Thursday, February 4, 2016

ചെറിയ വരികളിലെ ചിന്തകള്‍

അഴിയുന്ന സത്യങ്ങൾ
അടരുന്ന ബന്ധങ്ങള്‍. 
അകലേയ്ക്കു നീളും മിഴികൾ.


അര്‍ത്ഥമില്ലാത്ത ,
വാക്കായി മാറുന്നോ...
നഷ്ടമാകുന്ന മനുഷ്യത്വം!!


ഉരുക്കിയെടുത്ത ചിന്ത:
നോവിനു വിശറി;മനസ്സി-
നല്പം കുളുർമ്മ......


കത്തി ജ്വലിക്കുന്നു സൂര്യൻ 
തെല്ലു൦ വാടാതെ കള്ളിമുൾചെടികൾ . 
പൊടിമറയിൽ മങ്ങുന്ന കാഴ്ച കൾ !


കുളിര്‍ക്കാറ്റില്‍ ഇളകിയാടുന്നു 
മഞ്ഞില്‍ കുളിച്ച മഞ്ഞപ്പൂക്കള്‍ ..
നയന മനോഹരമീ ജാലകക്കാഴ്ച !!


നരച്ച  കണ്ണുകള്‍ 
മങ്ങിയ കാഴ്ചകള്‍ .
തിളങ്ങുമുള്‍ക്കണ്ണുകള്‍!

ഓര്‍മ്മയിലൊരു 
കടലാസുതോണി .
കാത്തിരിപ്പിന്നാഴങ്ങള്‍!!

നാട്ടുകവല
സൌഹൃദക്കൂട്ടം
പിണയുമോര്‍മ്മകള്‍!!

നിലച്ചുപോയി ഹൃദയ -
താളമെങ്കിലും,മുഴങ്ങുന്നു നിന്‍സ്വര 
രാഗമാധുര്യമിന്നും ,താളാല്മകം!

കദനച്ചില്ലയില്‍ കാത്തിരിക്കുന്നു
നിനക്കായെന്‍ മിഴിപ്പക്ഷികള്‍ .
കൊഴിയുന്നു കാലമാം പൂക്കള്‍.

നഷ്ടങ്ങളുടെ ഇടുങ്ങിയ
 പഴുതിലൂടെ ,എത്തിനോക്കുന്നു 
പ്രത്യാശയുടെ കിരണങ്ങള്‍!

ഹരിതമാനോഹരീ ..നിന്‍ 
കിലുങ്ങും പാദസരങ്ങളോ..
ഈ  വെള്ളച്ചാട്ടങ്ങള്‍!!

എന്റെ വരികള്‍ 

നിന്റെ കരങ്ങളില്‍ 
മഴവില്ല് കുലച്ചപോല്‍!

മനസ്സ് മരുഭൂപോലെയുരുകുമ്പോഴും,
മഞ്ഞുതുള്ളിയുടെ കുളിര്‍സ്പര്‍ശമേകുന്നു
നിന്നോര്‍മ്മയില്‍ വിരിഞ്ഞ ചെമ്പനീര്‍പ്പക്കള്‍!!



ഉദിച്ചുയരുന്ന ജ്യോതി നോക്കി
ശരണ൦ വിളിയുമായി കൂപ്പുകൈകൾ .
ഭക്തി സാന്ദ്രമായി ശബരിമല!!
അരിച്ചിറങ്ങുന്ന പ്രഭാത കിരണങ്ങള്‍
ഉമ്മറത്തിണ്ണയില്‍ അവശവാര്ധക്യം..
പുലര്‍ക്കാലവന്ദനം !

അതിരുകളില്ലാത്ത ആകാശം 
വിസ്മയക്കാഴ്ച്ച തേടും മനം.
ചിറകൊടിയുന്ന പ്രതീക്ഷകൾ.

' കൊഴിയുന്നു കുസുമങ്ങ'
ളെങ്കിലുമടരാതെ നില്പുണ്ട്,
മനസ്സിന്റെ വാടാത്ത ചില്ലയിൽ.

വലംവെയ്ക്കുന്ന ഓര്‍മ്മകളില്‍ 
തൊടുകുറിയുമായി ഇലച്ചാര്‍ത്ത്.
കാലം സാക്ഷിയായിന്നും അരയാല്‍ !

മണലാരണ്യത്തിലേക്കു പോയ 
മാരനെയോര്‍ത്ത് ഒഴുകുന്നു രണ്ടരുവികള്‍ .
സ്വപ്ന ജീവിതം , പ്രവാസ ജീവിതം !

