Thursday, July 21, 2016

കുതിക്കുമോർമ്മകൾ

ഓര്‍മ്മയുടെ തീവണ്ടി
കിതച്ചുകൊണ്ടു
വര്‍ഷങ്ങള്‍ പിന്നോട്ടേക്ക്
പാഞ്ഞപ്പോള്‍ തേങ്ങുന്നുവോ... ഉള്ളിലൊരു അരിപ്രാവ്... മറഞ്ഞുപോയൊരു കലാലയ പ്രണയം..

പാളംതെറ്റിയ
ചിന്തകളിലൂടെ നുഴഞ്ഞുകേറി മനസ്സിന്‍ വാതായനങ്ങളില്‍
ചെറുകാറ്റായി തഴുകിയുണര്‍ത്തുന്നു
പുസ്തകതാളിലൊരു - കോണില്‍ നീ കോറിയിട്ട
പ്രണയാക്ഷരങ്ങൾ..
ചിതലരിച്ച ഏടുകള്‍ക്കിടയിലും
ചാവാതെ-കിടക്കുന്നതെന്തേ,
മൃതസഞ്ജീവിനിപോലെയാ മൃദുലാക്ഷരങ്ങള്‍..
ആത്മഹത്യക്കൊരുങ്ങിയ സ്വപ്നങ്ങളെ
പുനര്ജീവിപ്പിക്കാനോ ?
അറിഞ്ഞുമറിയാതെയും
ജീവിതപ്പാളങ്ങളിൽ ചതഞ്ഞരഞ്ഞു പോകുന്ന
ചില നിമിഷങ്ങള്‍, പേരറിയാത്ത ഏതോ സ്റ്റേഷനില്‍ ഇറങ്ങിപ്പോയ അജ്ഞാതസഞ്ചാരിയുടെ ഓർമ്മകളും പേറി കുതിച്ചു പായുന്ന തീവണ്ടിപോലെ , കുതിച്ചും കിതച്ചും ഇഴഞ്ഞും
പോകുന്ന ജീവിതയാത്രയ്ക്കിടെ, പച്ചക്കൊടി കാണിക്കുന്ന
ഗാര്‍ഡിനെപ്പോലെ പുഞ്ചിരി പൊഴിക്കുന്നു മധുരിക്കുന്ന ഓര്‍മ്മകൾ

Saturday, July 16, 2016

ചിന്തുകൾ

കദനങ്ങള്‍ ചൊല്ലിവരില്ലിനിയും, കരയുവാന്‍ മിഴിനീര്‍ കണങ്ങളില്ല, കരളിനെ കൊത്തിവലിക്കും നിന്നോര്‍മ്മകള്‍, കടലാഴങ്ങളിലേക്ക് വലിച്ചെറിയും കള്ളക്കഥകള്‍ ചൊല്ലുവാനിനിയും, കാതോരം ചേര്‍ന്ന്നില്‍ക്കരുതേ... കപടതമാത്രം നിറഞ്ഞ നിന്‍ മുഖം.. കാണാനിനിയീ കണ്ണുകള്‍ തുറക്കുകില്ല.. കല്ലാക്കി മാറ്റിയ മനസ്സിനുള്ളില്‍ കന്മദം പൂത്തുലയും നേരം.. കാണട്ടെ നിന്നോര്‍മ്മകളില്ലാത്ത.. കാട്ടുചോലയും കാനനഭംഗിയും..

Wednesday, July 13, 2016

കുറു മൊഴികള്‍

ഓര്‍മ്മകളെ
തഴുകിയുണര്‍ത്തി
അപ്പൂപ്പന്‍താടി


ചന്ദനക്കുറിയുമായിവരുന്ന 
കർക്കിടകകാറ്റിനോട് 
രാമായണം തിരക്കുന്നു;
എവിടെ മുത്തശ്ശി. ?


ആകാശമണം
ഒഴുകി വരുന്നു
നിശബ്ദരാത്രി


പുതുമഴപോൽ 
ചൊരിയും നിൻചിരി-
മഴതൻ താളലയത്തിൽ,
മീട്ടട്ടെ ഞാനിന്നെൻ 
ഹൃദയതംബുരു.


