന ചന്ദ്ര നിലാവ് .
ഭാവിയെന്ന വടവൃക്ഷചോട്ടിലേക്ക് 
വര്‍ത്തമാനകാലത്തിന്റെ 
കൈയും പിടിച്ചു നടക്കുമ്പോള്‍ 
കൂട്ടിനു വന്നതോ....കുഞ്ഞിളം തെന്നലും
ഒരു പിടി സുന്ദര സ്വപ്നങ്ങളും .









Friday, June 27, 2014

കുറും കവിതകള്‍

ചന്ദന കാറ്റുമായ്‌
പൊന്‍ പുലരി 
ക്ഷേത്ര ദര്‍ശനം


കൊഴിഞ്ഞു വീണൊരു 
പ്രണയ ശലഭം
മെഴുകുതിരി നാളം


മന്ത്ര തന്ത്രങ്ങളുമായ് 
ആള്‍ ദൈവങ്ങള്‍ 
ദൈവ ചൈതന്യമോ ?


നീരാളിയെപ്പോലെ 
പലിശക്കാര്‍ 
വഴി മുട്ടിയ ജീവിതം


അര്‍ഹികാത്തവര്‍ക്ക് 
ആശ്രയം കൊടുത്താല്‍ 
ജീവിതം നൂല്‍പാലത്തില്‍


പിശാചുക്കളുടെ 
നഖക്ഷതങ്ങള്‍
പേടിച്ചോടുന്ന മാന്‍പേട


കുടുംബകോടതിയില്‍
മാതാപിതാക്കള്‍
ചളിയില്‍ മുങ്ങുന്ന മക്കള്‍


വിരഹഗാനം പാടി 
പൂങ്കുയില്‍ 
ഒളി മങ്ങിയ പ്രഭാതം


ഹൃദയത്തില്‍ വരച്ച 
മായാത്ത ചിത്രം
മാനത്തൊരു നക്ഷത്രം


കവിളിണകളില്‍
നീര്‍മണിമുത്തുകള്‍
ഇനിയെന്ന് കാണും ?


കഥ പറഞ്ഞിരിക്കുന്ന 
മുത്തശ്ശിമാര്‍
സുഗന്ധമുള്ള കാറ്റ്


ഗര്‍ഭ പാത്രത്തിന്റെ
പുണ്യമറിയാതെ 
കാമത്തിന്റെ ലഹരി



അസ്തമയ സൂര്യന്റെ 
ചെങ്കതിരുകള്‍
മുത്തശ്ശി ചൊല്ലുന്നു ദീപം


കണ്ണീര്‍ പൂക്കളില്‍ 
അന്തിവെയില്‍ 
നാല് ചുമരുകള്‍


സുഗന്ധം പൂശി 
മാനവര്‍ 
മാലിന്യ കൂമ്പാരം


ചിറകു വിരിച്ചു 
സ്വപ്നങ്ങള്‍ 
ഈയാമ്പാറ്റകള്‍




Thursday, June 19, 2014

കുറും കവിതകള്‍

ലഹരിയില്‍ പറക്കുന്ന 
യൌവനങ്ങള്‍
നിറയുന്ന കണ്ണുകള്‍


കീറി മുറിക്കപ്പെടുന്ന
തെരുവു ബാല്യം
നിശബ്ദമായ് രാത്രി


പുത്തനുടുപ്പിട്ട
പൂമ്പാറ്റകള്‍
സ്കൂള്‍ കവാടം


അരൂപിയായ് 
അവനെത്തി 
വിലാപ യാത്ര


വെള്ളിടിയേക്കാള്‍
ഭീകരം
വൈധവ്യ ദുഃഖം


അനുഭവങ്ങളുടെ 
തീച്ചൂള
ഉരുകുന്ന ജീവിതം


വാദ്യ ഘോഷങ്ങളുമായ് 
ഇടവപ്പാതി
ഭൂമിയെ താലോലിക്കാന്‍


നിണമൊഴുകുന്ന
ഓര്‍മ്മകള്‍
പൊട്ടിയ കുപ്പിവള


തട്ടത്തിനുള്ളില്‍
പേടമാന്‍മിഴി
കിലുങ്ങുന്ന കൊലുസ്സ്


ആലിപ്പഴങ്ങള്‍ 
പൊഴിയുന്നു 
തുള്ളിച്ചാടുന്ന ബാല്യം


അമ്പല നടയില്‍ 
കൂപ്പു കൈകള്‍ 
ദേവനോ ..ദേവിയോ ?


