Monday, January 13, 2025

പൊന്മകൾ

സ്വപ്നങ്ങളായിരം ചിറകുകളായി 

വെണ്ണിലാപ്പറവകൾ വഴികാട്ടിയായി 

പൊൻതൂവലോരോന്നും ശിരസ്സിലേന്തി 

പൊന്മകളായവൾ, നേട്ടങ്ങൾ തേടി..!

വഴികാട്ടിയായി വന്നൊരുവനവളുടെ 

ജീവിതയാത്രയിൽ കുടപിടിച്ചു. 

സ്വപ്നവർണ്ണങ്ങളും കണ്ടു നടന്നവൾ 

ഇരുളിൽ നിലാവിനെ കാത്തിരിപ്പായ്!

പാറിപ്പറന്നു നടന്നൊരു പെൺകൊടി 

ജീവിതപ്പാതതൻ കൂരിരുളിലായോ?

വെള്ളിവെളിച്ചെമെന്നോർത്തു നടന്നതോ 

ഇരുളിന്നഗാധമാം ഗർത്തത്തിലോ..?

പ്രത്യാശയോടെ പിടിച്ചൊരു വള്ളിയിൽ 

ദുഃഖങ്ങൾ കൊണ്ടു ബലമുണർത്തി.

കണ്ടതില്ലൊട്ടുമവളുടെ മോഹങ്ങൾ,

ദുരിതത്തീച്ചുളയിലവളെ വീഴ്ത്തി.

അഗ്നിയിൽ വീണു പിടഞ്ഞൊരാ പെൺകിളി 

ആർത്തുവിളിച്ചു വിലപിക്കവേ,

ഈശ്വരൻ കാട്ടും വെളിച്ചത്തിൻ വെണ്മയിൽ

ഫീനിക്സ് പക്ഷിയായവളുയർന്നു!








Saturday, January 11, 2025

കണ്ണനെ കണ്ടപ്പോൾ


ഏകാകിയായിന്നു  നിൻ മുന്നിൽ വന്നപ്പോൾ 

ഏഴകളായിരം തൊഴുതു നില്പൂ.

എത്ര നാളായൊരെൻ മോഹമല്ലേ, കണ്ണാ..

നിന്മുന്നിലിന്നു ഞാൻ തൊഴുത പുണ്യം!

              (ഏകയായിന്നു ഞാൻ......)


നിർമ്മാല്യദർശനം തൊഴുതു നിന്നപ്പോളെൻ

മാനസമെത്രമേൽ നിർമ്മലമായ്!

മാലേയം തൂകിയ നിന്നുടൽ കണ്ടപ്പോൾ 

മാമകനിർവൃതിയാരറിഞ്ഞു!

              (ഏകയായിന്നു ഞാൻ.......)


ഇനിയെന്നു കാണുമെന്നറിയില്ലെന്നാകിലും 

ഈ ജന്മമിന്നെത്ര സാഫല്യമായ്! 

ഗുരുവായൂരപ്പാ.. നിൻ പുഞ്ചിരിയിൽ എൻ്റെ

മുരളിയിലുണരട്ടെ കൃഷ്ണഗീതം!

              (ഏകയായിന്നു ഞാൻ.......)

നോവിക്കാനാവുമോ

 നോവിക്കാനാവുമോ?

***********************

നീറും മിഴികളിൽ പേമാരിപെയ്യുന്ന 

സുഖമെന്തന്നറിഞ്ഞിട്ടുണ്ടോ?

കദനം നിറഞ്ഞ കരളിന്റെയാന്തൽ

നീർമിഴികളിൽ നിറയുന്നതറിഞ്ഞിട്ടുണ്ടോ?


നൊമ്പരവീണയിലെ തന്ത്രികൾമീട്ടി

ഇടറാതൊരു ഗാനം പാടിയിട്ടുണ്ടോ?

പാഴ്മുളംതണ്ടിലെ രാഗപരാഗത്തിൽ

ഇടനെഞ്ചിൽ പൂമഴപെയ്തിട്ടുണ്ടോ?