എത്തി നോക്കുന്ന
മാനത്തുകണ്ണികള്‍.
പൂത്തയാകാശം!


പൂത്ത ചെമ്പകച്ചോട്ടിൽ
മഴത്തുള്ളിക്കിലുക്ക൦ കേട്ട്
നിന്നോർമ്മകളിൽ മുഴുകുമ്പോൾ.... 
ആകാശം തൊട്ടുവരുന്ന 
തെക്കൻക്കാറ്റിനെന്തിത്ര മൗനം!


നീർ മിഴികൾ 
കടലാഴങ്ങളിലേക്ക്
കറുത്ത മാന൦.


അഭിനവ ബന്ധങ്ങൾ:
അഭിനയബന്ധങ്ങൾ;
ഉള്ളു തൊടാത്തവ.
ഉണ്മയില്ലാത്തവ !!


പിച്ചവെയ്ക്കുന്നു 
മോഹങ്ങൾ,
നാട്ടുപച്ചത്തണലുപറ്റി.


ചന്ദനക്കുറി തൊട്ട്
രാമായണക്കാറ്റ്.
മുത്തശ്ശിയെവിടെ


അകതാരിലിന്നും
പടുതിരിപോല്‍ കത്തുന്നു
അഴലേറെ നല്‍കിയ നിന്‍ രൂപം

പുതുമഴയില്‍ കിളിര്‍ത്ത പ്രണയം
തേന്മഴയായി പെയ്തുതോര്‍ന്നപ്പോള്‍
കണ്ണീര്‍ മഴയില്‍ കുളിക്കുന്നു ജീവിതം







Sunday, July 3, 2016

കുറും കവിതകള്‍

പിച്ച വെക്കുന്നു 
മോഹങ്ങൾ,നാട്ടുപച്ച-
ത്തണലു പറ്റി.


നിശയവൾ അണിഞ്ഞൊരുങ്ങി
മൂക്കുത്തിയായി മിന്നാമിനുങ്ങ്;
രാപ്പാടിതൻ വിദൂരമാം സ്വരം.


മുറ്റത്തെ ചെമ്പില്‍
പുഴുങ്ങിയ നെല്ലിന്‍ മണം.
പാറ്റിപ്പെറുക്കിയ ഓര്‍മ്മകള്‍


അന്യന്‍റെ അന്നത്തിൽ 
കയ്യിട്ടു വാരുന്നോർ ഓര്‍ക്കുമോ ...
അവനവന്‍റെ പാത്രത്തിനു 
കാവലാൾ ഇല്ലെന്ന സത്യ൦!!


ഇലച്ചാർത്തുകളെ
തലോടിവരുംകാറ്റ്;കുളിരി-
ന്നലകളിലൊരു പൂത്തുമ്പി.


പൊഴിഞ്ഞ പൂവി ന് സാന്ത്വന-
വുമായി കുസൃതിക്കാറ്റ്;പൊഴി-
യാൻ വെമ്പുന്ന മേഘങ്ങൾ.


മേഘരൂപനേ,കാലമെത്ര
കാത്തിരുന്നു നിനക്കായ്;നീയോ 
അറിഞ്ഞില്ലെൻ പ്രണയം....!


മഴത്തുള്ളികളുടെ കിന്നാര൦ കേട്ടിട്ടോ 
കള്ളക്കാറ്റിന്റ്റെ തലോടലേറ്റിട്ടോ 
ഈ പനിനീർപ്പൂവുകൾക്കിത്ര നാണ൦ !!


ഇള൦ കാറ്റിൻ താളത്തിനൊത്ത്
നർത്തനമാടുന്ന മുള൦കാടുകൾ;
ഒളിച്ചു കളിക്കുന്ന ചന്ദ്രലേഖ .


മനസ്സിന്നുമ്മറക്കോലാ-
യിൽ നിനക്കായി മാത്ര൦
തെളിയുന്നുണ്ടൊരു കെടാവിളക്ക്.


അറിവിൻ മഹാസമുദ്രം
അതിനൊരുകോണിൽ ഒരു ചെറുവഞ്ചിയുമായി മനുഷ്യന്‍

ഈ ലോകമിങ്ങിനെ മുന്നോട്ടു 
പോകുകിൽ പിറവിയേകാൻ 
മടിച്ചിടും..ഗർഭപാത്രം!