തുഴയും തോറും 
ദൂരമേറെ 
വിറയ്ക്കുന്ന കൈകള്‍


മഴവില്ല് ചാര്‍ത്തും 
ദാവണി പ്രായം
കൌമാര സ്വപ്നങ്ങള്‍


കഠിനമാം വാക്കില്‍ 
തേങ്ങുന്ന മനം 
പെയ്തൊഴിയാത്ത മഴ


കരിമ്പടം പുതച്ച്
താതന്റെയുള്ളം 
തഴമ്പിച്ച കൈകള്‍


അലറുന്ന കടലിലെ
തിരകള്‍ പോലെ 
മരിക്കാത്ത ഓര്‍മ്മകള്‍





Sunday, May 25, 2014

കുറും കവിതകള്‍

മൂവന്തി ചോപ്പിലെ 
മിന്നാമിന്നി 
വാര്‍ദ്ധക്യം


മറവിയാകാശത്ത്
ചായം തേക്കുന്നു 
മധുരസ്മരണകള്‍


ആഗ്രഹങ്ങളെ 
അടക്കി നിര്‍ത്തുന്നു
വിള്ളല്‍ വീണ മേല്‍ക്കൂര


പെണ്ണെ , നിന്‍ കവിത
കടമിഴി കോണിലോ 
കൈ വിരല്‍ തുമ്പിലോ


വാകമരം പൂത്തു
ഓര്‍മ്മകളില്‍ 
എന്റെ മനവും


കൊടും തണുപ്പിലും 
കവിളിണകളെ തഴുകുന്നു 
ഇളം ചുടു നീര്‍


തിരമാലകള്‍ക്ക് 
മീതേ പായുന്നു 
ജീവിത നൌക


കാത്തിരിപ്പിന്റെ 
മധുരനൊമ്പരം
അത്തര്‍ മണക്കുന്നുവോ


പുതുമഴയില്‍ 
അനുരാഗിണിയായ്
മേടപെണ്ണ്


ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ
വെള്ളിനാണയം
കണ്ണു ചിമ്മുന്നുവോ


മീനമാസത്തിലെ 
വെയില്‍ 
ഒരിറ്റു വെള്ളം തരൂ ..


പൊള്ളുന്ന നദി പോലെ 
വിയര്‍പ്പുചാലുകള്‍ 
ഹൃദയ ഭാരം


ചിറകിട്ടടിക്കുന്നു
പ്രണയക്കിളികള്‍
വാക്കുകളുടെ ജാലകത്തിലൂടെ


മനസ്സിനെ മയക്കുന്ന 
മയില്‍‌പ്പീലി തുണ്ടോ
കവിത


ഹൃദയത്തില്‍
കനലാഴി.
കണ്ണീരിന്റെ ഉപ്പ്


നമ്മള്‍ക്കിടയിലെ
അകലം 
'മൌനം' മാത്രം


അരങ്ങിലാടുന്നു വേഷങ്ങള്‍ 
അണിയറയില്‍ 
അഴിയാത്ത സത്യങ്ങള്‍


കൊയ്താലും തീരാത്ത
വിളവ്‌
സത്ക്കര്‍മ്മം











Friday, May 2, 2014

കണ്ണനോടുള്ള പരിഭവങ്ങള്‍

കണ്ണാ എന്നെ മറന്നുവോ നീ 
വിളിച്ചിട്ടും വിളി കേള്‍ക്കാത്തതെന്തേ..
കനവില്‍ നീ മാത്രമെന്നു നിനച്ചിട്ടും 
ഒരു മലരായ് പോലും കിനാവില്‍ വരാത്തതെന്തേ...

      കരയുവാനില്ല  കണ്ണുനീരിനിയും

      തരുവാനായ് കൈകളിലൊന്നുമില്ല 
      വിരഹിണിയാം നിന്റെ രാധയെപ്പോല്‍
      തേങ്ങുവാന്‍ മാത്രമാണോ വിധി ...

പരീക്ഷിച്ചു മതിയായില്ലേ കണ്ണാ

പരീക്ഷണങ്ങള്‍ ഇനി താങ്ങാന്‍ വയ്യാ
എന്നുടെ മൂകാനുരാഗം കാണാന്‍
നിന്‍ പുഞ്ചിരി മിഴികള്‍ക്കാവുന്നില്ലേ...

      എങ്കിലും കണ്ണാ നിന്‍ വേണുവിലെ

      മധുരഗാനമായ് മാറീടും ഞാന്‍ 
      അലിയാത്ത നിന്നുടെ മനസ്സിനുള്ളിലെ 
      സ്നേഹരാഗമായ് അലിഞ്ഞു ചേരും ....


Thursday, April 24, 2014

കുറും കവിതകള്‍

ഹൃദയാകാശത്തില്‍
പുഞ്ചിരിയുമായ്‌
നയന നക്ഷ്ത്രങ്ങള്‍


കൊയ്താലും തീരാത്ത
വിളവ്‌
സത്ക്കര്‍മ്മം


കൈ കോര്‍ക്കുന്ന 
തിന്മയും പാപവും 
കഴുവിലേറും നന്മ


ഗ്യാസ് സ്ടൌവിനെ നോക്കി 
വിഷണ്ണയായ വീട്ടമ്മ 
കൈയില്‍ വിറകുകള്‍


ജ്വലിക്കുന്നു 
രണ്ടു വജ്രങ്ങള്‍
മിഴിനീരാല്‍.....


ആര്‍ത്തി പൂണ്ട കണ്ണുകള്‍ 
പാപക്കറയുമായ്‌
വീശിനടക്കുന്ന കൈകള്‍



ഉരുകി തീരുവോളം
വെളിച്ചം തന്നില്ലേ..
എന്നിട്ടും?

