Monday, June 19, 2017

വിധി

അറിവില്ലായ്മതൻ നാളുകളിലെ നിലവിളികളില്‍നിന്നും വികാരതീവ്രതയുടെ കുറുകലിലേക്കവളെ കൊണ്ടെത്തിച്ചതാരാവാം ? വിശപ്പിന്റെ ദയനീയതയില്‍നിന്നും ആഡംബരത്തിന്റെ ആര്‍ത്തിയിലേക്ക് അവളെത്തിയതെങ്ങനെ ? സ്വച്ഛഗ്രാമത്തിലെ , പുകയുന്നടുപ്പില്‍നിന്നും നഗരസന്ധ്യയിലെ ബുഫെകളിലേക്കവൾ എങ്ങനെയാണെത്തിയത് ? കുഞ്ഞുമിഴികളിലെ മേഘപ്പെയ്തില്‍നിന്നും മിഴിപ്പീലികളെ വശ്യമായതുടുപ്പിലേക്ക് ആകര്‍ഷിച്ചനുരയുന്നപൂണ്ട ചിന്തകളെങ്ങനെയറിയും ? പുതുവര്‍ഷത്തിന്റെ ലാസ്യലഹരിയില്‍നിന്നിയും വേനലിൻവറുതിക്കെത്ര ദൂരം ! കുടിലില്‍നിന്നും കൊട്ടാരത്തിലേക്കുള്ള വേഗപ്പാച്ചിലിനിടയില്‍ നഷ്ടപ്പെട്ട യൌവനം നരച്ചുതുടങ്ങിയ ചിന്തകളായി പിറുപിറുക്കുമ്പോള്‍ ചോര്‍ന്നൊലിച്ചിന്ന് കൂരയിൽമിഴിപ്പെയ്ത്തുകൾ ! സ്വയമുരുകി ,പ്രാകിക്കൊണ്ട്‌ കൂരിരുട്ടിലേക്ക് മെല്ലെമെല്ലെ പിച്ചവെക്കുന്നൊരുവളുടെ മനസ്സ് ഇവിടെയാരിന്ന് കാണുവാൻ ? ജീവിതതുലാസിലടിതെറ്റി ആടിയാടി കൂനിപ്പിടിച്ച് തെല്ലും ,ആര്ത്തിയില്ലാതെ തെരുവിൻ കലപിലക്കിടയിൽ കുഴഞ്ഞുവീഴുമ്പോള്‍ അവളേത്, ചിതലിന്റെഭോജ്യമാവാം ? കഴുകിയാല്‍ തീരാത്ത പാപക്കറയാല്‍.. ദേഹിവേര്‍പ്പെടുമ്പോള്‍.. കാമിച്ച കണ്ണുകളിലറപ്പിന്റെയും
വെറുപ്പിന്റെയും ഈച്ചകൾ അരിച്ചിറങ്ങിയദേഹമെത്ര വികൃതം !!

Saturday, June 17, 2017

പുതു വെളിച്ചം

അകലെയൊരിത്തിരി നറുവെളിച്ചം
മിഴിയിലേക്കിറ്റി പതിച്ചുവെന്നാൽ,
ആലംബമില്ലാക്കുടുസ്സകത്ത്
തേങ്ങുവാൻമാത്രം വിധിയിവര്‍ക്ക്.

നിറമുള്ള കാഴ്ചകളന്യമല്ലോ;
നിഴലുപോലെത്തുന്നഴലുകളും.
അറിവിന്‍റെ പാതയിലൂടെ നീങ്ങി
നിറവാർന്നലോകം പടുത്തുയർത്താൻ,
ഒരു കൈ സഹായമതെത്ര പുണ്യം !

വിജ്ഞാനപ്പൂത്തിരി കൈയിലേന്തി
ഒരു നവപുലരിയ്ക്കായ് വിത്തു പാകാം,
പുത്തൻ പ്രതീക്ഷതൻ പൊൻവെളിച്ചം
പാരിതിലാകെപ്പരന്നിടേണം,
അതുകണ്ട് പുളകം വിരിഞ്ഞിടേണം

ഒരുപുതുലോകം പിറക്കവേണം.