നോവുപാടത്ത്പൂത്തുനിൽക്കുന്ന 
പലവർണ്ണപ്പൂക്കൾ ..
പാറിനടക്കുന്നു കരിവണ്ടുകൾ 

എരിഞ്ഞോടുങ്ങട്ടെ ,
നിങ്ങള്ക്ക് വെളിച്ചമാകാന്‍.
വെറുമൊരു മെഴുകുതിരി ഞാന്‍.

നിന്‍ വാചാലതയുടെ 
ഇതള്‍ വീണു നിറയു-
ന്നെന്‍ മൌനാങ്കണം!

ഓർമ്മയിലെ മഞ്ഞുതുള്ളികൾ
അകക്കണ്ണിൽ കുളുർമ്മയായ്,
പുൽക്കൊടിത്തുമ്പു തിരയുന്നു

നിശബ്ദ യാമങ്ങളില്‍ 
കലവും തേടിയിറങ്ങുന്നു...
ചില മിണ്ടാപ്പൂച്ചകള്‍ !!

സ്വപ്നമേടയിലിരുന്നു ചിറകിട്ടടിക്കുന്നു
തത്തിക്കളിക്കുന്ന കുഞ്ഞിളംകിളികൾ.
പൂത്തു നില്ക്കുന്ന വയലുകള്‍,

വിഷപ്പുക തുപ്പുന്ന ഹൃദയങ്ങൾ 
വിളക്കിച്ചേർത്തിട്ടു൦ പൊട്ടാറായ താലി !
ശ്വാസംമുട്ടി തേങ്ങുന്നു കുഞ്ഞുങ്ങള്‍.

പൊൻവിളക്കിൻ പ്രകാശത്തിൽ
മിന്നിത്തെളിയുന്നു നിൻമുഖം..
എരിഞ്ഞുതീർന്ന കരിന്തിരി

അക്ഷരപ്പടവുകളില്‍
ഇടറിവീഴുന്നു
പിച്ചവെയ്ക്കുന്ന തൂലിക

കരളിലെഴുമീണം 
പൂത്തുനില്പൂ വിണ്ണിൽ;
മായാത്ത ദുഃഖമായി ..

നിൻമിഴിയിലുടക്കുമ്പോൾ
എൻമിഴികളിൽ കത്തിപ്പടരുന്നു
പ്രണയപ്പൂത്തിരികൾ.



Tuesday, January 19, 2016

നന്മയുടെ ലോകം


ആരും കാണാതെ
ഉറക്കെയുറക്കെ കരയണം...
ആ കണ്ണുനീര്‍ കൂട്ടിവെച്ചു
ഉരുകാത്ത പാറയാവണം
അവിടെയിരുന്നു പൊട്ടിച്ചിരിക്കണം .

വിറങ്ങലിക്കണം
ഓരോ ദുഷ്ടാത്മാക്കളും ...
യക്ഷികളെയും
ചെകുത്താന്മാരെയും തുരത്തി
നിരാലംബര്‍ക്കു ആലംബമാവണം.

അവര്‍ക്ക് വേണ്ടി
ചിത്രശലഭങ്ങളും വര്‍ണ്ണപ്പൂക്കളും
നന്മയും സമാധാനവും നിറഞ്ഞ
പുതിയൊരു ലോകം പണിയണം

സന്മനസ്സുള്ളവര്‍ക്ക് വേണ്ടി മാത്രം..
'ദുഷ്ടര്‍ക്ക് പ്രവേശനമില്ലെ'ന്ന
ബോര്‍ഡും തൂക്കി,
സമാധാനമായി മേവണം.

Monday, January 4, 2016

പാഴ്മരം.



താലോലം പാടിയുറക്കിയ അമ്മയെ
കുത്തുവാക്കുകളാല്‍
പൊള്ളിക്കരുതേ, പൊന്‍മകനേ....

ജീവിക്കുവാൻ വേണം പണം ,
പക്ഷേ, രക്ത ബന്ധം പണത്തിനുമപ്പുറം.
പാഴ്മരം പോലെ നിനക്കു ഞാനെങ്കിലും
സ്നേഹത്താല്‍ തുടിക്കുന്നു അമ്മ മനം

വാര്‍ദ്ധക്യം തളര്‍ത്തിയ
ശരീരത്തിൽ വാക്കുകളാൽ കുത്തരുതേ.
നീറും മനസ്സിലും നേരുന്നു നിനക്കായ്
നേര്‍വഴിപാതയും നന്മകളും.

