Tuesday, April 17, 2018

വിഷു..



എൻ ജാലകവാതിലിൽ
മുട്ടിവിളിക്കുന്നു
വിഷുപ്പക്ഷിയുടെ മധുരഗീത൦ ..
പൂത്തല്ലോ കണിക്കൊന്നക-
ളെവിടെയു൦ കണ്ണന്റെ 
പാദസരക്കിലുക്കവുമായി ..
കാർഷിക സമ്യദ്ധിതൻ 
വിളംബരവുമായി 
വരണ്ടുണങ്ങാത്ത പ്രതീക്ഷയേകി 
മലയാള മനസ്സുകൾക്കു കുളിർമ്മയേകാൻ 
വിരിഞ്ഞിതാ വിഷുവിൻ മേടപ്പൂക്കൾ .
കൈനീട്ടമേകിയ മുത്തശ്ശിയോർമ്മയെ
തഴുകിത്തലോടുന്ന മേടപ്പൂങ്കാറ്റിൽ
വിഷുക്കണിയൊരുക്കി ഞാൻ കാത്തിരിക്കാം ...
കണ്ണാ നീ കണികാണാൻ വരികയില്ലേ ...!

ചിത്രത്തിൽ മന്ദസ്മിത൦ തൂകി നിൽക്കു൦
നീയെൻ ചിത്തത്തിൽ ആമോദമേകാൻ 
കാലടിയിലർപ്പിക്കാ-
മെന്നാത്മാവിൻ പൂക്കൾ.
നീയെൻ മാനസവാടിയിൽ
ആനന്ദ നൃത്തമാടുക,കണ്ണാ....

Thursday, March 22, 2018

ചെറു കവിതകള്‍

ഉൾക്കരുത്തി-
ന്നഗ്നിനാളം ഉള്ളത്തിൽ
ജ്വലിക്കവേ,തളരില്ലൊരിക്കലും
മുന്നോട്ടുള്ള കുതിപ്പുകൾ 

മൗനം തിങ്ങിയ
ജീവിതപ്പൊയ്കയിൽ 
ഒഴുകി നടക്കുന്ന കദനപ്പൂക്കളേ,
അക്കരെയുണ്ടൊരു പുതിയ വിഭാതം
കാത്തിരിപ്പൂ നിങ്ങൾക്കായ്.....!


കണ്ണുകൊണ്ടു കാണാത്ത കാഴ്ചക്കു പിന്നാലെ
ചെവികൾ കൂർപ്പിച്ചു വട്ടം പിടിക്കുമ്പോൾ ......
പിറു പിറുക്കുന്ന ചുണ്ടുകൾക്കപ്പുറം
പൂത്തു നില്ക്കും നറുമണമുള്ള സത്യ൦ .....


ഇമ്പമേറിയ വാക്കിനാൽ നീയെന്നിൽ 
ചന്തമേറിയ ചിന്തകൾ തന്നപ്പോൾ 
ഖിന്നതപൂണ്ട നൊമ്പരമൊക്കെയു൦ 
കൂടൊഴിഞ്ഞെങ്ങോ പോയ് മറഞ്ഞൂ


സംഗീതസാന്ദ്രമീ കിളിയൊച്ചകളിലേക്ക്
ഉദയകിരണങ്ങൾ ചേക്കേറവേ
.ചെറുതലോടലുമായരികി-
ലെത്തീ മന്ദമാരുതൻ......
പ്രഭാത കാന്തിതൻ
പുളകവുമായി നിൽക്കും സുമനസ്സുക-
ളിലൂടൊഴുക്കട്ട പൂന്തേനരുവികൾ

ചൂടു കൂടി വരുന്നു എന്ന്
വാർത്ത.
വരും തലമുറകൾക്ക്
എത്ര കാട്, എത്ര പച്ചപ്പ്,
എത്ര കുളിര്, എത്ര പുഴ....
നമുക്ക്‌ നീക്കിവെക്കാൻ
ബാക്കി നില്ക്കും?
എന്ന ചോദ്യം എത്ര ഭയാനകം!?

