Wednesday, August 13, 2014

അറിയാതെ വന്ന കാമുകന്‍

പേമാരിയോട് കൊടുങ്കാറ്റിനുള്ള
പ്രണയം പോലെയാണ്
അവന്റെ പ്രണയം..
സമ്മതം വാങ്ങാന്‍
കാത്തിരിക്കാതെ 
അവന്‍ എന്നെ പ്രണയിച്ചു.

സിരകളിലൂടെ 
പ്രണയത്തിന്റെ രക്തം
മെല്ലെ കുത്തി നിറച്ചു.
പുലര്‍കാല സ്വപ്നങ്ങളില്‍
ഞാനറിയാതെ എന്നിലേക്ക്
വിരുന്നിനെത്തി.

മെല്ലെ മെല്ലെ
ആ പ്രണയം സിരകളിലൂടെ 
ഒഴുകിയിറങ്ങി.

മൃദു ചുംബനങ്ങള്‍,
ദ്രിഡാലിംഗനമായപ്പോള്‍
ഭയത്തിന്റെ മുള്‍ച്ചെടികള്‍
എനിക്ക് ചുറ്റും വേലി കെട്ടി .

അവന്റെ സമീപനം 
ഭീകരമായപ്പോള്‍ 
കണ്ണീരും പ്രാര്‍ഥനയുമായ്‌  
ദൈവത്തിന് കാണിക്ക..

രക്ഷപെടണമെന്ന മോഹത്തില്‍
കീമോ പെണ്ണിന്റെ
അരികിലേക്കോടിയെങ്കിലും
സാന്ത്വന തലോടലില്‍
സമൃദ്ധമാം കാര്‍കൂന്തല്‍
വെറും ഓര്‍മ്മയായി .

തലയില്‍ തട്ടമിട്ടു
പുറത്തിറങ്ങിയപ്പോള്‍
ശോഷിച്ച ഉടലിനെ,
കൊത്തിവലിക്കുന്ന
സഹതാപ കണ്ണുകള്‍.

നിറവും മണവുമില്ലാത്ത
പൂക്കളാല്‍ കൊരുത്തൊരു 
മരണമാല്യം കൊണ്ട് 
വരുന്നുണ്ട് കാമുകന്‍
മടക്കയാത്രക്കിനി
നാളേറെയില്ലെന്നു
പതിയെ മൊഴിഞ്ഞു കൊണ്ട് ...




1 comment:

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...