Monday, August 9, 2021

ലളിതഗാനം

 ലളിതഗാനം

*************

പറയുവാനായുള്ള നിറവുകളോരോന്നും

പലവുരുവുള്ളില്‍ തെളിഞ്ഞു വന്നു .

പറയാന്‍ തുടങ്ങവേ ,അറിയാതെ അകതാരില്‍ 

കതകുകള്‍ താനേയടഞ്ഞു പോയി ..

         (പറയുവാനായുള്ള.....)

പഴകിത്തുരുമ്പിയ വാക്കുകള്‍ മനസ്സിന്റെ

പടിവാതിലില്‍ വന്നു പതുങ്ങി നിന്നു

പതറാതെ  പറയുവാന്‍ കഴിയില്ലെന്നോര്‍ത്താവാം

അധരങ്ങള്‍ മെല്ലെ വിതുമ്പി നിന്നു.

          (പറയുവാനായുള്ള.....)

കളിചിരി ചൊല്ലുവാന്‍ കൊതിയാർന്ന വാക്കുകള്‍

അനുവാദമേകുവാന്‍ കാത്തു നിന്നു

അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍ 

അലിവിന്റെ തീരത്തുതനിച്ചിരുന്നു

           (പറയുവാനായുള്ള.....)

Sunday, July 11, 2021

ചിതലരിക്കാത്ത ചിത്രങ്ങൾ

 ചിതലരിക്കാത്ത ചിത്രങ്ങൾ

***  ***  ****  ***  ***  ***

ഉള്ളിൽ കിടന്നു പിടയ്ക്കുന്ന ചില തേങ്ങലുകളുണ്ട്

ആരോടും പറയാതെ

ഏകാന്തനിമിഷങ്ങളെ താലോലിക്കുന്നവ!


ഹൃദന്തം നീറും നേരവും വാചലമാകുന്ന

നൊമ്പരങ്ങളെ ഉള്ളിൽ പേറുന്ന മൗനം!



പരിഭവക്കാറ്റിന്റെ ചിണുങ്ങലിൽ താളം

തുള്ളുന്ന സൂനംപോലെ ആടുന്ന മനം!


നിരന്തരം തോരാതെ പെയ്യുന്ന മിഴിപെയ്‌താൽ

തളർന്നു കൂമ്പിയ മിഴിതിളക്കങ്ങൾ!


എന്നിട്ടും, ആരെയും കൂസാതെ, തളരില്ലെന്ന വാശിയാൽ

മുന്നോട്ടു കുതിക്കുന്ന ചിന്തകൾ..


കാട്‌ കയറുന്ന ചിന്തകളെ നെഞ്ചകത്തിലേക്കു ചേർത്തുവെക്കുമ്പോൾ

പുത്തനുണർവ്വിനെ മുത്തം വെക്കുന്നു തൂലിക!


മാനസചില്ലയിൽ മഴവിൽകൂടാരമൊരുക്കി

മാനം സ്വപ്നം കാണുന്ന മയിൽ‌പ്പീലിതുണ്ട് പോലെ ചില കുഞ്ഞുമോഹങ്ങൾ!!









Thursday, July 8, 2021

താരാട്ട് പാട്ട്

 അറിയില്ലെനിയ്ക്കൊട്ടും പാടുവാനെങ്കിലും

താരാട്ടുപാടിഞാനെത്രയെന്നോ!

കേട്ടുമറന്നുപോയ് മക്കളിന്നെങ്കിലും

ഓർത്തുമൂളുന്നു ഞാനേകയായി, വീണ്ടു-

മോർത്തു മൂളുന്നു ഞാനേകയായി....

          (അറിയില്ലെനിയ്ക്കൊട്ടും)

ഇന്നൊരു താരാട്ടു പാടണമമ്മയ്ക്കായ്

സായാഹ്നയാത്രികയായതല്ലേ!

എൻ മടിത്തട്ടിന്റെ ചൂടിൽ മയങ്ങുമ്പോൾ

പൊഴിയുന്നു വാത്സല്യമിഴിനീർക്കണം!

          (അറിയില്ലെനിയ്ക്കൊട്ടും)

താലോലം പാടി ഞാൻ കോരിത്തരിക്കുമ്പോൾ

എന്മനം സ്നേഹത്താൽ വിങ്ങുകയായ്.

ഓർമ്മകൾ മൂളുന്ന കൊഞ്ചലുകൾ, എന്റെ

താരാട്ടിന്നീണമായ് മാറുകയായ്.

           (അറിയില്ലെനിയ്ക്കൊട്ടും)

ഓർമ്മകൾ

 മറവിയാഴങ്ങളിൽ നിന്നു൦ 

മുളപൊട്ടി വരുന്ന 

ചില ഓർമ്മകൾ...

