Thursday, November 30, 2017

കനിവേകൂ ..കണ്ണാ ..

കണ്ണു തുറന്നാലു൦ 
കണ്ണടച്ചാലുമുള്ളിൽ 
നിൻ രൂപ൦ മാത്ര൦ .കണ്ണാ..
എപ്പോഴും, നിന്‍ രൂപം മാത്രം കണ്ണാ..

രാധയോ മീരയോ 
അല്ല ഞാൻ വെറുമൊരു
നിൻ ഭക്ത മാത്ര൦ കണ്ണാ.

വെറുമൊരു ,നിൻ ഭക്ത മാത്ര൦ കണ്ണാ...


എത്രയോയേകാദശി
നോമ്പു നോറ്റു.. കണ്ണാ ..
കനിവിറ്റു നല്കാൻ
താമസമെന്തേ ..ഇനിയും 

കനിവിറ്റു നല്‍കാന്‍ താമസമെന്തേ...

നിൻ മൃദുനോട്ടമിത്തിരിയേകിയാല്‍  ... 

പിന്നെയീജീവിതത്തില്‍
മറ്റെന്തു വേണ൦ ...! 

ഇനിയീ ജന്മതിലെന്തു വേണ്ടൂ...

മീരയെപ്പോലെ  പാടാനറിയില്ല
രാധയെപ്പോലെയാടാനുമറിയില്ല

എങ്കിലുമീജന്മ൦ നിന്നിലലിയുവാന്‍
നോമ്പു നോക്കുമൊരു ഭക്തയല്ലോ

.
നാരായണരൂപ൦ 

മനസ്സിൽ തെളിയുമ്പോള്‍
നാവിലുദിക്കുന്നു നിന്‍ നാമം മാത്രം..
ഏഴയാമൊരു ജന്മമിവള്‍

ഏകയായിന്നു കേഴുവല്ലോ..
                      (കണ്ണു തുറന്നാലും )

Wednesday, November 22, 2017

പുലര്‍കാലസ്വപ്നം

വർണ്ണങ്ങൾ പൂത്തൊരാ സ്വപ്നത്തിൻ ചില്ലയിൽ മന്ദസമീരൻ വന്നണഞ്ഞു.. നാണത്താൽ വിരിഞ്ഞോരാ നുണക്കുഴികൾ കുടമുല്ലപ്പൂക്കൾപോൽ തുടുത്തുനിന്നു ... കുഞ്ഞിളം തെന്നലിൻ കരലാളനത്തിനാൽ കാർക്കൂന്തൽ ആഹ്ലാദ നൃത്തമാടി. അരുമയായ് തലോടിയ സ്വപ്നങ്ങളവളുടെ മാനസത്തോണിയെ തൊട്ടിലാട്ടി. ഓർമ്മകൾ പുല്കിയ മിഴികളിൽ രണ്ടിറ്റു കണ്ണുനീർ മെല്ലെ നിറഞ്ഞുനിന്നു. പുലർകാലസൂര്യന്റെ വെള്ളിവെളിച്ചത്താൽ പ്രകൃതിയും കൈ കോർത്തു കൂടെ വന്നു.

Friday, November 17, 2017

കറുത്ത കാഴ്ചകള്‍

ന്തിനു നിങ്ങളാ ജീവശയ്യയിൽ വാരിവിതറിയീ മുൾപ്പൂക്കളെല്ലാം ശവംതീനിയുറുമ്പിന്റെ മണമല്ലോ ചിന്നുന്നതീ കുസുമങ്ങളിള്‍..
സന്തുഷ്ട ജീവിതസ്വപ്നങ്ങളൊക്കെയു൦ സങ്കടപ്പെരുമഴയിൽ ഒലിച്ചുപോയോ..? വിശുദ്ധിയശേഷമില്ലാത്ത ബന്ധങ്ങൾ.. വിഷ൦ വമിക്കു൦ ദുഷ്ടജന്മങ്ങൾ...
ശത്രുതയുള്ളിൽ നിറച്ചവർ ചിരിക്കുന്നു ഉറ്റവരെപ്പോലെ കൂടെനടക്കുന്നു സ്വാര്‍ത്ഥമോഹികള്‍, പരപീഡരസികർ , കണ്ടാൽ തിരിച്ചറിയാത്ത മോഹനരൂപികൾ ... മിന്നു൦ വസ്ത്രങ്ങളാൽ പുറ൦മോടി കൂട്ടി , ലോകത്തിൻ മുന്നിൽ നല്ലവരായി ചമയുന്നു ..
അന്യന്റെ ചോറിൽ മണ്ണുവാരിയിട്ടു മൃഷ്ടാന്നഭോജന൦ നടത്തും ദുഷ്ടരേ.. നിങ്ങളു൦ നാളെയീ മണ്ണിലെ കീടങ്ങൾ, വന്ന വഴികൾ മറക്കുന്നതെങ്ങനെ?

