Wednesday, February 26, 2014

ശുദ്ധികലശം

ഘോരമാം തമസ്സിനെ
വകഞ്ഞുമാറ്റി വരുന്ന 
ചന്ദ്രനിലാവ് പോലെ ,
വിടര്ന്നുവരുന്ന പൂവിന്റെ 
സുഗന്ധം പോലെ,
മുളംതണ്ടിലൂടെ ഒഴുകുന്ന 
കളഗീതം പോലെ ,
പുല്‍ക്കൊടിയെ പുല്‍കുന്ന 
മഞ്ഞുതുള്ളി പോലെ ,
മണല്‍ത്തരികളെ തഴുകുന്ന 
തിരമാല പോലെ ,
ജീവിതത്തില്‍  നിറയട്ടെ  
നന്മയും മൂല്യവും..
സത്യവും ധര്‍മ്മവും 
കൂട്ടായ് നില്‍ക്കുമ്പോള്‍ ,
മര്‍ത്യനില്‍ ഉണരും
സ്നേഹത്തിന്‍ പൊന്‍ നാളം.





Friday, February 21, 2014

നിറമുള്ള സ്വപ്നം

തെളിയുന്ന മാനം 
വിടരുന്നു മോഹം 
പാറി നടക്കുന്ന 
പൂത്തുമ്പിപോല്‍ ..
     തളരാതിരിക്കുവാന്‍
     തണലായ്‌ നില്‍ക്കുവാന്‍ 
     ഈറന്‍സന്ധ്യയും 
     ചാരത്തു നിന്നു..
ശാന്തമാം രാത്രിയില്‍ 
നിലാവ് പരത്തുന്ന
അമ്പിളി മാമനെ
നോക്കി ഞാനിരുന്നു...
     സുഖനിദ്ര നേര്‍ന്നു 
     നക്ഷത്ര കൂട്ടങ്ങള്‍ 
     നിറമുള്ള സ്വപ്നം
     കണ്ടു ഞാന്‍ മയങ്ങി
     
     

Thursday, February 13, 2014

നാഥാ..നിനക്കായ്

നാഥാ...നിന്‍ പാട്ടുകള്‍ ,
ഉണര്‍ത്തുന്നു എന്നുള്ളില്‍
പ്രണയത്തിന്‍ പൂമ്പൊടി 
വിതറിയ നാളുകള്‍ ....
      അകലെയാണെങ്കിലും 
      പ്രിയനേ ...നീയെന്റെ 
      അരികിലുണ്ടെന്നു
      നിനയ്ക്കുന്നു ഞാന്‍.
മനതാരില്‍ വിരിയുന്ന 
ചെമ്പനീര്‍ പൂവിലെ 
മധു നുകരാന്‍ വന്ന 
ശലഭമാണല്ലോ നീ ...
     എന്‍ കണ്ണില്‍ നിന്നടരുന്ന 
     മിഴിനീര്‍ പൂക്കളോപ്പാന്‍
     നിന്‍ കരങ്ങളല്ലാതെ ,
     മറ്റൊന്നില്ലല്ലോ !!
മൂവന്തിയില്‍ തെളിയുന്ന 
വിളക്കിന്‍ നാളം പോലെ ,
കാണുന്നു നിന്‍ മിഴിയില്‍ 
എന്നോടുള്ള പ്രണയം . 
     ഒരു ദിനമല്ല , ഈ 
     ജന്മം മുഴുവന്‍ 
     മരിക്കാതെ നില്‍ക്കും 
     എന്‍ "പ്രണയം" 

Wednesday, February 12, 2014

നന്മയുടെ വഴിത്താര

ഉള്ളില്‍ നിന്നും ഉതിരുന്ന വാക്കുകള്‍ 
പൂജാപുഷ്പം പോല്‍ പരിശുദ്ധമാകണം.
സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പഠിക്കണം
ദുഷ്ടചിന്തകള്‍ പാടെ മറക്കണം.
മനസ്സില്‍ കിടന്ന് എരിയുന്ന
അസൂയക്കനലുകളെ,
നന്മതന്‍ തീര്‍ത്ഥകുളത്തില്‍ കഴുകി, 
നിര്‍മ്മലമാക്കാന്‍ കഴിയണം.
കൂടെകൊണ്ട് നടക്കുന്ന പകയെ
കര്‍പ്പൂര നാളത്തില്‍ എരിച്ചു കളയണം.
നല്ല ചിന്തകള്‍, നല്ല വാക്കുകള്‍, 
നന്മയുടെ വഴിത്താരയില്‍ 
കൂടി നടക്കണം.
മനശുദ്ധി വരുത്തീടുമ്പോള്‍, നമ്മുടെ
പരിശ്രമങ്ങള്‍ സഫലമായീടും. 
ഈശ്വരചിന്ത ഹൃത്തില്‍ വളരുമ്പോള്‍
മിഴികളില്‍ തിളങ്ങും
കനിവിന്റെ നാളങ്ങള്‍..