Thursday, June 15, 2017

ജീവിതക്കവല

അതിഥിമന്ദിരമായിരുന്നൊരുനാളാ വീട്... രാവോള൦ ചുട്ടു നീറിയടുക്കളയു൦ .. ആരോരുമറിയാതെ നിറയു൦ മിഴികളെ അതിഥികളുടെ കളി ചിരിയാൽ മറച്ചു... യാത്രപോലും ചൊല്ലാതെ പലരു൦ പിരിഞ്ഞു.. ഭള്ളു പറഞ്ഞും പരാതിപ്പെട്ടും പിന്നെയു൦ ചിലർ കൂടെനടന്നു ... പാട്ടുപാടി പാട്ടിലാക്കിയു൦ ആട്ടമാടി അരങ്ങു തകർത്തു൦ ജീവിത൦ നാടകക്കളരിയാക്കി പൊട്ടിച്ചിരിച്ചും അട്ടഹസിച്ചും നാനാതലങ്ങളിൽ പറന്നു പോയി .. ശാന്തമാണിന്നാകൂട്ടിൽ ... സായംസന്ധ്യയുടെ ശാന്തതയിൽ അഗതികൾക്കായാടുക്കളയിൽ ഒരുക്കുന്നു സ്നേഹത്തിൻ മധുരസദ്യ

Wednesday, June 14, 2017

കിനാവ്‌

നിലാമഴ കണ്ട് നിന്‍ നിഴല്‍പ്പായയില്‍ നിന്നോരം ചേര്‍ന്നിരുന്ന് നക്ഷത്രങ്ങളോട് നമ്മുടെ കഥ പറയണം..
നിദ്ര മറന്ന മിഴികളില്‍ നിതാന്ത സ്നേഹത്തിന്‍ നിത്യ പ്രകാശം തെളിക്കണം
ഇലപടര്‍പ്പിനിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ചാരുചന്ദ്രികയെ നോക്കി നൂല്‍ക്കവിതകള്‍ ചൊല്ലണം
അര്‍ത്ഥമില്ലാത്ത വരികളെങ്കിലും
നിന്‍കാതില്‍ മൂളുമ്പോള്‍
ഒരായിരം ചിറകടിയൊച്ചകള്‍
താളം പിടിക്കണം..
കാമമില്ലാപ്രണയത്തിന്‍ രാഗഭാവങ്ങള്‍ നിന്‍ കരളില്‍ കോറിയിടണം
മറ്റാരും കാണാതെ ചുംബനപ്പൂക്കളാല് പൊതിയണം
പുലര്‍കാല സ്വപ്നത്തിന്‍ ആലസ്യത്തില്‍, ഹൃദയത്തിലെഴുതിയ കവിതയെ പുണര്‍ന്ന് മരങ്ങളോടും കിളികളോടും
കിന്നാരം ചൊല്ലി, ആമോദത്തോടെ
പുതുപുലരിയെ വരവേല്‍ക്കണം..

Saturday, June 10, 2017

സ്നേഹവീണ.

അകലെയാണെങ്കിലു൦ അടരുവാനാവാതെ കനവിലൊരു മോഹമായ്‌ പൂത്തിരുന്നു...! രാഗമായെൻ ജീവ- വീണയിൽ നീ പ്രേമ- സ്പന്ദനമായി നിറഞ്ഞ നേരം, സ്നേഹമേ.. മങ്ങാത്ത വർണ്ണമേ ഞാൻ നിന- ക്കായെന്റെ ജന്മം പകർന്നു നൽകീ... പ്രാണൻ വെടിഞ്ഞാലുമീ ചങ്കിൻ സ്നേഹത്തിൻ പരിമളം പാരിൽ നിറഞ്ഞുനില്ക്കും... ഉരുകി ഞാൻ തീർന്നാലു൦ ഒരുതരി വെട്ടമായ്‌ നിൻ മിഴിയ്ക്കെന്നും പ്രകാശമേകും... ദേഹമെരിഞ്ഞാലു൦ പോകുവാനാവാതെ ദേഹി അവനിയിൽ നിന്നെത്തേടും... വാടാത്ത സ്നേഹത്തിൻ കൊഴിയാത്ത പൂവായി .. ജന്മങ്ങളോളം ഞാൻ കാത്തിരിക്കും.. അകലെയാണെങ്കിലു൦ മങ്ങാതെ,മായാതെ കനവിലൊരു മോഹമായ്‌ പൂത്തുനില്ക്കാം.....