Tuesday, October 17, 2017

ദുരന്തവേഗങ്ങള്‍

ലക്ഷ്യംതെറ്റി പോകുന്ന
ജീവിതപാതകളില്‍ ഉന്നംതെറ്റി വരുന്ന
ദുരന്തവേഗങ്ങള്‍ .. പാതിവഴിയില്‍
വേറിട്ടുപോയ സ്വപ്നങ്ങള്‍ അലഞ്ഞുതിരിഞ്ഞു
പോയതിന്നെവിടെയോ ..?
മോഹങ്ങള്‍കൊണ്ട്
തീര്‍ത്തൊരു കൊട്ടാരം പൊയ്മുഖങ്ങളാല്‍
വൈകൃതമാകുമ്പോള്‍ ചിതയൊരുക്കുവാന്‍
പാഞ്ഞടുക്കും മരണം സ്വപ്നകുസുമങ്ങളെ
ആഴിയിലാഴ്ത്തുന്നു .
പാടിപ്പുകഴ്തുന്ന
നാവുകളിലൊക്കെയും പതിരുകള്‍
മാത്രമാണെന്നറിയാതെ , ഉന്മാദലഹരിയില്‍
വീണുറങ്ങുന്നവര്‍ക്ക്
അന്യമായിപോകുന്നു
ഉറ്റബന്ധങ്ങളും .
മനസ്സാഴങ്ങളില്‍
വേരൂറും ദുഃഖങ്ങള്‍ മണ്ണാഴങ്ങളില്‍
നിത്യനിദ്ര തേടുമ്പോള്‍ മുള്‍വാക്കിനാല്‍
മുറിഞ്ഞൊരു ഹൃദയം ശാന്തി കിട്ടതെയെ-
വിടെയോ അലയുന്നു .
ഈശ്വരന്‍ നല്‍കിയ
നല്ലൊരു ജീവിതം ആര്‍ത്തിപൂണ്ടു
വലിച്ചെറിയുന്നവര്‍ ഓര്‍ക്കതെയറിയാതെ
പോകുന്നതോ... അഹങ്കാരതിമിര്‍പ്പില്‍
മതിമറക്കുന്നതോ..?
കാലമോടുന്നു ,
ശാസ്ത്രം വളരുന്നു മനുഷ്യമനസ്സുകള്‍
വികൃതമായിതീരുന്നു. ഭയപ്പടോടെയല്ലാതിവിടെ
ജീവിക്കാന്‍ ഇനിയുള്ള ജനതയ്ക്ക്
സാദ്ധ്യമായീടുമോ ..?

Monday, October 16, 2017

വേഴാമ്പല്‍

വറ്റാത്ത മിഴികളെ തോര്‍ത്തിയുണക്കുവാന്‍ എത്താത്തതെന്തേ നിൻചൊടികള്‍. മുറ്റത്തെ മുല്ലകള്‍ പൂത്തുകൊഴിഞ്ഞല്ലോ .. നീ മാത്രമെന്തേ വന്നീല ...
നെഞ്ചകം പൊള്ളുന്നു നിന്‍ തണലേല്‍ക്കുവാന്‍ മുന്തിരിവള്ളിപോല്‍ നിന്നെ പുണരുവാന്‍ .. നിര്‍ത്താതെ പെയ്യുമീ മോഹമഴയിലൊന്നിച്ചു പ്രണയം പകുക്കുവാൻ..
വാടാത്ത നിന്നുടെ സ്നേഹമലരുകള്‍ കൊഴിയാതെയടരാതെ കരളില്‍ കൊരുത്തീടാം മാനസവീണയില്‍ നിനക്കായിമാത്രം മീട്ടാമിനിയുമെന്‍ പ്രണയത്തിന്‍ ശീലുകള്‍ ..
നനവാർന്ന ഓര്‍മ്മകള്‍ മിഴികളില്‍ പെയ്യുന്നു വിരഹാര്‍ദ്രചിന്തകള്‍ മനസ്സില്‍ കുതിരുന്നു. ഇനിയെത്ര കാലമീ നോവിന്റെ തീരത്ത് നിനക്കായ് മാത്രം കാത്തിരിക്കേണ്ടു ഞാന്‍...