ആത്മരോദനങ്ങൾ തളർത്തു-
മ്പോഴും ആത്മവിശ്വാസം 
നയിപ്പൂ മുൻപോട്ട്...
പാതിവഴിയിൽ ഉപേക്ഷിച്ച് 
പോയവരും തുണയ്ക്കെത്താമീ
ജീവിതവീഥിയിൽ....!


ഇഴഞ്ഞു നീങ്ങും ജീവിതം;
പണ്ടു കുടിച്ചകൈപ്പുനീർ
കാലുകൾക്കു 
ബലമായ്


അറിവിൻ മഹാസമുദ്രം
അതിനൊരുകോണിൽ ഒരു 
ചെറുവഞ്ചിയുമായി മനുഷ്യന്‍


പുഴയറിഞ്ഞിട്ടും
മഴയറിഞ്ഞില്ല;
മാനത്തിൻ നോവ്.


നഷ്ടങ്ങളുടെ കൂടാരത്തിൽ
ചുരുണ്ടു റങ്ങുംസ്വപ്നങ്ങൾ;
ചിറകരിയപ്പെട്ട പ്രതീക്ഷകൾ.


നീലാകാശം പച്ചിലപ്പടർപ്പിനെ
ഉമ്മവെച്ച അന്നാണ് പ്രണയം
തൂമഴയായ് പെയ്തിറങ്ങിയത്.


വറ്റിയ ഉറവകൾക്കുമേൽ
മഴയുടെ തീർഥസ്പർശം;
ഒഴുക്കിൻെറ സംഗീതം.









Thursday, June 23, 2016

വ്രണങ്ങൾ

ചങ്ങലയിട്ട്
താഴിട്ടു പൂട്ടിയ
ചില ഓർമ്മകൾ
വ്രണമായി മനസ്സിനെ
കാർന്നു തിന്നിട്ടും 

മദംപൊട്ടിയ ആനയെപ്പോലെ
ഭ്രാന്തു പിടിച്ചോടുന്നു
ഗതികെട്ട കാലം....



താളം തെറ്റുന്ന
കെടുജന്മങ്ങളെ
വിധിയുടെ പേരിൽ
നാട്കടത്തുമ്പോൾ...
തടയുവാനെത്തില്ല
സാന്ത്വനവുമായി
ഒരു ചെറുകാറ്റുപോലും.



വകതിരിവില്ലാത്ത
വികാരങ്ങൾക്കടിമപ്പെട്ട്
വിഭ്രാന്തിയുടെ
തേരിൽ  കയറിപ്പോകുമ്പോൾ
യാഥാർഥ്യത്തിന്റെ
കയ്പുനീർ കുടിച്ച്
ഒടുങ്ങുന്ന നരജന്മങ്ങൾക്കു
നൊട്ടിനുണയാൻ
മറ്റെന്തുണ്ട് ഓർമ്മകളുടെ
പൊട്ടിയൊലിയ്ക്കും
വ്രണങ്ങളല്ലാതെ....?

Thursday, June 16, 2016

ഒളിച്ചു വച്ചത്...

കാത്തിരിപ്പിന്നാഴങ്ങളില്‍ 
മോഹം കൊണ്ടൊരു കൂട്കൂട്ടി. കാറ്ററിയാതെ കടലറിയാതെ, 
പ്രണയമതില്‍ ഒളിച്ചു വെച്ചു.. പാത്തും പതുങ്ങിയും വന്നൊരു 
കുയില്‍പ്പെണ്ണ്‍ തക്കംനോക്കി പറന്നിറങ്ങി, കാത്തുവെച്ച ജീവതാളം 
തട്ടിയെടുത്തു കൊക്കിലാക്കി.. ആരും കാണാതപ്പുറത്തെ 
മാവിന്‍ തോപ്പില് കൊണ്ടു വച്ചു. പ്രാണനൊഴിഞ്ഞ മോഹക്കൂട് 
താഴെ വീണുടഞ്ഞു പോയി. കണ്ടു നിന്ന കാക്കകൂട്ടം 
വെക്കമവ കൈക്കലാക്കി തീറ്റ തേടി വന്നൊരു തത്തമ്മ 
കാര്യമെന്തെന്നോതി മെല്ലെ, ഉടഞ്ഞമോഹത്തെ കാട്ടി-
ക്കൊടുത്തവര്‍ കണ്ടതൊക്കെ ചൊല്ലി . ഒളിച്ചുവെക്കരുതൊരു നാളും,
സ്നേഹവും പ്രണയവും തിരിച്ചറിയാതിരുന്നാല്‍, 
പറിച്ചെടുക്കും പലരും. ആത്മാര്‍ത്ഥ സ്നേഹം ,
പാഴാകില്ലെന്നുപദേശം നല്‍കി, തന്‍പ്രാണനുള്ള തീറ്റകൊണ്ട്
പറന്നു പോയ് തത്തമ്മ.

