Saturday, June 18, 2022

വെയിൽവഴിയിലൊരു സഞ്ചാരി

 വെയിൽവഴിയിലൊരു സഞ്ചാരി.

---------


വെന്ത വിരലുകൊണ്ടെഴുതുന്ന വരികളിൽ

പൊള്ളും മനസ്സിന്റെ വിളറിയ ചിന്തകൾ 

ചുടുനിണമൊഴുകുമെന്നോർമ്മകളിലിന്നും

മറുമൊഴിയാലേ വിതുമ്പുന്നു ചുണ്ടുകൾ.


ഏകാന്തവീഥിയിൽ പൊഴിയുന്നിതാ, ചിരം

ഏറെയുണങ്ങിയ പത്രങ്ങളിപ്പൊഴും.

മിഴികളിൽ വേനലിൻചൂടൊന്നുമാത്രമായ്

ഇരുളുന്ന പാതകൾ ദുരിതമായ്ത്തീരുന്നു.


പാതയിലാരോ വിതറിയ കനലുകൾ

പാദങ്ങൾ തിന്നു വിശപ്പടക്കീടവേ

മുന്നോട്ടു പോകുവാനാവാതെ ദേഹിയും,

ഇലകളില്ലാമരം പുൽകിയിരിക്കുന്നു.


നാളെയെൻ സൂര്യനിവിടെയുദിയ്ക്കുകിൽ 

ഈ മരച്ചില്ലകൾ തളിരണിഞ്ഞീടുമോ?

തെന്നലേറ്റൊന്നുറങ്ങീടുവാനാകുമോ

പുലരൊളിക്കാഴ്ച്ചകൾ കാണുവാനാകുമോ?



Saturday, June 11, 2022

ചേച്ചിയമ്മ


രണ്ടിളം പൈതൽ വരുന്നതുണ്ടേ,

കാണുവാനെന്തൊരു ചന്തമെന്നോ!

കുളി കഴിഞ്ഞീറനുടുത്തു, തമ്മി-

ലോരോ കഥകൾ പറകയാവാം.


തട്ടിത്തടഞ്ഞു വീഴാതിരിക്കാൻ

കുഞ്ഞനുജന്റെ കരം പിടിച്ചും

അമ്മയെപ്പോലെ കരുതിയും നീങ്ങുമ-

ച്ചിത്ര,മാബാല്യസ്മൃതിയിലായ് ഞാൻ!


വേഗം നടക്കെന്റെ കുഞ്ഞുവാവേ...

എന്തു തിടുക്കമച്ചേച്ചിയ്ക്കെന്നോ!

കുഞ്ഞുപാദങ്ങൾ വലിച്ചുവെയ്ക്കേ

പുഞ്ചിരി തൂകുന്നു കുഞ്ഞനുജൻ!

Saturday, May 28, 2022

ഗാനം


പാടാം ഞാനൊരു മധുരഗീതം 

കണ്ണാ, നിനക്കായി മാത്രം 

ആടാം ഞാനൊരു ലാസ്യനൃത്തം

നീയെന്റെ കൂടെ വന്നാലും!

                              (പാട്ടട്ടെ )


ഞാനൊരു മുരളികയാകാം, നിന്റെ

ചുണ്ടത്തു ചേർന്നിരുന്നീടാം

നീയെന്റെ ഹൃദയത്തിൽ, പ്രണയം 

വിരിയുന്ന കവിതയായൊഴുകൂ.. 

                               (പാടട്ടെ)


കെട്ടാം ഞാനൊരു തുളസിമാല്യം 

നിൻ മാറിൽ ഞാനിന്നു ചാർത്താം

മനസ്സിൽ വൃന്ദാവനം തീർക്കാം

രാധയായ് ഞാൻ കാത്തിരിപ്പൂ.. 

                             (പാടട്ടെ)

Thursday, May 26, 2022

ചേർന്നിരിക്കുമ്പോൾ


നിന്റെ ചാരത്തു ചേർന്നിരുന്നീടവേ

ഉള്ളകം പെയ്തിറങ്ങുന്നുവല്ലോ!

സ്വരമലരുകൾ തഴുകവേ വർഷമായ്

മുന്നിൽ ഞാനിന്നു പെയ്യുന്നുവല്ലോ!


ഹാ, പകൽപ്പക്ഷി തേങ്ങവേ, യെൻമിഴി-

പ്പൊയ്കയേറ്റം കവിഞ്ഞൊഴുകീടവേ

അങ്ങകലേയ്ക്കു നീളും മിഴികളി-

ന്നാരെയോ കാത്തുകാത്തിരിക്കുന്നുവോ?