തായ്മരം വേരറ്റു വീണാലും
കാലം മറക്കട്ടെ ഈ കഥകളെന്നും.... ...

Thursday, December 31, 2015

പുതുവത്സരാശംസകള്‍

വാക്കും പ്രവര്‍ത്തിയും ശുദ്ധമാക്കി സ്വാഗതമോതാംനമുക്കീ പുതുവര്‍ഷത്തെ ... പാഴ്ച്ചെടികള്‍ പിഴുതെറിഞ്ഞ് നഷ്ട സ്വപനങ്ങളെ മറികടന്ന് ശുഭാപ്തിവിശ്വാസം ഉള്ളിലേറ്റി നന്മതന്‍ വിത്തുകള്‍ പാകി മുളപ്പിക്കാം. പകയും വിദ്വേഷവും അശ്ശേഷമില്ലാത്ത നിണമൊഴുകാത്തവീഥിയിലൂടെ സ്നേഹപ്പൂക്കള്‍ വാരി വിതറി ഒത്തൊരുമയോടെ കൈകള്‍ കോര്‍ത്ത്‌ ആനയിക്കാം നമ്മള്‍ക്കീ പുതു വര്‍ഷത്തെ.. വിത്തെറിഞ്ഞ് വിളവെടുത്തു പുഷ്പിണിയാക്കാം ഭൂമീദേവിയെ. നട്ടുവളര്‍ത്തിയ തണല്‍മരചോട്ടില്‍ ഒത്തുകളിക്കട്ടെ നമ്മുടെ പൈതങ്ങള്‍ നല്ലൊരു നാളയെ സ്വപ്നം കണ്ട്‌, വരവേല്‍ക്കാം നമ്മള്‍ക്കീ പുതു വര്‍ഷത്തെ .. സത്ക്കര്‍മ്മങ്ങള്‍ നാം ചെയ്തീടില്‍ ദുഷ്ടരാവില്ല നമ്മുടെ മക്കള്‍.. നേട്ടങ്ങള്‍ക്ക്‌ വേണ്ടി ശാപങ്ങളെല്‍ക്കുമ്പോള്‍ ഓര്‍ക്കുക വരും തലമുറയെങ്കിലും. കാല വൃക്ഷത്തിന്‍ ശിഖരങ്ങളില്‍ പൂത്തിടട്ടെ മധുര സ്വപ്‌നങ്ങള്‍... നേരുന്നു പ്രിയ തോഴരേ നിങ്ങള്‍ക്കായി പുതുവത്സരത്തില്‍ ആശംസകള്‍..

Tuesday, December 22, 2015

പൂക്കും മോഹങ്ങൾ..



                           

എനിക്കൊരു കുടിൽ പണിയണം,
ആരും തമ്മിലടിക്കാതെ 
അവസാനം സ്വസ്ഥമായൊന്നുറങ്ങാൻ..

 എനിക്കൊരു ഗീതം രചിക്കണം,
ഹരിനാമകീർത്തനമൊക്കെ
മറവിയുടെ മാറാലപിടിച്ചു പോയില്ലേ..

ഒരു മണവാട്ടിയുടെ വസ്ത്രങ്ങൾ തുന്നണം,
അഴകൊഴിഞ്ഞാലും ചമഞ്ഞുകിടക്കുവാൻ.
വായ്ക്കരിക്കുള്ള ഒരുപിടി  അരി മാറ്റിവക്കണം,
കുട്ടികൾ കഷ്ടപ്പെടാതിരിക്കാൻ.

എല്ലാം ഒരുക്കിയിട്ടുവേണം
 എല്ലാവരേയും വിളിക്കാൻ...
സമയകുറവിന്റെപേരിൽ 
ആരും ആർഭാഢം കുറക്കണ്ട.

അതെ ആറടി മണ്ണിലെ പൊൻകുടീരത്തിനുള്ള
ഒരുക്കിവക്കലുകളിലാണു ഞാൻ.
മൃത്യുവിന്റെ ദയാവായ്പിനായി

ഇരുട്ടിലേക്കു നോക്കി പ്രതീക്ഷയോടെ...