Sunday, June 12, 2016

ഉണരുക,നീ....


കപടമീ ലോക-
മെങ്കിലു൦ പെണ്ണേ,
കരഞ്ഞുതീർക്കരുതേയീ 
പുണ്യ ജന്മ൦.
സ്ഥൈര്യത്തിൻ വാളേന്തി , 
പൊരുതി നേടുക 
വെല്ലുവിളിനിറഞ്ഞയീ ജീവിത൦.
സദയ൦ പൊറുക്കാൻ 
കഴിയണമെങ്കിലും
സഹനത്തിൻ
മൂർത്തിയാണെങ്കലും
വേട്ട മൃഗങ്ങൾ സസുഖ൦ വാഴുന്ന 
കലികാലമാ-
ണിതെന്നോർക്കുക.
നിന്നുള്ളിലെന്നും
കുടിയിരിപ്പുണ്ട്
പലവിധ ശക്തിതന്നുറവകൾ
സമയോചിതമായി 
പോരിനിറങ്ങണം
കാമക്കോമരങ്ങൾ 
തുള്ളുമീ ലോകത്തിൽ;
ഓർക്കുക...

Thursday, June 9, 2016

ചില ചിന്തകള്‍ മാത്രം !!

ജീവിതമൊരു നാടക-
മതിൽ തിമർത്താടുക;
തിരശ്ശീല വീഴുംവരെ...


കാട്ടുമൂലയിൽ
കാറ്റുവിതച്ച വിത്തിന്
കാടു കാവൽ


അതിവേഗമോടും 
കാലചക്രത്തിൻ പിന്നിൽ
കിതയ്ക്കുന്ന നോവുകൾ.


കൺതടങ്ങളിൽ
കൂടുകൂട്ടിയ നോവുകൾ
മുട്ടയിട്ടു വിരിയിച്ചത്
കൺമഷിനിറമുള്ള 
കുഞ്ഞുങ്ങൾ.......!


എന്നിൽ ഭാവന വിരിയും
ഏകാന്തനിമിഷങ്ങളില്‍
എന്‍ തൂലികത്തുമ്പില്‍
നര്‍ത്തനമാടും
കാവ്യചാരുത നീ..

ഏകാന്തതയുടെ 
കയത്തിൽ
ഏകയാണു ഞാൻ....
മനസ്സാകു൦ തോണിയെ
ഓർമ്മളുടെ വടുക്കൾ വീണ
പങ്കായത്താൽ തുഴഞ്ഞ്
തീരം പുൽകട്ടെ....

ഞാൻതന്ന സ്നേഹപ്പൂക്കളെ-
യൊക്കെയും മൗനംകൊണ്ടു
പുതപ്പിച്ചെതെന്തേ നീ...?

വര്‍ണ്ണക്കുപ്പായമിട്ടു,
ചിത്രശലഭങ്ങള്‍..
തുറന്നിട്ട സ്കൂള്‍കവാടം.

നഗ്നയായ പുഴയി-
ലേക്ക്ഒലിച്ചിറങ്ങുന്നു മഴ;
നനഞ്ഞുണർന്ന കര.

എല്ലാ വഴികളുമടഞ്ഞ-
പ്പോളൊരുവഴി വന്ന് 
വാതിലിൽ മുട്ടി;
വെളിച്ചമാർന്ന വഴി......!

ഇലപ്പടർപ്പുകൾക്കപ്പുറം
കാടിൻെറ കാലുകൾക്കിടയിൽ
നിന്നും ഒരു പിറവിയുടെ സംഗീതം.

