ഓർമ്മകൾ
*************
ഓര്‍മ്മയുടെ തീവണ്ടി
കിതച്ചുകൊണ്ട്
വര്‍ഷങ്ങള്‍ പിന്നോട്ടേക്ക്
പാഞ്ഞപ്പോള്‍
തേങ്ങുന്നുവോ
ഉള്ളിലൊരു അരിപ്രാവ്?....
മറഞ്ഞുപോയൊരു
കലാലയ ജീവിതം?....
പാളം തെറ്റിയ
ചിന്തകളിലൂടെ നുഴഞ്ഞുകേറി
മനസ്സിന്‍ വാതായനങ്ങളില്‍
ചെറുകാറ്റായെത്തി
തഴുകിയുണര്‍ത്തുന്നു
പുസ്തകത്താളിലൊരു കോണില്‍
നീ കോറിയിട്ട പ്രണയാക്ഷരങ്ങൾ..
ചിതലരിച്ച ഏടുകള്‍ക്കിടയിലും
ചാവാതെ കിടക്കുന്നതെന്തേ,
മൃതസഞ്ജീവിനിപോലെ
ആ മൃദുലാക്ഷരങ്ങള്‍?
ആത്മഹത്യക്കൊരുങ്ങിയ
സ്വപ്നങ്ങളെ
പുനര്ജീവിപ്പിക്കാനോ?...
അറിഞ്ഞുമറിയാതെയും
ജീവിതപ്പാളങ്ങളിൽ
ചതഞ്ഞരഞ്ഞു പോകുന്ന
ചില നിമിഷങ്ങള്‍,
പേരറിയാത്ത
ഏതോ സ്റ്റേഷനിലിറങ്ങിപ്പോയ
അജ്ഞാതസഞ്ചാരിയുടെ
ഓർമ്മകളും പേറി
കുതിച്ചു പായുന്ന തീവണ്ടിപോലെ ,
കുതിച്ചും കിതച്ചുമിഴഞ്ഞും പോകുന്ന
ജീവിതയാത്രയ്ക്കിടെ,
പച്ചക്കൊടി കാണിക്കുന്ന
ഗാര്‍ഡിനെപ്പോലെ
പുഞ്ചിരി പൊഴിയ്ക്കുന്നു
മധുരിക്കുന്ന ഓര്‍മ്മകൾ..!