Thursday, December 10, 2015

പ്രണയാര്‍ദ്രം

പൊട്ടിമുളച്ച ചിന്തകളിൽ
‍മൊട്ടിട്ട വിരിയാത്ത സ്വപ്നങ്ങൾ.
നട്ടുവളർത്തിയ മോഹങ്ങൾ
പെറ്റുകൂട്ടുന്നു, നിന്നോർമ്മകള്‍
 
ചുറ്റിയടിക്കുന്ന കാറ്റിനു പിന്നാലെ
ചിറകിട്ടടിക്കുന്ന പറവപോൽ
അലയുന്നു മോഹങ്ങളാലേ..

കാഴ്ച്ചകൾ കണ്മുന്നിലേറെയുണ്ടെങ്കിലും
കാണുന്നതൊന്നേ,നിൻരൂപം.
മധുവൂറും വാക്കുകളായിരമെങ്കിലും
കേൾക്കാൻ കൊതിപ്പൂ നിൻസ്വരം മാത്രം.

നിദ്രാവിഹീനമാം രാവുകളിൽ
പ്രണയമോഹങ്ങൾ ഉള്ളിലൊതുക്കി
പൂത്തു നിൽക്കൊന്നൊരാ നിശാഗന്ധി .

പകലോന്റെ ചന്തം നുകരുവാനായ്
മിഴികൾ തുറക്കുന്ന പൂവാടികൾ
കാണാതെയറിയാതെ പോയതെന്തേ

രാവിനെ പ്രണയിക്കുമാ മലർക്കൊടിയെ.......!

Friday, December 4, 2015

പുതിയ ആകാശം കാത്ത്

പുതിയ ആകാശം കാത്ത്
......................................................
മനസ്സൊരു
 ശ്മശാനം പോലെ...
ഗതി കിട്ടാതലയുന്ന 

ഓർമ്മകൾ..
അഴലിലുഴലുന്ന 

ഏഴകൾതൻ
തേങ്ങലുകൾ

 നിറയുന്നു ചുറ്റിലും....
കരിന്തിരി 

കത്തുന്നു നാളങ്ങൾ
കല്മഷം കാറ്റിൽ.....
പറയാതെയറിയാതെ 

പോയവരെത്രയോ.....
തല തല്ലിക്കരയുന്ന
തിരയുടെ ദുഃഖങ്ങൾ 

കരതേടിയലയുന്നു.
ആർദ്രമാം മിഴികളിൽ

 രാഗാർദ്ര ഭാവം.. 
തോരാത്ത നയനങ്ങൾ
തീരാത്തനോവുകൾ......
കാത്തിരിപ്പൂ ..

പുതിയൊരാകാശം....

Thursday, December 3, 2015

ചെറു കവിതകള്‍

രസമുണർത്തുന്ന കുട്ടിഫോണുകൾ
കൂട്ടിലടക്കുന്നുവോ...
കുടുംബബന്ധങ്ങളെ!!

പ്രണയപ്പനിയിൽ വിറക്കുന്നു
'പച്ചവെളിച്ച'ങ്ങൾ,
ഇരുട്ടിലുയരുന്നു തേങ്ങലുകൾ.


എത്തിനോക്കുന്നു പടിവാതിലിലൂടെ
നങ്ങേലിപ്പെണ്ണ്,
വാരിവിതറുന്നു ഗോതമ്പുമണികൾ


വാരിപുണർന്നപ്പോൾഅറിഞ്ഞിരുന്നില്ല
വാരിയെല്ലൊടിക്കാനാണെന്ന്..
ഇതളടർന്ന പൂക്കൾ!!


പുലർ മഞ്ഞിൽ 
ഉണരാൻ മടിച്ചു അർക്കൻ.
നിശ്ശബ്ദവീഥികൾ!!


കോടമഞ്ഞിനു പുതപ്പുനെയ്യുന്നു
വെള്ളിനൂലുകൾ,
ഒളിച്ചുകളിക്കുന്നു മലനിരകൾ


ഹൃദയത്തിൽ നന്മയുടെ വെളിച്ചമില്ലാത്തവർക്ക് 
കാഴ്ചയുണ്ടായിട്ട് എന്ത് ഫലം!!
ക്ലാവ് പിടിച്ച നാണയങ്ങൾ ..



താലോലിക്കാൻ സഖിമാരനേകമെങ്കിലും
താങ്ങാവാൻ തന്‍ പാതി മാത്രമെന്നും.
വിദൂരകാഴ്ചകൾ!!