പടര്‍ന്നു കയറുവാന്‍
മരമില്ലമ്മേ,തരുമോ മാറില്‍
തളര്‍ന്നുറങ്ങീടുവാനിത്തിരി മണ്ണ് .
വള്ളിച്ചെടികള്‍!

നിലാമഴയില്‍ 
കിനാവ്‌ കാണുന്നു
അക്കരെയൊരു തോണി.

റംസാൻചന്ദ്രിക 
ഒളിചിന്നുന്നേര-
ത്തെന്നകതാരിൽ
നിറയുന്നൊരു 
സ്വർഗ്ഗീയ സുഗന്ധം.

കാറ്ററിഞ്ഞില്ല
കാടറിഞ്ഞില്ല;
ഞാൻമാത്രമറിഞ്ഞു,
മധുരിയ്ക്കുമാരഹസ്യം...!

ഉണങ്ങിക്കരിഞ്ഞ
ഒറ്റമരച്ചില്ലയിൽ 
തലയിട്ടടിച്ചു ചത്ത- 
കിളികളുടെ രോദന൦ കേട്ട ഭൂമി 
ഒറ്റമരത്തെ തൻെറ 
മാറിൽ നിന്നു അടർത്തി മാറ്റി.
പാപക്കറ വീണു ഉണങ്ങിയ
പാടുകളാൽ പാണ്ടു പിടിച്ചു
വികൃതമായ ഒറ്റമര൦
ശോകഭാര൦ താങ്ങാനാവാതെ
പാതാളത്തിലേക്കു ആണ്ടു പോയി ..


രോദനം

ഉണങ്ങിക്കരിഞ്ഞ
ഒറ്റമരച്ചില്ലയിൽ 
തലയിട്ടടിച്ചു ചത്ത- 
കിളികളുടെ രോദന൦ കേട്ട ഭൂമി 
ഒറ്റമരത്തെ തൻെറ 
മാറിൽ നിന്നു അടർത്തി മാറ്റി.
പാപക്കറ വീണു ഉണങ്ങിയ
പാടുകളാൽ പാണ്ടു പിടിച്ചു
വികൃതമായ ഒറ്റമര൦
ശോകഭാര൦ താങ്ങാനാവാതെ
പാതാളത്തിലേക്കു ആണ്ടു പോയി ..

Monday, May 23, 2016

മനസ്സിലെ ചില ചിന്തകള്‍ മാത്രം !!

എന്റെ മൌനം വായിക്കാന്‍
നിനക്കാവുമെങ്കില്‍,നിന്റെ 
വാചാലതയെ ഞാന്‍ പുണരാം....


വരണ്ട മനം
വിണ്ടുകീറിയ ഭൂമി
കാറൊഴിഞ്ഞ മാനം.


മധുവൂറും സ്വപ്ന-
ങ്ങൾക്കുമേലേ,യാഥാർഥ്യ-
ത്തിൻെറ കൈപ്പുനീർ.


സരസമാം നിൻവാക്കുകൾ
ഹൃദയവാടിയിൽ പൂക്കളായ്
വിരിഞ്ഞ് നറുമണമേകുന്നു .


നീയു൦ ഞാനു൦
വേർതിരിവു മാറ്റിയാൽ ...കാണാ൦ 
നമ്മൾക്കെന്നു൦ ചന്ദ്ര നിലാവ് !!


അറിഞ്ഞതിൽ കൂടുതൽ 
അറിയുവാനുള്ള ഓട്ടത്തിൽ 
അറിഞ്ഞവയെല്ലാ൦ വിസ്മരിച്ചീടാമോ?


അടര്‍ന്നുവീണ
സ്വപ്നത്തിന്‍ കവിളില്‍
കണ്ണുനീര്‍ നനവ്‌!


അഗ്നിയായ് ജ്വലിച്ചയെൻ സ്നേഹ൦ 
ചാരമാക്കി നീയകന്നു പോയിട്ടു൦ 
പ്രതീക്ഷയുടെ കല്പ്പടവുകളിൽ 
കാത്തിരിപ്പൂ നിനക്കായി മാത്ര൦ !!