  




Thursday, February 6, 2014

ഇരകള്‍

കൂട്ടിലിട്ടു ബന്ധിച്ച കിളിയുടെ 
തൂവലുകള്‍ അരിഞ്ഞെടുത്ത്,
നാല്‍ക്കവലയില്‍ തോരണം കെട്ടി
ആഘോഷിക്കുന്നു ഭ്രാന്തന്മാര്‍..
വേദന കൊണ്ട് പുളയുന്ന കിളിയുടെ
രോദനം കേട്ടു അട്ടഹസിച്ചവര്‍-
തൂവല്‍ കൊഴിഞ്ഞോരാ പൈങ്കിളിയെ
കണ്ണുകള്‍ കൊണ്ട്,  ഭോഗം നടത്തുന്നു 
മാംസക്കൊതിയന്മാര്‍...
അപമാനം കൊണ്ട് തലയിട്ടടിച്ചു
ചാകുന്ന കിളിയുടെ ചുടുരക്തത്തില്‍
ദാഹശമനം നടത്തീടുവാന്‍,
കൈക്കോര്‍ത്ത് നില്‍ക്കുന്നു 
ദുഷ്ട മൃഗങ്ങള്‍....
ഇരുമ്പുവലയിട്ട  കൂടുമായി
മറ്റൊരു കിളിയെ പാട്ടിലാക്കാന്‍ 
കൈകോര്‍ത്തു നടക്കുന്ന മനുഷ്യ-
മൃഗങ്ങളെ , അറിയാതെ പോകുന്നു,
പഞ്ച വര്‍ണ്ണ ക്കിളികള്‍... 






Sunday, February 2, 2014

ഓര്‍മ്മകളുടെ തെളിനീര്‍

പുലര്‍കാലത്തെ വരവേല്‍ക്കുന്ന
കുഞ്ഞിക്കിളികളുടെ കളകളാരവം,
മന്ദമാരുതന്റെ തലോടലില്‍
പുളകം കൊള്ളുന്ന ആലിലകള്‍,
ആദിത്യകിരണമേറ്റപ്പോള്‍
ലജ്ജാവതിയായി സൂര്യകാന്തി.
മണല്‍തരികളെപ്പോലും
സുഗന്ധ പൂരിതമാക്കുന്ന,
മുല്ലപ്പൂക്കളുടെ മനം-
മയക്കുന്ന സൌരഭ്യം..
കനലെരിയുന്ന മനസ്സിനെ
ഓര്‍മ്മകളുടെ തെളിനീരില്‍
ശുദ്ധികലശം നടത്തിയപ്പോള്‍,
പുതുമഴയില്‍ നനയുന്ന സുഖം....
ഏതോ മരക്കൊമ്പില്‍ നിന്നുയരുന്ന
കുയില്‍നാദത്തിന്റെ മാസ്മരികതയില്‍
തുടികൊട്ടിയുണരുന്ന സ്നേഹം...
സങ്കല്പ പൂങ്കാവനത്തില്‍ വിരിഞ്ഞ
പനിനീര്‍പ്പൂവിന്റെ ഇതളുകളിലെ
മഞ്ഞുകണം പോലെ പുഞ്ചിരി
തൂകി നില്‍ക്കുന്നു എന്‍ പ്രേയസി...