കാലമതിൽ നിറമുള്ള 

മന്ദാരചിന്തകൾ 

പൊഴിക്കുമ്പോൾ

ആരൊക്കെയാവും  

ആ പരിമള൦ ഏറ്റു വാങ്ങുക.... !

ചിതലരിക്കാത്ത 

ഹൃദയത്താളുകളിൽ 

ആരോ കോറിയിട്ട 

വരികൾ ഇന്നും, 

ഒരു പതിനേഴുകാരിയുടെ 

നാണംപോലെ, 

കുണുങ്ങിച്ചിരിക്കുന്നുവോ ...

പ്രണയാതുരമായ

ഓര്‍മ്മകള്‍ക്കു മരണമില്ല .... 

സ്നേഹപ്പക്ഷിയുടെ 

ചിറകിനടിയിൽ 

എന്നു൦ ഒളിച്ചിരിക്കും  

ആരുംകാണാതെ .... 

ഏതു ദുഖത്തിലു൦ 

കുളിർക്കാറ്റായി

നമ്മെ തലോടിയുറക്കാൻ .....!

Thursday, June 24, 2021

വ്രണങ്ങൾ

ചങ്ങലയിട്ട്താഴിട്ടുപൂട്ടിയ 

ചില ഓർമ്മകൾ 

വ്രണമായി മനസ്സിനെ കാർന്നെടുത്തിട്ടും 

മദയാനയെപ്പോലെ ഭ്രാന്തു പിടിച്ചോടുന്നു 

ഗതികെട്ട കാലം.... 


താളം തെറ്റുന്ന കെടുജന്മങ്ങളെ

വിധിയുടെ പേരിൽ നാടു കടത്തുമ്പോൾ... 

തടയുവാനെത്തില്ല 

സാന്ത്വനവുമായി ഒരു ചെറുകാറ്റുപോലും.  

വകതിരിവില്ലാത്ത

വികാരങ്ങൾക്കടിമപ്പെട്ട് വിഭ്രാന്തിയുടെ

തേരിൽ കയറിപ്പോകുമ്പോൾ

യാഥാർഥ്യത്തിന്റെ 

കയ്പുനീർ കുടിച്ചൊടുങ്ങുന്ന

നരജന്മങ്ങൾക്കു നൊട്ടിനുണയാൻ 

മറ്റെന്തുണ്ട് ഓർമ്മകളുടെ 

പൊട്ടിയൊലിയ്ക്കും വ്രണങ്ങളല്ലാതെ?


Wednesday, June 23, 2021

പുതുവെളിച്ചം

അകലെയൊരിത്തിരി നറുവെളിച്ചം

മിഴിയിലേക്കിറ്റിപ്പതിച്ചുവെന്നാൽ,

ആലംബമില്ലാക്കുടുസ്സകത്ത്

തേങ്ങുവാൻമാത്രം വിധിയിവര്‍ക്ക്.


നിറമുള്ള കാഴ്ചകളന്യമല്ലോ

നിഴലുപോലെത്തുന്നഴലുകളും.

അറിവിന്‍റെ പാതയിലൂടെ നീങ്ങി

നിറവാർന്നലോകം പടുത്തുയർത്താൻ,

ഒരു കൈ സഹായമതെത്ര പുണ്യം!


വിജ്ഞാനപ്പൂത്തിരി കൈയിലേന്തി

ഒരു നവപുലരിയ്ക്കായ് വിത്തു പാകാം,

പുത്തൻ പ്രതീക്ഷതൻ പൊൻവെളിച്ചം

പാരിതിലാകെപ്പരന്നിടേണം,

അതുകണ്ട് പുളകം വിരിഞ്ഞിടേണം

ഒരുപുതുലോകം പിറന്നിടേണം.

Friday, June 18, 2021

ഒളിച്ചു വെച്ചത്


കാത്തിരിപ്പിന്നാഴങ്ങളില്‍ 

മോഹം കൊണ്ടൊരു കൂടുകൂട്ടി.

കാറ്ററിയാതെ കടലറിയാതെ, 

അതിൽ പ്രണയം ഒളിച്ചുവെച്ചു.

പതുങ്ങിയെത്തിയ കുയില്‍പ്പെണ്ണ്‍

തക്കംനോക്കി പറന്നിറങ്ങി, 

കാത്തുവെച്ച ജീവതാളം 

തട്ടിയെടുത്തു കൊക്കിലാക്കി..

ആരും കാണാതപ്പുറത്തെ 

മാവിന്‍ തോപ്പിൽ കൊണ്ടുവെച്ചു.

പ്രാണനൊഴിഞ്ഞ മോഹക്കൂട് 

താഴെ വീണുടഞ്ഞു പോയി.

കണ്ടു നിന്ന കാക്കകൂട്ടം 

അതിവേഗം കൈക്കലാക്കി

തീറ്റതേടി വന്നൊരു തത്തമ്മ 

കാര്യമെന്തെന്നോതി മെല്ലെ

ഉടഞ്ഞമോഹം കാട്ടിക്കൊടുത്തവര്‍

കണ്ടതൊക്കെ പാടി നടന്നു.