ഭയമില്ലാതെത്ര നടന്നു 
ഊടുവഴികളിലൂടെയിരുളിലും.. 
ഭയമേകുന്നിന്നു നടക്കാന്‍
പകല്‍പ്പോലും പൊതുവഴികളില്‍ .


കഥയറിയാതെയുറങ്ങുന്ന
 പൈതലിന്‍ മുഖംനോക്കി ,
കദനമുള്ളിലൊതുക്കു-

ന്നൊരമ്മതന്‍ മിഴികളില്‍ 
ഭയത്തിന്‍ നിഴല്‍പ്പൂക്കള്‍

 വിടരുന്നതറിഞ്ഞിട്ടും 
പകലോനെന്തേ 

മറയുന്നൊന്നു മറിയാതെ...

ദുഷ്ക്കരമീ ജീവിത പാതയെങ്കിലും 
നിഷ്ഠൂര൦ തള്ളിക്കളയണ൦ തിന്മയെ ..
നഷ്ടബോധ൦ വരില്ലൊരു നാളിലും

 വ്യർത്ഥമാകില്ല സത്യവു൦ നന്മയു൦ !!

ചുരുള്‍മുടിയഴിച്ചാടുന്ന വാനം ....
ഉണ്ണിക്കൈയിൽ കടലാസു തോണി....
പൊന്നിൻകുടത്തെ 
വാരിയെടുത്തുമ്മവയ്ക്കുന്ന
അരയത്തിപ്പെണ്ണ്.....
ആർദ്രമാം കണ്ണുകൾ.
തേടുന്നു ദൂരെയൊരാൾരൂപം
കടലിന്നലിവു തേടിപ്പോയ തൻ പ്രാണനെ..

.ദീപനാളവുമായി
മൂവന്തി പ്പെണ്ണ്‍.
കൂടണയുന്ന കിളികള്‍!

മതഭ്രാന്തിൻ വലയിൽക്കുടുങ്ങി
ഒടുങ്ങിപ്പോകുന്നു നിഷ്ക്കളങ്ക
ബാല്യങ്ങൾ;നാളേയ്ക്കുവെളിച്ച
മാവേണ്ടോർ,നാട്ടിൽ സ്നേഹം
വിതച്ചു വിളവെടുക്കേണ്ടോർ.....
യുവത്വമേ,
തിരിച്ചറിവു നേടുക
നാടിൻ അഭിമാനമാവുക........

ഇളംകാറ്റ് തലോടവേ 
മുളങ്കാടിനു നാണം
പ്രണയഭാവപ്പകർച്ച.

പൊന്നിലിട്ടാലു൦ നൂലിലിട്ടാലു൦ 
മണവാട്ടിപെണ്ണിന്‍ മനസ്സിൽ 
മ൦ഗല്യസൂത്രത്തിനു മധുര൦ മാത്ര൦ !!


Sunday, November 15, 2015

എന്റെ മനസ്സിലെ ചെറു ചിന്തകൾ..

മിഴിനീർമങ്ങലിലും
തെളിയുന്നു നിൻമുഖം;
തെളിനിലാവു പോൽ...!


അലയടിക്കുന്ന അഴലിലുഴലുന്നു 
അക൦ പൊള്ളയായ ചില ജന്മങ്ങൾ..
ആളിക്കത്തുന്ന തീക്കുണ്ഡങ്ങൾ!


കടുംചൂടിൽചുട്ടുപൊള്ളുമ്പോഴും
നോക്കിച്ചിരിക്കുന്നു ശംഖുപുഷ്പം;
ആർദ്രമാം കണ്ണുകൾ........


വേനൽമഴയും കാത്തൊരു
കണിക്കൊന്ന ;പൂക്കാനൊരുങ്ങുന്നു;
കത്തിപ്പടരുന്നു വേനൽചൂട്!!

മക്കളെത്ര വലുതായാലു൦ 
മാതാ പിതാക്കളുടെയുള്ളിലെന്നു൦ 
വാൽസല്യ താരാട്ട്!!

കാറ്റിന്റ്റെ വേഗതയിൽ
പടരു
ന്ന നുണകൾ ചിതയിലെ കനലിൽ
എരിഞ്ഞൊടുങ്ങുമോ?