Thursday, June 8, 2017

ചതുരംഗക്കളം

കഴുതയെപ്പോലെ
അവിശ്വാസത്തിന്റെ ഭാണ്ഡക്കെട്ടും പേറി
കുതിരയെപ്പോലെ പായുന്ന കാലം...! പൊട്ടിച്ചിരിക്കുന്ന
പൊതുജനത്തിനു മുന്നില്‍ മിന്നിത്തിളങ്ങുന്ന
അഭിനയക്കോലങ്ങള്‍ ...! വെട്ടിപ്പിടിച്ചു
മുന്നേറുമ്പോഴും
നഷ്ടത്തിലേക്ക്‌ കുതിക്കുന്ന
ജീവിത യാഥാര്ഥ്യങ്ങൾ, പഴംകഥകള്‍ക്കു
ചുണ്ണാമ്പ് തേച്ചു മുറുക്കിത്തുപ്പുന്ന
വഴിയോരക്കാഴ്ച്ചകള്‍..! ആടിത്തിമിര്ക്കുന്ന
ദുരാഗ്രഹങ്ങള്‍ക്കിടയില്‍ ചതഞ്ഞുവീഴുന്ന
വെറുംവാക്കുകള്‍..! നിശ്ശബ്ദത്തേങ്ങലിൽ
ഉരുകിതീരുന്നു അന്ധകാരംനിറഞ്ഞ
പുകയടുപ്പുകള്‍...! മുറിവുകളില്‍ പച്ചമണ്ണ്‍
പൊതിഞ്ഞുകെട്ടി നീരുറവ കാത്തിരിക്കുന്നു
ചില പ്രതീക്ഷകള്‍ .!

Friday, June 2, 2017

തഴപ്പായകള്‍

പകലിന്റെ ചൂടിലും പുകച്ചുരുളുകളുടെ കറയിലും മങ്ങിപ്പോകുന്ന ദിനരാത്രങ്ങള്‍.. തട്ടിയും മുട്ടിയും, ചുമച്ചും കിതച്ചും പകലോന്‍റെ മടക്കം.. നടുവുനിവര്‍ക്കാന്‍ തറയില്‍ നിവര്‍ന്നു കിടക്കുമ്പോള്‍.. പൊടിതട്ടി പൊങ്ങുന്ന രാവിന്റെ ചുടുനിശ്വാസം.. വിയര്‍പ്പിന്റെ ലഹരിയില്‍ തളര്‍ന്നു മയങ്ങുമ്പോഴേക്കും വെള്ളിക്കീറുമായി കോഴിയുടെ കൂവല്‍.. മാറ്റങ്ങളില്ലാത്ത ജീവിതചര്യകളുമായി വീടിന്റെ മൂലയില്‍ ഒടുങ്ങിതീരുന്നു പൊടിഞ്ഞു തുടങ്ങിയ തഴപ്പായകള്‍..!

Thursday, June 1, 2017

കൂടൊഴിയുന്ന പക്ഷികൾ

വിളിക്കാതെയെത്തുമൊരതിഥി ,
നാളേറെയായ് ,
അവനെന്റെനിഴലായ് 
പിരിയാനാവാത്തൊരുസത്യം.
സായന്തനങ്ങൾ കറുക്കുന്നു
അവനുണ്ട് ,
കുന്തിരിക്കത്തിന്റെഗന്ധം.
കത്തിജ്വലിക്കുന്ന സ്മരണകളില്‍
ദുശ്ശകുനമായെന്നുമെത്തുന്നവന്‍ 
യമകിങ്കരന്മാരെപ്പോലെ ,
രൗദ്ര ,പൈശാചികഭാവങ്ങള്‍..
രാത്രികളിലാടുന്നു താണ്ഡവം. 
ഉറക്കംകെടുത്തുന്ന കറുത്തപക്ഷി 
വരവറിയിക്കുന്ന ശ്വാനഗീതം .
രംഗബോധമില്ലാത്തൊരു കോമാളി..
അവനെന്നിലാടിത്തിമിർക്കുന്നു..
ചിതാഗ്നിയാലേ നിത്യശാന്തി..!!

Wednesday, May 24, 2017

ചെറുവരികളിലൂടെ.....