പ്രണയം ..മധുരം

കതിര്‍മണ്ഡപത്തിലെ നിലവിളക്കിന്‍ ശോഭയില്‍ 
പൂത്തുലയുന്നീ  പ്രണയം
ഹൃദയചെപ്പിലെ രക്തകുംകുമം 
നെറുകയില്‍ ചാര്‍ത്തും പ്രണയം
വരണ്ട മനസ്സിനെ തണുപ്പിക്കാനെതുന്ന
കുളിര്‍മഴയാണീ പ്രണയം 
ജീവിത വൃക്ഷത്തില്‍ പൂത്തു കായ്ക്കുന്ന
മധുരഫലമീ പ്രണയം ..
തേനൂറും വാക്കാല്‍ പരിഭവം ചൊല്ലും 
പുതുമണവാട്ടിയെപ്പോല്‍ പ്രണയം
പരിശുദ്ധ സ്നേഹത്താല്‍ ഇരു ഹൃദയങ്ങളെ 
ഒന്നായ് മാറ്റുമീ പ്രണയം 

Monday, April 21, 2014

പൂക്കാത്ത മുല്ല

മുള്‍ മരത്തില്‍ പടര്‍ന്ന മുല്ലവള്ളി നീ 
പൂവിടാന്‍  വൈകുന്നതെന്തേ ?
മങ്കമാര്‍ തന്നുടെ വാര്‍കൂന്തലുകള്‍ 
നിന്‍ പൂവിനായ് കാത്തിരിപ്പൂ...
പുതു മഴ പെയ്തിട്ടും പൂത്തുമ്പി വന്നിട്ടും 
നീ മാത്രമെന്തേ പുഷ്പിക്കുന്നില്ല  .
മൂളിപ്പറക്കുന്ന വണ്ടിനെ പേടിച്ച് 
പൂക്കാതിരുന്നതാണോ?
നിന്‍ സുഗന്ധത്താല്‍ സായൂജ്യമണയാന്‍
കാത്തിരിക്കുന്നു മണല്‍ത്തരികള്‍ ..
പാരില്‍ നിന്നുടെ മലര്‍മണം പരത്താന്‍ 
ചുറ്റിത്തിരിയുന്നു പൂങ്കാറ്റും..






Friday, April 18, 2014

കാവല്‍ക്കാരന്‍

ഇന്നലെ വരെ നീയെന്റെ 
ജീവിത വസന്തമായിരുന്നു.
എന്റെ സ്വപ്നങ്ങളുടെ 
കാവല്‍ മാലാഖയായിരുന്നു..
സ്നേഹത്തിന്റെ ഒരിറ്റു 
കണിക പോലും ബാക്കി വെയ്ക്കാതെ 
മോഹങ്ങളെ കരിച്ചുണക്കി നീ,
വേനലായ്‌ മാറിയിട്ടും ,
പുതിയ മേച്ചില്‍പ്പുറങ്ങള്‍
തേടി അലഞ്ഞില്ല ഞാന്‍...
വാര്‍ദ്ധക്യത്തിന്റെ മണല്‍ക്കാറ്റേറ്റ്,
തളര്‍ന്നു നീയെത്തുമ്പോഴും,
ഉപേക്ഷിച്ചുപോയ കിളിക്കൂടിനു,
കാവല്‍ക്കാരനായ് ഞാനുണ്ടാകും
നിനക്കായ് മാത്രം !
സന്തോഷാശ്രുക്കളാല്‍ നിറംമങ്ങിയ
എന്‍ കണ്ണുകളില്‍ , അപ്പോഴും 
നിനക്ക് മാത്രം വായിക്കാന്‍ കഴിയും...
അക്ഷരങ്ങള്‍ക്കു വഴങ്ങാത്ത ഒരു ഭാഷ!!



Tuesday, April 15, 2014

കുറും കവിതകള്‍

മൌനത്തെ മുറിക്കാന്‍
ജാലകപ്പഴുതിലൂടെ
മഞ്ഞ വെയില്‍


കൊഴിയാറായ പൂവ്
പരിഹാസത്തോടെ
വിടരുന്ന മൊട്ട്


കൈയിലൊരു കല്ല്‌ 
മാവിലല്ലോ 
കണ്ണുകള്‍


കൈനീട്ടമെവിടെ?
മഞ്ഞപ്പട്ടണിഞ്ഞ
പൂമരങ്ങള്‍


താഴെവീണ പക്ഷിക്കൂട് 
ചിറകുമുറ്റാത്ത
പക്ഷിക്കുഞ്ഞ്


മധുരമീ ജീവിതം
സുകൃതമീ ദാമ്പത്യം 
വരദാനം പോലെ 
എന്‍ കണ്മണികള്‍


വീഴാറായ ചായ്പ്പ്
ചിതലരിച്ച 
വിറകുകള്‍


കൈയിലൊരു വാള്‍
ചോരുന്ന കുടിലില്‍ 
കണ്ണീര്‍പ്പുഴ


കടലോളം അറിവും
കൈയിലൊരു ചൂരലുമായ്
ഓര്‍മ്മയിലൊരു ക്ലാസ് മുറി




പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...