അന്നെഴുതിയ മാമകകാവ്യങ്ങ-

ളീണമിട്ടു നീ പാടാൻ തുടങ്ങവേ

ഏകയാമെന്റെ സങ്കടപ്പക്ഷിവ-

ന്നൊട്ടുനേരം സഹർഷം ചിരിച്ചുവോ!


നഷ്ടബോധങ്ങളൊന്നുമില്ലാതെയീ-

ശിഷ്ടകാലം നമ്മുക്കുല്ലസിക്കാം.

സ്വപ്നമൊക്കെയും വാസന്തമായ് മുന്നി-

ലാടിടുംവരെ ചേർന്നുല്ലസിക്കാം!








Sunday, May 15, 2022

ജീവിതപ്പാലം


ജനിമരണങ്ങൾക്കിടയിലിക്കെട്ടിയ-

പാലമിതെത്രമേൽ വിസ്മയം! മെല്ലവേ

പാതിയും താണ്ടി ഞാനപ്പുറമിപ്പുറം

നോക്കവേ കാണുവതെന്തത്ഭുതം!


കണ്ണീരിലാകെ കുതിർന്നൊരാ ഗതകാല-

മോർക്കവേ പൊട്ടിച്ചിരിച്ചുപോം നാം,

പൊട്ടിച്ചിരിച്ചൊരക്കാലത്തെയോർത്തിന്നു-

മറിയാതെ കണ്ണീരൊഴുക്കിയേക്കാം.


ആരെന്നറിവീല കെട്ടിയതിപ്പാലം,

യാത്ര ചെയ്യുമ്പോൾ കരുതീടണം.

താഴെയഗാധമാം ഗർത്തമാണതിലാപ-

തിയ്ക്കാതെയക്കരെയെത്തിടേണം!









Tuesday, May 10, 2022

ദേശാടനപ്പക്ഷികൾ


ഭൂമിതന്നവകാശികൾ ഞങ്ങളെന്നോതി

പാറുന്നു ദേശാടനപ്പക്ഷികൾ!

ദിശയറിയില്ലവർക്കെങ്കിലുമെത്തുന്നി-

ടത്തൊന്നുചേരുന്നു സന്തുഷ്ടരായ്!

ഋതുഭേദമെത്ര വന്നീടിലും ചേക്കേറു-

മിടമവർക്കെപ്പൊഴും വാസസ്ഥാനം!

ആർത്തിയില്ലാത്തൊരക്കൂട്ടമീയൂഴിയി-

ലോർക്കുകിൽ മാതൃകതന്നെയെന്നും.

എത്ര കിട്ടീടിലും തൃപ്തിയില്ലാതെ നാം

പിന്നെയുമത്യാർത്തി പൂണ്ടിടുന്നു.

കൊണ്ടുപോകില്ലന്ത്യയാത്രയിലെങ്കിലു-

മന്യന്റെ മുതലൊന്നിലാശയെന്നും.

ദേശങ്ങൾ, കടലുകൾ താണ്ടിവന്നിട്ടുമി-

ങ്ങെന്തൊരൈക്യമവർക്കെന്തു സ്നേഹം!

കണ്ണിനു മിഴിവേകുമാക്കാഴ്ച കാണവേ,-

യുള്ളമിതാർക്കും കുളിരണിയും!

ഓർക്കുകിൽ മോഹങ്ങളേറ്റിയലഞ്ഞിടും

ദേശാടാനപ്പക്ഷി നമ്മളെല്ലാം!

Sunday, May 8, 2022

അമ്മ


നന്മകൾ പൂക്കുന്ന നിന്മൊഴിയ്ക്കിപ്പൊഴു-

മെന്തു സുഗന്ധമാണെന്നിലമ്മേ..

സങ്കടമാഴിത്തിരകൾ പോൽ പുല്കവേ

തിങ്കളായ് തെളിയുന്നു നിന്റെ വക്ത്രം!


പാതകളിലെങ്ങും ചതിക്കുഴികളെങ്കിലു-

മൊന്നിലും വീഴാതിരിയ്ക്കുവാനായ്

എന്നിലുണ്ടെപ്പൊഴും നീയെനിയ്ക്കേകിയ

പാഠങ്ങളെല്ലാം നറുമലരായ് !


ഇല്ല, മരിക്കുവോളം മറന്നീടുവാ-

നാവുമോ നിന്റെ വാത്സല്യദുഗ്ദ്ധം!

വാടില്ലൊരിക്കലുമെന്നിൽ നീ വിരിയിച്ച

സ്നേഹസൗഗന്ധികപ്പൂക്കളൊന്നും!


പൈതലായ് നിൻ മടിത്തട്ടിലുറങ്ങുവാ-

നമ്മേ, യെനിയ്ക്കിന്നു മോഹമേറ്റം.