നേരുപൂത്താൽ,
വേരോളം മണക്കും

പൂത്തുനിന്നോരു വാകമരച്ചോട്ടില്‍ ,
ചാറ്റല്‍മഴയ്ക്കൊപ്പം നാം..
പ്രണയതമ്പുരുമീട്ടിയ നിമിഷങ്ങള്‍.. !!
കൊഴിഞ്ഞുപോവാതൊരു 
സ്വപ്നമെങ്കിലും, ചില്ലയിൽ
പൂവിട്ടുകാണാനാശിച്ചനാൾ..!
വറ്റാത്ത സ്നേഹത്തിന്‍
സൌഹൃദപ്പാടത്തില്‍, പുഞ്ചിരിപ്പൂക്കള്‍
വാരിവിതറിയ ദിനങ്ങള്‍..!
ഓര്‍മ്മകള്‍ പൂക്കുന്ന
കലാലയ ദിനങ്ങളെന്നും നമ്മളില്‍
നിറയ്ക്കാറുണ്ടൊരു പൂക്കാലം !!

കുശിനിയിൽ 
തളച്ചിട്ട ബോൺസായ്.
മാതൃസ്നേഹം..!!

കായലോളങ്ങളേ,
നിങ്ങളുടെ കടലോർമ്മകളിൽ
എത്ര വേലിയേറ്റങ്ങളുടെ
ആവേശനിറവുകൾ....!
എത്ര പൗർണ്ണമികളുടെ
നിലാപ്പുളകങ്ങൾ.........!

കാത്തിരിപ്പിന്നാഴങ്ങളിൽനിന്നും
ഒരു മുത്ത്....!
പോറലേല്‍പ്പിക്കാതെ നെഞ്ചിൻ-
കൂട്ടിലെടുത്തുവച്ചപ്പോൾ
വീശിയ കാറ്റിന്, സ്വർഗ്ഗത്തിൻെറ
സുഗന്ധം....!

മലകൾ താഴ്വരയോട്
അടക്കംപറഞ്ഞത് നിലാവിന്റെ
സൗന്ദര്യത്തെക്കുറിച്ചായിരുന്നു;
രാപ്പാടികൾ പാടിയ പാട്ടിൽ
രാവാണ് നിറഞ്ഞുനിന്നത്....!

പ്രകൃതിയോട് 
ഇണങ്ങാത്തവരോട്
പ്രകൃതിയും ഇണങ്ങുകയില്ല.
അതാണ് പ്രകൃതിയുടെ പ്രകൃതം!

പ്രവാസിയല്ല ,
എല്ലാം പ്രയാസിയാണ്
ശുഷ്കഭാവി!!

മഴപ്പെയ്ത്തേറ്റ്
മണ്ണടരുകളിൽ നിന്നും
മുളപൊട്ടി തലനീട്ടുന്ന
അനുഭൂതികൾക്ക് എന്തിത്ര
സുഗന്ധം?
ആസ്വാദനത്തിന്റെ
താഴ് വേരുകളിലേക്ക്
പുളകങ്ങൾ പൂത്തിറങ്ങവേ,
മുറുകെപ്പിടിക്കാൻ നീട്ടുക
നിൻകരങ്ങൾ.......

വെറുപ്പിന്റെ മലനിരകളിൽ
സ്നേഹം നട്ടു പിടിപ്പിക്കാം,
അസഹിഷ്ണുതയുടെ കൊടുങ്കാട്ടിൽ
മൈത്രിയുടെ കാഹളം മുഴക്കാം,
അസൂയയുടെ കൊട്ടാരം,
വിനയം കൊണ്ട് കീഴടക്കാം......!

നിൻസുഗന്ധവുമായി,
കാറ്റു വരുന്നതും കാത്ത്,
ഈ ഹരിതതീരത്ത് ഞാനിരിക്കാം.

നീയാം ആകാശം 
ഞാനാം ഭൂമിയിലേക്ക്‌
തൂമഴയായി പൊഴിയുക ....!

കുരുത്തോലപ്പെണ്ണിന്‍റെ
പോക്കുവെയില്‍സ്വപ്നങ്ങള്‍ക്ക്
തിരമാലകളുടെ 
പശ്ചാത്തലസംഗീതം.

അരുണകിരണങ്ങള്‍ 
മിന്നിത്തെളിഞ്ഞപ്പോള്‍..
അലിഞ്ഞുചേര്‍ന്ന 
കിനാവിന്റെ തലോടലില്‍.. 
അടര്‍ന്നുപോകാന്‍ 
മടികാട്ടിയാലസ്യം...
ആര്‍ദ്രമായ മിഴികളെപ്പുണരുന്നു.