Wednesday, January 29, 2014

ഹൈക്കു കവിതകള്‍


ചേമ്പിലയില്‍ വീണ 
മഴത്തുള്ളികള്‍ പോലെ 
ഇന്നത്തെ സൗഹൃദം



ഭീരുക്കളുടെ ആവനാഴിയിലെ 

അവസാനത്തെ അമ്പ്
അപവാദം

പച്ച കുപ്പായമിട്ട് 

പ്രകൃതി 
കുളിരുന്ന മനസ്സ്

ആഴമറിയാതെ 

പുഴയിലിറങ്ങി 
മണല്‍കുഴിയില്‍ വീണു

പുറമേ  ചിരിക്കുന്നു 

അകമേ ഇറുമ്മുന്നു 
കരളില്‍ കുത്തുന്നു

കാറും കോളും 
കാറ്റിലുലയുന്നു 
മുക്കുവതോണി 

Thursday, January 23, 2014

കല്ലറയുടെ അവകാശി

ചതിയുടെ അഗാധഗര്‍ത്തത്തില്‍ നിന്നും 
ദുരന്തങ്ങളുടെ വിഷക്കാറ്റ് വീശി 
സ്വപ്നചിറകുമായ് പറന്നു വന്ന 
പകല്‍ പ്പക്ഷി ....
തെറ്റിദ്ധാരണയുടെ മാറാല പിടിച്ച 
മനസ്സുമായ് ,
നീ പറക്കുന്നതെങ്ങോട്ട്??
മരണം വന്നണയും മുന്‍പേ 
നീ എനിക്ക് കല്ലറ തീര്‍ത്തു .
അതിനുചുറ്റും ശവംതീനി
ചെടികള്‍ നട്ടു.
അവയിലെ പൂക്കള്‍ക്ക്
നീ കാണുന്ന നിറമെന്താണ്??
മരിക്കാത്ത എന്നെ, കൊല്ലാതെ കൊന്ന്,
നാല് ചുമരുകള്‍ക്കുള്ളില്‍ അടച്ചപ്പോള്‍ 
എനിക്കുവേണ്ടി രചിച്ച 
ചരമഗീതത്തിന്‍റെ ഈണമെന്താണ്??
ക്ലേശഭൂയിഷ്ഠമായ ജീവിതത്തില്‍ 
ചതിയുടെ വര്‍ണപ്പട്ടം പറത്തുന്ന നീ
തിരനോട്ടം നടത്തിയാല്‍ ,നിനക്ക് 
നഷ്ടപ്പെട്ടത്, നിന്റെ മനസ്സാക്ഷിയല്ലേ??
ആ കല്ലറയുടെ അവകാശിയും
നീ തന്നെ യല്ലേ ??
അര്‍പ്പിക്കാം.. നിനക്കായ്,
നന്മയുടെ ഒരുപിടി പൂക്കള്‍ ..
ആലപിക്കാം  നിനക്കായ് ,
സ്നേഹഗീതത്തിന്റെ ഈരടികള്‍ ..

Sunday, January 19, 2014

വിളിക്കാതെ എത്തുന്ന അതിഥി

കുറെ നാളായ് അവന്റെ നിഴല്‍  
എന്നെ വലം വയ്ക്കുന്ന പോലെ.. 
സായാഹ്ന്നത്തില്‍ ,
പുകച്ചുവച്ചിരിക്കുന്ന
കുന്തിരിക്കത്തിനും അവന്റെ ഗന്ധം.
കത്തിജ്വലിക്കുന്ന സ്മരണകളില്‍
ദുശ്ശകുനംപോലെയെത്തുന്നു അവന്‍ .
യമകിങ്കരന്മാരെ ഓര്‍മ്മിപ്പിക്കുന്ന 
രൗദ്ര പൈശാചിക ഭാവങ്ങള്‍ ,
രാത്രിയില്‍ ഉറക്കം കെടുത്തുന്ന 
കറുത്ത പക്ഷികള്‍, 
അവന്റെ വരവറിയിക്കും പോലെ 
ശ്വാനന്മ്മാരുടെ ഓരിയിടല്‍,
ശത്രുവെന്നോ മിത്രമെന്നോ 
ധനികനെന്നോ യാചകനെന്നോ 
വേര്‍തിരിവില്ലാതെ, ആളിപ്പടരാന്‍- 
വെമ്പുന്ന ചിതാഗ്ന്നിയായ്
നിത്യ നിദ്രയേകാന്‍  ..
വിളിക്കാതെയെത്തുന്നു
അതിഥിയവന്‍ ...





Friday, January 10, 2014

ജീവിത യാത്ര

സ്നേഹക്കടലിലെ തോണിക്കാരാ
കദനക്കടലില്‍ വീഴ്ത്തരുതേ..
പ്രിയതരമാമൊരു പാട്ടുപാടൂ
വിരഹഗാനമാകരുതേ...
.
നിന്‍ സ്വരമാധുരി ഇന്നെന്‍റെയുള്ളില്‍
തേന്മഴയായി പെയ്തീടുന്നു.
നിന്‍റെ അദൃശ്യാംഗുലികളെന്‍
ഹൃദയ വീണയില്‍ ശ്രുതിമീട്ടുന്നു..

പരിഭവ പിണക്കങ്ങള്‍ മറക്കാം
പരിപാവന ജീവിതം തുടരാം.
ക്ഷണികമീ ജീവിതയാത്രയിലെ
നീര്‍കുമിളകള്‍ മാത്രമല്ലേ നാം...

ഒരു നാളില്‍ നമ്മളെ തേടിയെത്തും
വിളിക്കാതെ എത്തുന്ന അതിഥിയവന്‍
പാഴാക്കാനിനി തെല്ലും നേരമില്ല,
പാഴ്വാക്കുകളിനി ചൊല്ലീടണ്ട.

ജീവിതത്തിന്‍റെ പൂമരചില്ലയില്‍
കളിചിരി കൊണ്ടൊരു കൂടുകൂട്ടാം
സ്നേഹത്തിന്‍റെ വസന്തമൊരുക്കി
ജീവിതയാത്ര സുഗമമാക്കാം...




കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...