ആത്മബന്ധങ്ങൾക്കിടയിലുമാരു -

മില്ലാതെയന്യനായ് നിന്നിട്ടുണ്ടോ?

നോവിൻപാതയിലൂടെ വന്നവരെങ്കിൽ

മറ്റുള്ളവരെ നോവിക്കാനാവുനമോ?



പരിഭവമരുതേ കണ്ണാ


പാഴ്മുളംതണ്ടൊരു മുരളികയാക്കി

പാടുവാനായിരം ഗാനങ്ങളുമായ്

തിരുനടയിൽ ഞാൻ വന്നിരിക്കുമ്പോൾ

കാട്ടണേ നീ കൃഷ്ണാ ദിവ്യരൂപം..!



എത്ര കണ്ടാലും മതിവരാതെയെപ്പൊഴും

നിൻ മുന്നിൽ കൈകൂപ്പി നിന്നിടുമ്പോൾ

എണ്ണിയാൽ തീരാത്ത ഭക്തരോടൊരുവളേ 

മതിയെന്നു ചൊല്ലി നീ മാഞ്ഞിടല്ലേ..



കാണുവാനായുള്ളൊരാർത്തിയാലെന്മനം 

ആധിപിടിച്ചു വലഞ്ഞിടുമ്പോൾ 

വാതായലേശാ.... പൊറുത്തിടേണേ,

കാരുണ്യവർഷമായ് പെയ്തിടേണേ...

എന്നിൽ കാരുണ്യാളാമൃതമേകിടണേ..!

Friday, September 27, 2024

താളം തെറ്റുന്ന ജീവിതം

കൂരിരുട്ടിൽ തിരയുന്നിതേവരും

താളമറ്റൊരു ജീവിതയാത്രയിൽ.

വന്നടുത്ത ബന്ധങ്ങളാലേവരും

ബന്ധനത്തിലായ് പോയ ജന്മങ്ങളോ..!


ധീരമായ് തന്നെ മുന്നേറിയെങ്കിലും

വെട്ടിമാറ്റിയവരകന്നെങ്കിലും

വിട്ടു മാറീലഴലുകൾ പിന്നെയും

ചുട്ടുപൊള്ളുന്ന വേദന ബാക്കിയായ്.


പിൻതിരിഞ്ഞു നോക്കാതെയവിശ്രമ-

മോടുവാനായ് ശ്രമിച്ചുവെന്നാകിലും

കഷ്ട,മേറെ തളർന്നൊരെൻ ചിന്തയി-

ലൊട്ടു നോവുകൾ മിച്ചമാകുന്നുവോ?

Tuesday, September 24, 2024

ഉയർത്തെഴുന്നേൽപ്പ്

 


സ്വപ്നങ്ങളായിരം ചിറകുകളായി 

വെണ്ണിലാപ്പറവകൾ വഴികാട്ടിയായി 

പൊൻതൂവലോരോന്നും ശിരസ്സിലേന്തി 

പൊന്മകളായവൾ, നേട്ടങ്ങൾ തേടി..!

വഴികാട്ടിയായി വന്നൊരുവനവളുടെ 

ജീവിതയാത്രയിൽ കുടപിടിച്ചു. 

സ്വപ്നവർണ്ണങ്ങളും കണ്ടു നടന്നവൾ 

ഇരുളിൽ നിലാവിനെ കാത്തിരിപ്പായ്!

പാറിപ്പറന്നു നടന്നൊരു പെൺകൊടി 

ജീവിതപ്പാതതൻ കൂരിരുളിലായോ?

വെള്ളിവെളിച്ചെമെന്നോർത്തു നടന്നതോ 

ഇരുളിന്നഗാധമാം ഗർത്തത്തിലോ..?

പ്രത്യാശയോടെ പിടിച്ചൊരു വള്ളിയിൽ 

ദുഃഖങ്ങൾ കൊണ്ടു ബലമുണർത്തി.

കണ്ടതില്ലൊട്ടുമവളുടെ മോഹങ്ങൾ,

ദുരിതത്തീച്ചുളയിലവളെ വീഴ്ത്തി.