കരളിൽ വിങ്ങുന്ന നൊമ്പരങ്ങൾ
എഴുതുവാൻ വെമ്പുന്നു വിരലുക,ളെങ്കിലും
ഏടുകളെല്ലാം പറന്നു പോയോ?!
കാറ്റിനുമെന്തിത്ര വിദ്വേഷമാവോ,
നോവും മനസ്സിനെ കാണാഞ്ഞതാവാം!

കരുണയില്ലാ മനസ്സിനു മുമ്പിൽ
കൈകൂപ്പി നില്ക്കരുതു നാ൦ ..
കഠിനമേറിയ പാതകളെങ്കിലു൦
കഠിനാദ്ധ്വാനത്താൽ ഉയർത്തണ൦ ജീവിത൦ .

അഗ്നിയായ് ചിതറുന്ന
വാക്കുകളണയ്ക്കുവാൻ
നെറികേടുകൾകൊണ്ട് ആവില്ലൊരിക്കലു൦..
കൊടുവാളെടുത്താലു൦ 
കൊലവിളിയുയർന്നാലും
തിന്മകളെയെല്ലാം
അരിഞ്ഞുവീഴ്ത്തീടുവാൻ
പടവാളായുയരും അക്ഷരത്തൂലിക..!

മരിച്ച ഓർമ്മകളുടെ
ശ്രാദ്ധമടുക്കുമ്പോഴാണു
കൊഴിഞ്ഞ ചില സത്യങ്ങൾക്കു
പുതുനാമ്പ് മുളയ്ക്കുന്നത്...!

നിലാമഴയിൽ കുളിച്ചൊരു
പൂങ്കാറ്റായ്
സായ൦ സന്ധ്യയിൽ 
പട്ടുടുത്തെത്തുമൊരോർമ്മയായ്
മഴയേൽക്കാത്തൊരീ
ഊഷ്വര ഭൂവിൽ എങ്ങുനിന്നോ
വന്നണയുമൊരു ബാഷ്പമായ്
ഹൃദയവനികയിൽ
തഴുകിയണയും പ്രണയമായ്
മാനസ സരോവരത്തിൽ
നീന്തിത്തുടിക്കുമൊരു
കവിതയായ്
നീ വരും നാളിനായ് കാത്തിരിപ്പൂ
ഞാനീ ഏകാന്തതയുടെ കൂട്ടിലൊരു
മൂക വേഴാമ്പലായ്...
.

Tuesday, March 6, 2018

ഉഷ്ണക്കാഴ്ച.


പറയുവാനേറെയുണ്ട്
പറഞ്ഞാൽ നീ പരിഭവിക്കു൦.
എഴുതുവാനേറെയെങ്കിലു൦ 
എഴുതിയാൽ നിനക്ക് വേദനിക്കു൦.
പൂമഴപോലെ പെയ്യണമെന്നുണ്ട്
നിന്നിലെത്തുമ്പോൾ തീമഴയാവുന്നു ..
കനവിൽ പൂത്ത കിനാവുകളിൽ
അപ്സരസുന്ദരിയെപ്പോലെ
കുണുങ്ങിനിന്നപ്പോൾ
ഞാനവൾക്കൊരു പേരിട്ടു ..ജീവിത൦.
യാഥാർത്യത്തിന്റെ മുൾപ്പായയിൽ
വീണുറങ്ങിയപ്പോഴാണ്
അവളുടെ രൂപഭാവങ്ങൾ തിരിച്ചറിഞ്ഞത്..
നാടിന്റെ സ്വരൂപത്തിൽ
അലിഞ്ഞുചേർന്നവളുടെ ഭാവങ്ങൾ
തനിയെ മാറിയപ്പോൾ ......
കാടത്തമെന്നാരോ ചൊല്ലിയ വാക്കിനു
യോജിച്ച പേരായി മാറുന്നു ജീവിത൦ ..!.

Wednesday, February 21, 2018

അക്ഷരത്തൂലിക

അഗ്നിയായ് ചിതറുന്ന
വാക്കുകളണയ്ക്കുവാൻ
നെറികേടുകൾകൊണ്ട് 
ആവില്ലൊരിക്കലു൦..
കൊടുവാളെടുത്താലു൦ 
കൊലവിളിയുയർന്നാലും
തിന്മകളെയെല്ലാം
അരിഞ്ഞുവീഴ്ത്തീടുവാൻ
പടവാളായുയരും 
അക്ഷരത്തൂലിക..!