ദീപ പ്രഭയാൽ ജ്വലിക്കട്ടെ 
സത്യവും നന്മയും ..
എരിഞ്ഞ് തീരട്ടെ തിന്മകൾ
താള൦ തെറ്റിയ മനസ്സിനുളളിൽ
താണ്ഡവമാടുന്നു ചിന്തകൾ ...
ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ
കടം കൊണ്ട
ചിരിയിൽ വിരിയുന്നൂ 
കദനപ്പൂക്കൾ !!
ആൽമരച്ചോട്ടിൽ കുറുകുന്നു 
രണ്ടു 'അമ്പലപ്രാവു'കൾ... 
ചന്ദനഗന്ധം കാറ്റില്‍ .......!
ചുറ്റു മതിൽ കെട്ടിയിട്ടും
പടർന്നു കയറുന്നു ..
ചതിയുടെ മുൾപ്പടർപ്പുകൾ !
മറവിയുടെ മാറാല പിടിക്കാതെ 
കൊതിയൂറും രുചിയുമായി 
വാഴയിലയിലെ പൊതിചോറ് .
നിരസിക്കുന്നവർക്കായി
വച്ചുനീട്ടുന്നതിനെക്കാൾ നല്ലതു
വിശക്കുന്നവർക്കായി വിളമ്പുന്നതാണ്
നിൻ പാതിയല്ലെങ്കിലും
അറിയുന്നു ഞാനാ മനം
തഴുകുന്ന സൗഹൃദ തെന്നലായി..
കാരുണ്യമില്ലാത്തവരുടെ മുന്നിൽ
കനിവിനായ് കേഴരുത്.
നിശബ്ദ തേങ്ങലുകൾ!!
കണ്ണീരൊലിക്കുന്ന 
കഥകളുമായ് ചുമർചിത്രങ്ങൾ.
മങ്ങിയ കണ്ണുകൾ.!
ആർഭാടം വിളമ്പുന്നു
'അക്ഷയപാത്രങ്ങൾ'..
അർഹതപ്പെട്ടവർ പട്ടിണിയിൽ
കരഞ്ഞൊടുങ്ങാനല്ല പെണ്ണേ...
കരുത്തുനേടാനാണു പുലരികള്‍ 
നിനക്കായ് ചിരിച്ചുനിൽക്കുന്നത്.
തമ്മിൽ കാണാത്ത ഭൂതത്തിനും
ഭാവിക്കുമിടയിൽകിടന്നു 
ഞരുങ്ങുന്നു..വർത്തമാനകാലം!!
മുങ്ങിപ്പോകുന്നതറിയാതെ 
ജീവിത നൗക തുഴയുന്നു ...
സ്വപ്ന സഞ്ചാരികൾ !!
സ്നേഹപൂക്കളാൽ.. അർച്ചനനടത്തി 
ഹൃദയത്തിൽ പൂജിക്കാം നിന്നെ ഞാൻ.
പ്രണയോപഹാരങ്ങൾ!!
കാലുകൊണ്ട്‌ തട്ടുന്നവർ 
ഇന്നൊരു ദിനം കൈകൊണ്ട്
പൂജിക്കുന്നു ....കന്യാപൂജ
അസത്യങ്ങൾക്കൂ നിറമേറിയാലും
സത്യങ്ങൾക്കുഒളിമങ്ങില്ലൊരിക്കലും.
മായാകാഴ്ചകൾ....
ലഹരിയേതായാലും അധികമായാൽ
അടിയൊഴുക്കിൽപെടുന്നു
ജീവിതങ്ങൾ....
വിലമതിക്കാനാകാത്തതെന്നു
വീമ്പിളക്കിയാലും
വിലകുറഞ്ഞതാണു ചില ചിത്രങ്ങൾ..
ഒന്നു പിണങ്ങിയിണങ്ങുമ്പോൾ
എൻ പ്രണയമേ ... ഏഴഴകിൽ വിരിഞ്ഞ 
സ്വർഗ്ഗ വൃന്ദാവനമോ നീ !!
മരുക്കാട്ടിൽ കൊയ്യുന്ന വിളകൾ
മനകോട്ടകൾ കെട്ടി
മലനാട്ടിലേക്ക് ഒഴുകുന്നു മോഹങ്ങളായി ..
ആർഭാടം വിളമ്പുന്നു
'അക്ഷയപാത്രങ്ങൾ'..
അർഹതപ്പെട്ടവർ പട്ടിണിയിൽ...
അപരചിത്തത്തിലേക്കുചതിചൂണ്ട,
സ്വാർത്ഥജന്മങ്ങൾക്കു
ഉന്മാദലഹരി.





കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...