അന്നീമനം,സ്നേഹ-
ത്തിന്നുറവ,എന്നാലിന്നത്:
ഉറച്ചതാമൊരു ഉപ്പു പാറ...


കുന്നുകൂടുന്ന സമ്പത്ത്
ഞെരിഞ്ഞമരുന്ന ബന്ധങ്ങൾ;
വിരസമാർന്ന ജീവിതം.


ഓരോ മരണവും തുടർ
വാചകങ്ങളില്ലാത്ത പൂർണ്ണ-
വിരാമമാണ്;ജീവിതകഥയുടെ.

ദൈവമേ,ഇവരെന്തിനാ-
ണിങ്ങനെചിരിക്കുന്നത്;
ചുമരിലുംകടലാസിലും.!?

സ്വപ്നങ്ങളില്ലാത്ത മനസ്സ് 
എത്ര വിരസം;നക്ഷത്രങ്ങ-
ളില്ലാത്ത ആകാശം പോലെ..!

ചിരിക്കുന്ന കണ്ണു-
കളിലൂടെ ഒഴുകുന്നുണ്ട്
ആരുംകാണാത്ത ഒരു പുഴ.

കൊടികൊണ്ടോ
കോടികൊണ്ടോ
കിട്ടുമോ മനസ്സുഖം.?

കണ്ണഞ്ചിപ്പിക്കുന്ന
കാഴ്ചപ്പുറങ്ങൾക്കപ്പുറം
സത്യം എത്ര പ്രോജ്ജ്വലം.!

കനിവുപൂക്കുന്നപാടങ്ങളിലെ
വറ്റിപ്പോയനീർച്ചാലുകളുടെ
നിശ്ശബ്ദ തേങ്ങലുകൾ....!

മരംകത്തുംചൂടിൽ
പാറപോലും വെന്തു;
മാറൊട്ടിയ നദികൾ.

അന്ധകാരം മൂടിയ മനസ്സിലൂടെ
ഇഴഞ്ഞുനീങ്ങുംനിഴൽരൂപത്തിന്
എങ്ങനെ വന്നു നിൻഛായ...!?


പെണ്ണുടൽ 
മനുഷ്യത്വമാണ്;
സമൂഹം മൃഗീയവും.



പരാജിതൻെറ വിജയം
മരണത്തിൻെറ കരങ്ങളിലൂടെ;
അന്തിമവിജയം....!

പരാജിതൻെറ വിജയം
മരണത്തിൻെറ കരങ്ങളിലൂടെ;
അന്തിമവിജയം....!

വെറുമൊരു കൽവിള-
ക്കാമെന്നിൽനിൻകൂപ്പു-
കൈകളാൽ നിറയുന്നു പുണ്യം.

കവിഞ്ഞൊഴുകുംപുഴ പോൽ
മിഴികളിൽ നിറഞ്ഞു നില്ക്കുന്നു
മനസ്സിൻ വിതുമ്പലുകൾ.
നിലയില്ലാക്കയത്തിൽ വീണപോൽ ...
പതറി നില്ക്കുന്നു
പാതിവെന്ത ജീവിതം !

കാത്തിരിപ്പിന്നാഴങ്ങളിൽനിന്നും
ഒരു മുത്ത്....!
പോറലേല്പിക്കാതെ നെഞ്ചിൻ-
കൂട്ടിലെടുത്തുവച്ചപ്പോൾ
വീശിയ കാറ്റിന്, സ്വർഗ്ഗത്തിൻെറ
മണമായിരുന്നു....!

വേണ്ടുന്നപോലു-
പയോഗിച്ചീടിൽ
പാഴാകില്ലൊന്നു-
മേയീ
 യുലകിൽ!!

കത്തി വേഷമുള്ളിലിട്ടവർ 
ആടിത്തിമിർക്കുന്നു 
മോഹിനി രൂപികളായി !!


.കിതച്ചും കുതിച്ചും
യുഗങ്ങളിലൂടെ
തലമുറകളെ പോറ്റുവാൻ
പ്രകൃതിയ്ക്കു തുണയാവാം.

പ്രാർഥനാനിരതമായ
ശരീരവും
മനസ്സും
അല്പം മുൻകരുതലും...
അതുതന്നെ ആദ്യം വേണ്ടത്.










പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...