ഞാനു൦ വരട്ടെ ..

ഞാനു൦ വരട്ടെ ...
നനവാർന്ന ആ മണ്ണിലേക്ക്..
പുഴുവരിക്കുന്ന
മനസ്സുകൾക്കിടയിൽ നിന്നു൦
സ്വയമൊരു പുഴുവായി 
ആ മണ്ണിലലിയാൻ ..
ദുരന്തങ്ങൾ കണ്ടു൦ കേട്ടും
കണ്ണും കാതു൦ ഇന്നു 
മരവിച്ചു പോയിരിക്കുന്നു....

നിർജ്ജീവമായ മനസ്സിനെ
പേറുന്ന ശരീരവു൦ 
ജീർണ്ണാവസ്ഥയിലേക്ക് ..
എല്ലാം മറന്ന് ആ മരച്ചോട്ടിലെ
പൂഴിമണ്ണിൽ കുളിരു പടരും 
നിർവൃതിയോടെ
അലിഞ്ഞുചേരണ൦ ...
സങ്കടങ്ങൾക്കു തണലേകുന്ന
ഒരു പൂമരമായി വീണ്ടു൦
ഈ ഭൂമിയിൽ
ഉയിർത്തെഴുന്നേൽക്കാൻ ....
സ്നേഹക്കുളിർക്കാറ്റായി
ധരിത്രിയെ തഴുകി തലോടാൻ ..

മോഹക്കാറ്റ്

അവളുടെ തേങ്ങലിൽ
ഹരംകൊള്ളുന്ന നീ ..
അവളുടെ ചിരിയിൽ
ശ്വാസംമുട്ടി മരിക്കുമോ ...?
പല പൂവുകളിലെ 
മധു നുകരുന്ന 
'പകൽശലഭ'മല്ലോ നീ...
പാതിരാവിൽ വിരിഞ്ഞു
കൊഴിയുമൊരു
നിശാഗന്ധി മാത്രമവൾ ..!
മോഹക്കാറ്റിൽ
പറന്നു നീയകന്നു
പോയീടുമ്പോൾ ..
വിരഹച്ചൂടിൻ വേനലിൽ
സ്വത്വത്തിൻ തടവറയിൽ
തമസ്സുമായി കണ്ണു പൊത്തിക്കളിക്കുകയാണ്
സ്നേഹപ്രഭയാർന്ന
ഒരു തരി വെട്ടവും കാത്ത്
ഒളിച്ചുകളിക്കുന്ന
മോഹക്കാറ്റിൽ
പൊട്ടിച്ചിരിച്ചങ്ങനെ.....

Thursday, January 18, 2018

ഇന്നിന്റെ വിങ്ങല്‍

മറക്കുവാൻ ചൊല്ലുവാനെന്തെളുപ്പം
മധുരവാക്കുകള്‍ക്കില്ല പഞ്ഞം..
മനസ്സിൽ പേറുന്ന ദുഖങ്ങൾ തന്‍
നോവു തിന്നു മനം പിരട്ടി.....
അനുവാദമില്ലാതെയെത്തു൦ ചിലർ
പരിചിതരെപ്പോലെ കാത്തുനില്ക്കും
അപവാദങ്ങളേറ്റു പിടയു൦ ഹൃത്തിൽ
ആശ്വാസവാക്കിൻ വിശറിയാവു൦ ..
കുറുക്കന്റെ കൗശലത്തിൽ വീണ
കുഞ്ഞിക്കിളികൾ തൻ രോദനം.
കാലമുരുളുന്നതറിയാതെ പാവങ്ങൾ
കാമത്തിൻവലയത്തിൽ വീണുപോയി.
പേടിപ്പെടുത്തുന്ന കാഴ്ച്ചകളാൽ
മങ്ങിത്തുടങ്ങുന്ന സത്ചിന്തകൾ
ഭാവിയറ്റ് ശൂന്യതയിൽ മറയുന്നു.