Saturday, October 14, 2017

പ്രണയവസന്തം

വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻ മനസ്സിൽ കുടിയേറുമോ അൽപ്പനേര൦ ... തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം... നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം...
മധുമാസരാവുകൾക്കു വിരുന്നൊരുക്കി വേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ ... പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനി പ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..
ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നു നീ ഇത്തിരി നേര൦ ചേർന്നിരിക്കൂ ... നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തു താള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾ

കിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽ പ്രണയവസന്ത൦ പൊഴിക്കാമീരാവിൽ ...
സ്നേഹമലരുകള്‍ പുഞ്ചിരി തൂകുമ്പോള്‍ പുലർമഞ്ഞിൻ നനവിൽ പുണർന്നിരിക്കാ൦ ..

Thursday, October 12, 2017

ഉടലിന്‍ ഗീതങ്ങള്‍

ദുരിത പർവ്വത്തിലേതോ മുഷിഞ്ഞതാളിൽ ദാരിദ്ര്യത്തിൽ പിറന്നൊരു ജനന൦. വിശപ്പിന്റെ നിലവിളികളിൽ മുങ്ങിത്താഴുന്ന പരിഹാസങ്ങൾ.. ഉള്ളവന്റെയഹങ്കാരത്തിൽ അലിഞ്ഞുതീരുന്നവീഥികളില്‍ ഇല്ലാത്തവരുടെ വേവലാതികൾ ... വലിച്ചെറിയുന്നാഹാരാവിശിഷ്ടങ്ങളിൽ ചിക്കിചികയുന്നാർത്തിപൂണ്ട കണ്ണുകൾ ..
കാല൦ വളർത്തിയെടുത്ത താരുണ്യ വടിവുകളിൽ വഴിയോരയാത്രക്കാരുടെ ദാഹമിഴികൾ .. പ്രണയിക്കണമവൾക്കുമൊരാളെ ... ആരെയു൦ ഭയക്കാത്ത സുരക്ഷിതത്വമുള്ള നിത്യസത്യത്തെ ...
അതെ .. ഇനി മോചനമവിടെമാത്ര൦... സഹതാപത്തിന്റെ മുൾപ്പൂക്കൾ ആരു൦ വലിച്ചെറിയരുതേ ... മനസ്സിൽ വികലചിന്തകളുടലെടുക്കുമ്പോൾ ഒരു നിമിഷ൦ നിങ്ങളോർക്കുമോ വിടരാൻ കൊതിച്ച് പാതിവഴിയിൽ കൊഴിഞ്ഞുപോകുന്നയീ കണ്ണുനീർപൂക്കളെ.

Monday, October 9, 2017

ഭിന്നമര്‍മ്മരങ്ങള്‍

നഷ്ടങ്ങളുടെ വേലിയേറ്റത്തിലാണ് കടലാഴങ്ങളെയവള്‍ കൂടുതലിഷ്ടപ്പെട്ടത് . കരയിലേക്ക് തെന്നിമാറുംതോറും വീണ്ടും കടലിനെ പ്രണയിക്കാന്‍ മോഹിക്കുന്ന വിഷാദക്കാറ്റ് വീശുന്നു . സ്വപ്നങ്ങളുടെ തുരുത്തില്‍ ശയിക്കുന്ന സന്തോഷത്തിന്റെ ചിണുങ്ങലുകള്‍ വഴുതിപോകുന്നൊരാ ചിന്തകളില്‍ മിഴിപൂട്ടുന്ന ദുര്‍ബലമനസ്സ്. ശിരോലിഖിതത്തെ പഴിചാരി വീണ്ടും ജീവിതത്തെ തലോടുമ്പോള്‍ കടല്‍ക്കാറ്റിന്റെ മര്‍മ്മരം.. അസ്തമയത്തിലേക്ക് അടുക്കുന്നു നിലാവിന്റെ നീലാകാശം നോക്കി സൂര്യനെയും കാത്തൊരു ജീവിതതോണി അകലെ കടലാഴങ്ങളിലേക്ക് മുങ്ങിതാഴ്ന്നു കൊണ്ടേയിരിക്കുന്നു. മധുമാസ കാറ്റില്‍ തഴുകുന്ന നേരിന്‍ തിരകളെ നോക്കി പ്രണയം പറയുന്ന കമിതാക്കളുടെ, ലജ്ജയില്‍ കുതിര്‍ന്ന വദനത്തില്‍ ഉദയസൂര്യന്റെ പൊന്‍തിളക്കം..!