അഗ്നിയിൽ വീണു പിടഞ്ഞൊരാ പെൺകിളി 

ആർത്തുവിളിച്ചു വിലപിക്കവേ,

ഈശ്വരൻ കാട്ടും വെളിച്ചത്തിൻ വെണ്മയിൽ

ഫീനിക്സ് പക്ഷിയായവളുയർന്നു!








പൊയ്മുഖങ്ങൾ

ഉറ്റവരുമായ് കൂടി ധനത്തിനായ് 

അറ്റുപോവുന്നുടയവരൊക്കെയും.

അൽപ്പചിന്തയാലന്യോന്യമാരെയും

കണ്ടിടാതെ നടക്കുവോരൊക്കെയും.


കണ്ടതും കേട്ടതും ചൊല്ലി നിന്നവർ

കണ്ട ഭാവം നടിക്കാതെയെപ്പൊഴും

കിട്ടിയ നേട്ടം പോക്കറ്റിലാക്കവേ

മാറിടുന്നു കോമാളിയായ് സത്യവും!


കാത്തിരിപ്പിനൊടുവിലായുണ്മതൻ പൂത്തിരികൾ തെളിയവേ ചുറ്റിലും

വെണ്മയാൽ തുടിയ്ക്കും ബന്ധമൊക്കെയും

ബന്ധനത്തിലായ്ത്തീരും പൊളിമൊഴി!


ഇന്നനർഹമായ് നേടുന്നതൊക്കെയും 

തെല്ലഹങ്കാരമൊന്നുയർന്നീടവേ

അല്പമാത്രമാമായുസ്സുകൊണ്ടെല്ലാം 

അന്യമായ്ത്തീരുമില്ലൊട്ടു സംശയം!

തേങ്ങൽ

 പൊട്ടിച്ചിരികളുയരുന്ന യാമങ്ങളിൽ

അടക്കിപ്പിടിച്ച ചില തേങ്ങലുകൾ ..

ഞെട്ടിയുണർന്ന മോഹങ്ങൾ കിനാമഴപോലെ പെയ്തിറങ്ങുമ്പോൾ ..

കരിയില മയക്കത്തിൽ

അമർന്നു പോയ നിശ്ശബ്ദത !

വന്യമായ മുരൾച്ചയിൽ..

ഭയത്തിന്റെ പുതപ്പിനടിയിലൊളിച്ചിരിക്കുമ്പോൾ,

കനംതൂങ്ങിയ മിഴികളിലെ 

വേപഥു കാണാൻ ആരുണ്ടിവിടെ ...?

പരമാർത്ഥം

അന്യരുടെ ആഗ്രഹങ്ങളെയും 

മോഹങ്ങളെയും സ്വന്തമാക്കി 

അത്യാർത്തിയോടെ

ജീവിതാസ്വാദനത്തിലാണ്ട

മർത്യർക്കറിയില്ലല്ലോ,

അവരുടെ കണ്ണീർശാപമേറ്റാൽ 

ദുരന്തമേൽക്കാൻ തലമുറകൾ

ബാക്കിയെന്ന പരമാർത്ഥം!

രിപുക്കൾ

മിഴിനീരിൽ തളിരിട്ട നൊമ്പരപ്പൂവുകൾ-

ക്കിത്രമേലാരേ നിറം കൊടുത്തൂ?

കളിയും ചിരിയും പിണക്കവുമായ് കൂടെ

വന്നവർ വിതറിയ സ്വപ്നങ്ങളോ?


കൂട്ടത്തിൽ തോഴരായ് കൂടെ വന്നുള്ളവർ

തോറ്റം പറഞ്ഞു രിപുക്കളായോർ. 

തോൽപ്പിക്കാൻ മാത്രം തുണയായി വന്നവ-

രാകെ രുധിരം കുടിച്ചു വീർത്തു.


പൊളികൊണ്ടു വേലികെട്ടുന്നവർ, പിടയുന്ന നെഞ്ചിന്റെ നോവറിഞ്ഞീലതെന്നോ!

ജീവിതം ഭൂമിയിൽ ഹോമിച്ചു തീരുമ്പോൾ 

നിറമില്ലാ മോഹങ്ങൾ ബാക്കിയെന്നും.

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...