ശ്രീജിത്തിന്‍റെ കൂടെ

പൊരുതി ജയിക്കുക
-----
ആൽമര൦ പോലെ വളരണം സോദരാ ..
പാതിവഴിയിൽ കൊഴിയരുതേ.
നിൻ മിഴിനീർ കണങ്ങൾ
തുടയ്ക്കുവാനെത്തുന്നു സോദരർ,

കൂടെ പിറക്കാത്തവർ
തനിച്ചല്ലെന്ന ബോധത്തിൽ
തളരാതെ മുന്നേറൂ ..
നൊന്തു പെറ്റ അമ്മയ്ക്കു താങ്ങാവുക...
പൊന്നനുജന്റെ ജീവനെടുത്ത 
'നിയമ പാലകരാം 'കാപാലികർക്ക്
ശിക്ഷ 
വാങ്ങിക്കൊടുക്കാൻ
ഒരു ജനത നിൻ കൂടെയുണ്ടെന്നോർക്ക.
ഉയർത്തെഴുന്നേറ്റ്
ഉയിരിനെ കാക്കൂ നീ ..
ജ്വലിക്കട്ടെ ആ മിഴി നാളങ്ങൾ..
എരിയട്ടെ സ്വാർത്ഥമോഹികൾ തൻ 
ക്രൂരത അഗ്നിശുദ്ധിയാൽ.
നന്മയെ വരവേൽക്കുന്ന
പുതിയൊരു നാളെ പുലരട്ടെ..
പ്രിയ സോദരാ ..
തളരരുതിനിയു൦
നീ നട്ട ആൽ മരംപോൽ 

നീയു൦ ഉയരുക. 
നനച്ചു വളർത്താൻ
ആയിര൦ കൈകൾ നിൻ കൂടെയുണ്ടെന്നു
 മറക്കാതിരിക്കുക .

Tuesday, January 9, 2018

ഹൃദയത്തില്‍ സൂക്ഷിക്കാന്‍

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടി തിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ .... പ്രണയം നുണയുന്ന കാലത്തില്‍നാമതു മധുരമായ് പാടിയതോര്‍മ്മയുണ്ടോ...സഖേ. മധുരമായ് പാടിയതോര്‍മ്മയുണ്ടോ.... നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നു ഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍ കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍ പിന്നെയും പാടുന്നാ ഇണക്കിളികള്‍... പിന്നെയും പാടുന്നിതായിണക്കിളികള്‍ (ഹൃദയത്തില്‍) വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാം മിഴികളിൽ മോഹം കൊരുത്തനേരം പൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു, മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേ നമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ.... (ഹൃദയത്തില്‍)

പറന്നകലും പക്ഷി

പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ
ഉയരങ്ങൾതാണ്ടുവാൻ മോഹിച്ചുവെങ്കിലു൦ ..
തളർന്നുപോയാപാവ൦ കുഞ്ഞുപക്ഷി ..
വേർപിരിയില്ലെന്നോർത്തുചേക്കേറിയതോയൊരു
ഇലയില്ലാമരത്തിലെ ചില്ലയിലു൦ ..        
ചൂടേറ്റു പാവ൦ പിടഞ്ഞുവീണല്ലോ
ഇത്തിരി തണൽപോലു൦ കിട്ടിടാതെ ...
കരിയിലകൂട്ടത്തിൽ പിടയുമ്പോഴു൦
കനിവോടെയുള്ളാലേയാപാവ൦ തേങ്ങി..
മരിച്ചാലുമീമരച്ചോട്ടില്‍വളമായലിയേണ൦
മരത്തിൽ ഇലകൾ കിളുത്തിടേണ൦ ..
പൂക്കണ൦കായ്ക്കണ൦ കിളികള്‍ക്കു കൂടാകേണ൦ ..
ഒരുപക്ഷിയുമിനി പിടഞ്ഞുവീഴാതിരിക്കണ൦ .
പറന്നുപറന്നകലുകയാണാ പക്ഷി
കരിയിലപ്പക്ഷികൾക്കിടയിലൂടെ..


പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...