മാടി വിളിക്കുന്നിതാ
മരണത്തിൻ കൈകൾ
വേദനകളിനി വേണ്ടെന്നു ചൊല്ലി
ദേഹ൦ തളരുമീ നേരത്തുപോലും ;
ദൂരെനിന്നൊരട്ടഹാസം....!

ചുട്ടുപൊള്ളുന്നീ ഭൂമി,
എത്രനാൾ കാത്തിരിക്കണമൊരു
മഴപ്പെയ്ത്തിന്നാർദ്രത മുകരുവാൻ...

ഇരുളില്‍ ആകാശം 
പൂത്തുവിരിഞ്ഞപ്പോള്‍ 
പൊഴിയുന്നെന്‍ കദനങ്ങള്‍ 
നക്ഷത്രക്കുഞ്ഞുങ്ങളായി...!

പുറത്തേക്കൊഴുകാതെ
ഉള്ളിലൂടെ ഒഴുകുന്ന 
ആരു൦ കാണാത്ത
കണ്ണുനീർ ചാലുണ്ട്
കരളിൽ നിന്നൊഴുകി കണ്ണിൽ
എത്തുമ്പോഴേയ്ക്കും
വരണ്ടുണങ്ങി
ചുണ്ടിൽ പുഞ്ചിരിയായി
വേഷപ്പകർച്ചയോടെ 
പ്രത്യക്ഷപ്പെടുന്നവ....

ഒരിക്കലും വറ്റാത്ത
സ്നേഹനദിയിലൂടെ
കാരുണ്യത്തോണി തുഴഞ്ഞ്
കടലോളം ഒരു യാത്ര......!

വ്യര്‍ത്ഥമാകില്ലൊരുനാളും 
നാം ചെയ്ത സത്ക്കര്‍മ്മങ്ങള്‍ 
നഷ്ടമെന്നോര്‍ത്തു വിലപിക്കല്ലേ..
ശിഷ്ടകാലം തേടിയെത്തും വിധി 
കഷ്ടതകളാല്‍ നമ്മെ വലച്ചീടിലും
നിശ്ചലമായീ ദേഹം ദഹിച്ചാലും
ഉച്ചത്തില്‍ ഉയര്‍ന്നീടും
സത്കര്‍മ്മഫലങ്ങളെന്നും...

മൗനത്തെ പ്രണയിച്ച
വാക്കു പൂത്തപ്പോള്‍...
കറുത്തപ്രതലത്തിലെ
വെളുത്ത കുത്തുകള്‍ മാത്രം!

നീയെഴുതിയ വരികൾക്ക്
പകർത്താനായില്ലെൻമുഖം
നിന്‍ കരവിരുതിൽ
തെളിഞ്ഞില്ലയെന്‍ രൂപം
മധുരമായി നീ പാടും ഗീതികളിലിന്ന്
ഇടറുമൊരു രാഗം ഞാൻ.

എഴുതിത്തീരാത്ത വരികൾ-
ക്കിടയിൽ ഒളിഞ്ഞിരിപ്പൂ 
നീയാം സുരഭില കാവ്യം.

സ്നേഹംകൊണ്ടൊരു 
കൊട്ടാരം പണിയണം,
അതിന്റെ മട്ടുപ്പാവിലിരുന്ന്
സ്വപ്നങ്ങള്‍ നെയ്യുമ്പോൾ
ആയിരം നക്ഷത്രങ്ങൾ
ഇറങ്ങിവന്ന് നമുക്ക് ചുറ്റും
നൃത്തച്ചുവടുകൾ വെയ്ക്കും...

കാട്ടറിവുകളെ ഗർഭം ധരിച്ച
നാട്ടറിവുകളാണ് മനുഷ്യന്റെ 
നിലനില്പിന്റെ ആധാരശില.

മറവികൾ കവരുന്നതിൻമുൻപേ,
ഓർമ്മകളെ ആവോളം മുകരുക;
പ്രണയത്തിന്റെ ശാഖികളിൽ 
കൂടുകൂട്ടിയസ്വപ്നങ്ങൾക്ക് 
നിലാവിനെ കാവൽ നിർത്തുക.

എന്തെന്നറിയാത്തൊരു 
പ്രണയമാണിന്നു ഇരുട്ടിനോട്..
കട്ടിക്കരിമ്പടം പോലെ
ആസകലം മൂടുന്ന ഇരുട്ടിനെ...!