അമ്മിഞ്ഞപ്പാലിൻ മധുരം നുണഞ്ഞൊരു

പൈതലായ് തീർന്നെങ്കിലെന്നുമെന്നും!

Wednesday, April 20, 2022

പട്ടം പോലെ

 


വിണ്ണിൽ പറക്കുന്ന പട്ടം

ദൂരത്തു കണ്ടു നിൽക്കവേ

വിടർന്നു നിൽക്കുന്നു വീണ്ടും

ബാല്യത്തിന്റെ കുതൂഹലം.


ആത്മവിശ്വാസച്ചരടിൽ

കോർത്തിണക്കുന്ന ജീവിതം

സ്വതന്ത്രമായ് പറന്നീടാം

പട്ടംപോലെ മനോഹരം!


സായംസന്ധ്യയിലെന്നാലു-

മെത്ര വശ്യമിതുത്സുകം.

നാരു പൊട്ടാതെയെന്നെന്നും

ജീവിതം കാത്തുകൊണ്ടിടാം!









Thursday, April 14, 2022

ഇത്രമാത്രം

പതിവിലുംനേരത്തേ കൊന്ന പൂത്തു 

പതിവുപോലാരും വരാനുമില്ല.

എന്തിനോ നീളും മിഴികളിൽ, നിറവിന്റെ

വർണ്ണങ്ങളേറും പ്രതീക്ഷകളായ്!


മഞ്ഞപുതച്ചൊരീയൂഴിതൻ മാറത്ത്

തുള്ളിക്കളിക്കുമണ്ണാറക്കണ്ണൻ,

മാമ്പഴമുണ്ണുവാനേറ്റം കൊതിയോടെ

കലപിലകൂട്ടുന്ന കുഞ്ഞിക്കുരുവികൾ!


തിക്കില്ല, തെല്ലും തിരക്കുമില്ല 

പൊടിപടലങ്ങളോ തീരെയില്ല.. 

ഒച്ചയനക്കങ്ങളൊട്ടുമില്ല, വിഷു- 

പ്പക്ഷി മൂളുന്നു വിഷാദരാഗം. 


കണിയും കുളിരുന്ന കാഴ്ചകളും 

കാണുവാനാരുമില്ലെന്നാകിലും

ഉള്ളിലെന്താനന്ദനിർവൃതിയാ-

ണമ്പാടിക്കണ്ണാ, നീയാടീടുമ്പോൾ!


ദുരിതപ്രളയത്തിലൂഴിയൊന്നാ-

യനുദിനം മുങ്ങവേയെന്റെ കണ്ണാ,

നിറവായുണർന്നാലുമോരോമനസ്സിലും

പ്രാർത്ഥിക്കുവാനെനിക്കിത്രമാത്രം!

മേടക്കിനാവുകൾ


ഉമ്മറക്കോലായിലൊറ്റയ്ക്കിരിക്കുമ്പോൾ 

പണ്ടത്തെപ്പാട്ടുമായ് തെന്നലെത്തി


മുറ്റത്തെ മാവിൻ്റെ തുഞ്ചത്തിരുന്നൊരു

പൂങ്കുയിൽ മൂളിയ രാഗമെത്തി


എങ്ങോ മറഞ്ഞൊരു നല്ല കാലത്തിന്റെ

ഓർമ്മയിൽപ്പാടും കിളിമകളും,


വാടിത്തളർന്നോരാകർണ്ണികാരങ്ങളെ

വാരിപ്പുണരുവാൻ നീലരാവും!


താരകസൂനങ്ങൾ മിന്നിത്തിളങ്ങുന്നു,

താരകരാജനെഴുന്നള്ളുന്നു.


മേടമൊരുങ്ങുന്നു കണ്ണനെ കാണുവാൻ

കൊന്നതൻപുഞ്ചിരിപ്പൂക്കളോടെ.


ഉണ്ണികളോടിക്കളിക്കും തൊടികളിൽ 

ഓർമ്മകൾ വാടാതെ പൂത്തുനിൽപ്പൂ,


മുറ്റത്തെ മൂവാണ്ടൻമാവിൻ ചുവട്ടിലായ് 

വാചാലമാകുമെൻ മൗനങ്ങളും.


ബാല്യം നുണയുമിളനീർമധുരമായ്

കൗമാരം പൊട്ടിച്ചിരിച്ച കാലം


യൗവനം താണ്ടിയതിർവരമ്പൊക്കെയു-

മാടിയുലയുന്ന വാർദ്ധക്യവും 


നീളും മിഴികളിൽ നീർമുത്തുതുള്ളികൾ

മെല്ലെക്കപോലങ്ങളോമനിപ്പൂ


നന്മകൾ മാത്രം നിറഞ്ഞൊരാപാത്രത്തിൽ 

നോവുകളെന്നും വിഷുക്കണികൾ!

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...