Sunday, October 8, 2017

തപ൦

ചാറ്റല്‍മഴയിലൂടെ ഒഴുകിയെത്തിയ 
മണ്ണിന്‍ഗന്ധത്തില്‍ ഉന്മാദമായ മനസ്സ്, 
കാട്ടരുവിയുടെ ലാസ്യ നൃത്തത്തില്‍ 
മതിമറന്നു പ്രകൃതിയെ പുണരുന്നു ..
കോടമഞ്ഞിനെ മുകരുന്ന 
താഴ്വാരകാറ്റിനിന്നെന്തേ 
പതിവിലും കവിഞ്ഞൊരു നാണം...!
കവിളിനെ തൊട്ടൊരുമി 
പ്രിയതരമാമൊരു പാട്ടിനെ 
ഓര്‍മ്മപ്പെടുത്തുന്ന കിളിക്കൊഞ്ചല്‍.. 
സാന്ത്വനത്തിന്റെ വെള്ളിക്കിരണങ്ങള്‍
ഇലപ്പടര്‍പ്പിലൂടെ ഊര്‍ന്നിറങ്ങി 
ഇടനെഞ്ചില്‍ പൂമഴ പെയ്യിക്കുന്നു.
കാടിന്റെ വന്യതയില്‍ നിന്നും മാറി 
പ്രണയപുഷ്പങ്ങള്‍ പൊഴിക്കുന്ന 
വൃക്ഷലതാതികളെ താലോലിക്കുന്ന 
ഇണക്കിളികളുടെ കുറുകലില്‍
നിന്നെയോര്‍ത്തു നറുതേന്‍
പൊഴിക്കുന്ന ചൊടികളാല്‍..
പ്രണയാര്‍ദ്രമാം മിഴികള്‍പൂട്ടി
എന്നിലെ നിന്നെയുംപേറി ഇനി
അനന്തതയിലെക്കൊരു യാത്ര...!

മുറിവിടങ്ങള്‍

നീറിപ്പുകയുന്ന മനസ്സിൽ ക്രൂരവചനങ്ങളുടെ തലോടൽ.., ലൗകീകസുഖത്തിനായി ബന്ധങ്ങൾ മറക്കുന്ന
മനുഷ്യമ്യഗങ്ങൾ, പൊന്തക്കാടുകളിൽ
നിന്നുയരുന്ന
കുഞ്ഞുനിലവിളികൾ .., നടപ്പാതകളിൽ
തേരട്ടകളുടെ ജാഥ.., മദ൦പൊട്ടിയോടുന്ന
കാലത്തിനൊപ്പ൦ എത്താനാവാതെ, നിലച്ചു പോകുന്ന
ഘടികാരങ്ങൾ.... ദുഷ്കരമീ യാത്രയെങ്കിലും... ഇടവഴികളിലെവിടെയോ സുഗന്ധ൦ പൊഴിക്കുന്ന
നന്മമരങ്ങൾക്കു എത്രനാളിനി വാളിനിരയാതെ നിൽക്കാൻ പറ്റുമോ ... സന്ദേഹങ്ങളുടെ ദിനങ്ങളെ കൈപിടിച്ചു നടക്കാനിനി മാന്ദ്യത്തിന്റെ ശോഷിച്ച
വിരലുകൾക്കാവുമോ .... ശാന്തി തേടിയെത്തുന്ന ദേവാലയങ്ങളിലുമിന്നു അശാന്തിയുടെ പുകച്ചുരുളുകള്‍ പടർത്തുന്നതാരാവു൦ ... അഴിഞ്ഞാടുന്ന മനുഷ്യമൃഗങ്ങളെ തളയ്ക്കാനിനി പ്രകൃതിയുടെ വിളയാട്ടമുണ്ടാവുമോ ... കലുഷിത മനസ്സിലെ ചിന്തകളേ . നിങ്ങൾക്കിനി വിട... കാല൦ പടവാളെടുക്കട്ടെയിനി.. വിഷലിപ്തമാമീ ഭൂവിൽ ജീവനുണ്ടെങ്കിൽ നോക്കുകുത്തിയെപ്പോലെ ജീവിച്ചു തീർക്കാനോ ..വിധി !!

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...