ചുട്ടുപഴുത്ത താഴ്വാരം
മാമ്പൂമണം കാറ്റിൽ,
ഈ ഉൾച്ചൂടിൻ വിങ്ങലിലും
കൊതിപ്പൂ മനം:
'ആ പരിമളം നീ
ആയിരുന്നെങ്കിൽ......'

പ്രകൃതിയുടെ
ഓരോ ചലനവും
ഒരു പുളകത്തിന്റെ
ചാഞ്ചാട്ടമാണ്;
കണ്ണും കാതും 
തുറന്നു വെച്ചവർക്ക്.







Saturday, May 6, 2017

ഹൈക്കു ശ്രമം

മിഴിക്കോണില്‍ 
തെളിയുന്ന വര്‍ണ്ണപ്രപഞ്ചം.
പ്രണയസ്വപ്നങ്ങള്‍


കാരുണ്യം തേടി
വിരുന്നുപോയ കാറ്റ്.
കാടിന്‍ സുഗന്ധം


ഏകാന്തതയുടെ
നിറച്ചാർത്തുകൾ.
സ്വപ്നമഴ


വെണ്മയേറിയ 
പുഞ്ചിരിപ്പൂവുകൾ .
പ്രണയസുഗന്ധ൦


ചോദ്യങ്ങളേറെ ,
നിദ്രാവിഹീനരാത്രി
സഞ്ചാരികൾ


ചക്രവാളം നോക്കി , 
 കേഴുന്ന മിഴിപ്പക്ഷി . 

അസ്തമയസൂര്യന്‍

കൊക്കുരുമ്മി 
ഇണക്കിളികൾ .
രാഗത്തിനീണ൦


കണ്ണാടിപ്പുഴയിൽ 
മുഖം മിനുക്കുന്നു 
ചാന്ദ്രനിലാവ്.


നീയെഴുതിയ
ഒറ്റവരിക്കവിത ഞാന്‍.
പൂ വിരിയുന്നു


ആടിയുലഞ്ഞാലും
സുഖകരമീ യാത്ര. 
ജീവിതത്തോണി


നോവുപാടത്ത്
പൂത്തു നില്‍ക്കുന്നു 
നീര്‍മിഴികള്‍


നിലാമഴയില്‍
നടനമാടുന്ന മനം.
പ്രണയത്തിര


മോഹപ്പൂമരം
തളിർത്തു പൂത്തു;
പുതുമഴപ്പുണരൽ.


കണ്ണുനീര്‍.
ഹൃദയച്ചെപ്പിലെ
നീര്‍മണികള്‍


രാമഴക്കാഴ്ച 
ഇലയില്ലാ മരത്തില്‍
നൂലില്ലാ പട്ടം


ചെറുമിപ്പെണ്ണ്‍
പുലരിയുടെ നോവ്‌
കട്ടന്‍ചായ.

കാക്കക്കുളി 
ചാറ്റല്‍മഴയില്‍.
ചോരുന്ന പുര 

ഇലയനക്കം.
തൊട്ടാവാടിയില്‍
ചെറു ശലഭം


കനലെരിയും ചിന്തയിലേക്കൊരു, സ്വപ്നരാഗം.

മുളംകാട്ടില്‍
അമൃതവര്‍ഷിണി..
ധ്യാനനിമഗ്നം

ടാകത്തില്‍,
മുഖം മിനുക്കുന്നു ..
ചാന്ദ്രനീലിമ

മഴത്തുള്ളിക്കും , മണ്ണാഴമറിയണം മഴമുഴക്കി !

ചെന്തുടിപ്പുമായി ആകാശക്കവിളുകൾ പുലരി പൂത്തു. കിനാത്തീരത്ത് നറുമഴപ്പെയ്ത്ത് നിൻ സാന്നിദ്ധ്യം. കനലെരിയും മനസ്സിന്നാഴങ്ങൾ ഏകാന്തരാവ്.

പ്രവാസിയല്ല ,
എല്ലാം പ്രയാസിയാണ്
ശുഷ്കഭാവി !!


ഉള്ളിലുണ്ടെറെ , വാക്കില്ലാമൊഴികൾ.. ലവ്ബേർഡ് !!


ഹൃദയതീരം വാക്കില്ലാമൊഴിതൻ പ്രണയപക്ഷി




പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...