ഒളിച്ചുവെക്കരുതൊരു നാളും, 

സ്നേഹവും പ്രണയവും!

തിരിച്ചറിയാതിരുന്നാല്‍, 

പറിച്ചെടുക്കും പലരും.

ആത്മാര്‍ത്ഥസ്നേഹം,

പാഴാകില്ലെന്നുപദേശം നല്‍കി,

തന്‍പ്രാണനുള്ള തീറ്റകൊണ്ട്

 പറന്നുപോയ് തത്തമ്മ.

നിഴലുകൾ ചതിക്കുമ്പോൾ *** *** **** **** **** *** ***

 

എഴുതുവാനേറെയുണ്ടെന്നുള്ളം ചൊല്ലുമ്പോൾ 

എഴുതിയാലാർക്കാനും നൊന്തീടുമോ?

വെറുതെയെഴുതിയാൽ പോര,തിൽ തെളിയണം

സത്യത്തിൻ നേർരേഖയെന്നുമെന്നും!


നീറുന്ന ചിന്തകൾ കത്തിജ്ജ്വലിക്കുമ്പോൾ

കണ്ണീരാൽ കാഴ്ചകൾ മങ്ങീടുമ്പോൾ

ഉള്ളിൽ കിടന്നു വിങ്ങീടുന്നിതുണ്മകൾ

ലോകത്തോടുച്ചം വിളിച്ചോതുവാൻ!


സത്യത്തിൻമീതെ കരിനിഴൽ വീഴ്ത്തിയ-

ച്ചിത്തിൽ കളങ്കവുമായി നടപ്പവർ

വക്കുപൊട്ടിയ വാക്കുകളെയ്യുമ്പോൾ

അക്ഷമയോടെ തിളയ്ക്കുന്നു ക്രോധവും!


എഴുതി തുടങ്ങണമൊരുനാളിൽ സത്യങ്ങൾ

വരികളിൽ വീണു തിളയ്ക്കണമോർമ്മകൾ.

ഉരുകിത്തീരണം തെറ്റുകൾ ചെയ്തവർ

വേർതിരിച്ചറിയണം ഉണ്മതൻ വെണ്മകൾ!


മോക്ഷം

 മോക്ഷം

*********

വിങ്ങുമെന്നകക്കാമ്പിൽ

തിങ്ങുന്ന വാക്കുകളാൽ 

പൊള്ളുന്നു യാഥാർഥ്യങ്ങൾ

ഗദ്ഗദം തേങ്ങീടുന്നു


സ്നിഗ്ദമാം ഓർമ്മകളിൽ

ചാഞ്ചാടും സുഗന്ധമായ്

ചാരുവാം മോഹങ്ങളും 

നീർക്കുമിളയായ് മാറി.


മോചനമിനിയെന്നാകും

അറിയില്ലതെന്നാലും

അകലം മാറ്റിടാനായ് നാം

ഉള്ളു തുറന്നീടണം.


അന്തമില്ലാത്ത പുഴയായ്

ഒഴുകി പ്രണയാബ്ധിതൻ

ശാന്തിതീരത്തണഞ്ഞീടാൻ,

മോക്ഷം കാത്തിനിയെത്ര നാൾ?





Thursday, June 3, 2021

മരവിച്ച കാഴ്ചകൾ

മുൾമുനയിലാണിന്നീ ജീവിതമെങ്കിലും 

തോൽക്കാതെ മുന്നേറാൻ കരുതലാവാം 

ഒന്നിച്ചു നിൽക്കാം പൊരുതി നേടാം, നമു

ക്കൊരു നല്ല നാളെക്കായ് പ്രാർത്ഥിച്ചീടാം.


നാളെ നാമാരൊക്കെയുണ്ടെന്നറിയില്ല

നാടാകെ ഭീതിയിലുഴന്നിടുമ്പോൾ.

മാനവജന്മം പിടഞ്ഞുവീഴ്കേ, ജീവ-

വായുവിന്നായ് നമ്മളോടിടുന്നു.


ഭീതിദം വാർത്തകൾ കേൾക്കവേ ചുറ്റിലും

മനമാകെ മരവിച്ചു പോയിടുന്നു.

സ്ഥാനമാനങ്ങളല്ലൂഴിയിൽ ജീവിത-

മെന്നോർത്തു മുന്നോട്ടു പോയിടേണം!


ഇന്നു കാണുന്നവർ നാളെ മറയുന്നു 

കൂടെയുള്ളോർ തുണയാവതില്ല?

സങ്കടക്കടലിലിന്നുലയുമൊരു തോണിയിൽ 

മറുകര പറ്റുവാനിനിയെത്ര താണ്ടണം??











കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...